
പേരാവൂര്‍(കണ്ണൂര്‍): ഡിഫ്തീരിയ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മണത്തണ കല്ലടിമുക്ക് കുന്നോത്ത് കൂലേത്ത് ഉദയകുമാര്‍-തങ്കമണി ദമ്പതികളുടെ മകള്‍ ശ്രീപാര്‍വതി(14) ആണ് മരിച്ചത്. പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 10ന് സ്കൂളില്‍ നിന്നു വിനോദയാത്ര പോയി വന്നശേഷമാണ് ശ്രീപാര്‍വതിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പനിയും ചുമയും കൂടുതലായതിനാല്‍ പേരാവൂരിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതോടെയാണ് കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചു. ആദര്‍ശ് ഏക സഹോദരനാണ്. ഇന്നലെ ഉച്ചക്ക് 12 മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം ഒരു മണിയോടെ മണത്തണ വളയങ്ങട്ടെ തറവാട്ട് വളപ്പില്‍ സംസ്കരിച്ചു.
ജില്ലയില്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ഷങ്ങള്‍ക്കുശേഷമാണ്.