2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡല്‍ഹി പിടിക്കാന്‍ ഉത്തര്‍പ്രദേശിലേക്ക്

എന്‍. അബു

അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇപ്പോഴേ തുടങ്ങിയിരിക്കുന്നു. യു.പി പിടിച്ചടക്കണമെന്ന മോഹത്തിലും വാശിയിലുമാണ് ഇരു പാര്‍ട്ടികളും. ഉത്തര്‍പ്രദേശ് ആരു ഭരിക്കുന്നുവോ അവര്‍ ഇന്ത്യ ഭരിക്കുമെന്നാണു പണ്ടുമുതലേയുള്ള ചൊല്ല്.

യുനൈറ്റഡ് പ്രോവിന്‍സ് അഥവാ ഐക്യസംസ്ഥാനം എന്ന പേരോടെയാണ് യു.പിയുടെ പിറവി. പിന്നീട് ഉത്തര്‍പ്രദേശ് എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു. 20 കോടി ജനങ്ങള്‍ അധിവസിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ നാനൂറില്‍പ്പരം നിയോജകമണ്ഡലങ്ങളുള്ള ഈ പ്രദേശത്തിന്റെ പ്രാമുഖ്യത്തിന് ഒട്ടുംകുറവില്ല. 80 ലോക്‌സഭാ സീറ്റുള്ള സംസ്ഥാനമെന്നതു മാത്രമല്ല, ഡല്‍ഹി ഭരിക്കാനുള്ള യു.പിയുടെ യോഗ്യത നിര്‍ണായകമാക്കുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൊടിയടയാളം നോക്കാതെതന്നെ പറയാം, ഒരുപാടു ദേശീയനേതാക്കളെ സംഭാവനചെയ്ത പ്രവിശ്യയാണിത്.
പ്രധാനമന്ത്രിമാര്‍തന്നെ എത്രയെത്ര ! പണ്ഡിറ്റ് നെഹ്‌റു, ഗുല്‍സാരി ലാല്‍ നന്ദ, ഇന്ദിരാഗാന്ധി, ചരണ്‍സിങ്, രാജീവ്ഗാന്ധി, വി.പി സിങ്, ചന്ദ്രശേഖര്‍, നരസിംഹറാവു, എ.ബി വാജ്‌പേയ്, ഐ.കെ ഗുജ്‌റാള്‍ എന്നിവര്‍. യു.പിക്കു വെളിയില്‍നിന്ന് ആ പദവിയിലെത്തിയവര്‍ ഒരു മൊറാര്‍ജി ദേശായിയും ദേവഗൗഡയും മന്‍മോഹന്‍സിങും, നരേന്ദ്രമോദിയും മാത്രമാണ്.

140 വര്‍ഷം പിന്നിട്ട കോണ്‍ഗ്രസ് പാര്‍ട്ടി മുതല്‍ ബി.ജെ.പി ആയി പുനര്‍ജനിച്ച ഭാരതീയ ജനസംഘം വരെ ഡസന്‍കണക്കിനു രാഷ്ട്രീയപാര്‍ട്ടികള്‍ അങ്കത്തട്ടൊരുക്കിയ സംസ്ഥാനമാണിത്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ജനതാപാര്‍ട്ടിയും, സ്വതന്ത്രപാര്‍ട്ടിയുമൊക്കെ ശക്തികാണിച്ചശേഷം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്ക്കുപോവുന്നതും നമുക്കവിടെ കാണാന്‍ കഴിഞ്ഞു.

അടുത്തവര്‍ഷം മധ്യത്തോടെ മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണു യു.പി. കോണ്‍ഗ്രസും ബി.ജെ.പിയും മാത്രമല്ല, ആര്‍.ജെ.ഡിയും ലോക്ദളും ബി.എസ്.പിയുമൊക്കെ സജീവമായി രംഗത്തുണ്ട്. മുന്നണിയുണ്ടാക്കി ഭരണംപിടിക്കാന്‍ ബി.ജെ.പി ശ്രദ്ധിക്കുമ്പോള്‍ എതിര്‍മുന്നണിക്കു രൂപംനല്‍കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ പാളുന്നതും അവിടെ കാണുന്നു. ഹിന്ദിയും ഉറുദുവും സംസാരിക്കുന്ന സംസ്ഥാനത്ത് ഇന്നും പാര്‍ട്ടികള്‍ക്കൊരു ക്ഷാമവുമില്ല. മുന്‍പറഞ്ഞ കക്ഷികള്‍ക്കു പുറമെ സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയലോക്ദള്‍, രാഷ്ട്രീയക്രാന്തിദള്‍, ലോക് താന്ത്രിക് കോണ്‍ഗ്രസ്, ഹിന്ദുമഹാസഭ തുടങ്ങിയ കക്ഷികളുമുണ്ട്. അവരില്‍നിന്നൊക്കെ തെറ്റിപ്പിരിഞ്ഞ വിമതപാര്‍ട്ടികളും സജീവം.

നിയമസഭയ്ക്കു പുറമേ നൂറ് അംഗങ്ങളുള്ള ലെജിസ്ലേറ്റിവ് കൗണ്‍സിലും, 31 രാജ്യസഭാ സീറ്റുകളുമുള്ളതിനാല്‍ ഭരണച്ചെങ്കോല്‍ പിടിക്കാന്‍ സ്ഥാനമോഹികള്‍ക്കു വകയേറെയാണ്. ബംഗാളിലും അസമിലും കൈപൊള്ളിയ കോണ്‍ഗ്രസിനു പാരമ്പര്യം പറഞ്ഞാലൊന്നും ഇനി രക്ഷയില്ല. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പുറംതള്ളാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുചേര്‍ന്നിട്ടും ബംഗാളില്‍ കാര്യമായൊന്നും ചെയ്യാനൊത്തില്ല. അസമിലാകട്ടെ, ആദ്യമായി ബി.ജെ.പി അധികാരത്തില്‍ കയറിയതു നോക്കിനില്‍ക്കേണ്ടിവന്നു. അതില്‍നിന്നൊന്നും പാഠംപഠിച്ചില്ലെന്നവണ്ണമാണ് ഗുലാംനബി ആസാദിനെയും കമല്‍നാഥിനെയും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു പ്രമുഖസംസ്ഥാനങ്ങളുടെ ചുമതലയേല്‍പ്പിച്ചത്.

അലഹാബാദില്‍ ഉന്നതാധികാരസമിതി യോഗം ചേര്‍ന്നു ബി.ജെ.പി രഥമുരുട്ടാനുള്ള തീവ്രശ്രമം തുടങ്ങിക്കഴിഞ്ഞു. സെപ്റ്റംബറില്‍ കോഴിക്കോട്ടു സമ്മേളിച്ചു കൂടുതല്‍ വ്യക്തമായ രൂപരേഖ തയാറാക്കാനും തീരുമാനിച്ചിരിക്കുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദിനെ ചുമതലക്കാരനാക്കി നിര്‍ത്തി ഉത്തര്‍പ്രദേശ് തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് പരിപാടി.

മുന്‍കോണ്‍ഗ്രസ് നേതാവായ വി.പി സിങായിരുന്നല്ലോ കുറേ കക്ഷികളെയും വിമതരെയും കൂട്ടുപിടിച്ചു കോണ്‍ഗ്രസിനെ പുറംതള്ളിയത്. പഞ്ചാബിലും ഹരിയാനയിലും മൂവര്‍ണക്കൊടി വിജയ വൈജയന്തിയാക്കി മാറ്റാന്‍ എ.ഐ.സി.സി നീക്കം തുടങ്ങിയിട്ടുണ്ട്. മുന്‍കേന്ദ്രമന്തിയായ എ.ഐ.സി.സി സെക്രട്ടറി കമല്‍നാഥിന്, പഴയ പഞ്ചാബ് കലാപത്തിന്റെപേരില്‍, പഞ്ചാബ് ദൗത്യം ഇട്ടെറിഞ്ഞു പോവേണ്ടിവന്നിരിക്കുന്നുവെന്നതു പുതിയ വാര്‍ത്ത. എങ്കിലും കഴിഞ്ഞ ഏതാനും കാലമായി കോണ്‍ഗ്രസിന്റെ മധ്യസ്ഥശ്രമങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും സജീവനേതൃത്വം നല്‍കിവരുന്ന ഗുലാംനബി ആസാദിനെു പ്രതീക്ഷ അസ്തമിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ശുഭാപ്തിവിശ്വാസം എത്രത്തോളം സഫലമാകുമെന്നു വരാനിരിക്കുന്ന ആഴ്ചകള്‍ നിര്‍ണയിക്കും. പ്രതേകിച്ചും കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അരഡസനോളം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ യു.പിയില്‍ കൂറുമാറി വോട്ടുചെയ്തു എന്നറിയുമ്പോള്‍.

നിയമസഭാ തെരഞ്ഞെടുപ്പിനുമുന്‍പ് അയോധ്യയിലെ ശ്രീരാമക്ഷേത്രനിര്‍മാണ കാര്യത്തില്‍ തീരുമാനം വേണമെന്നു തീവ്രഹിന്ദുത്വവാദികള്‍ ശഠിച്ചുനില്‍ക്കുകയാണ്. ബി.ജെ.പി നേതാവായ കല്യാണ്‍സിങ് മുഖ്യമന്ത്രിയായി വാഴവേയാണ് അഞ്ഞൂറുവര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദ് 1992 ല്‍ തകര്‍ന്നത്. എല്‍.കെ അദ്വാനി പാര്‍ട്ടി തലപ്പത്തിരിക്കേ, ആയുധധാരികളായ കര്‍സേവകര്‍ ഒറ്റനാള്‍കൊണ്ടു തകര്‍ത്തെറിഞ്ഞ മസ്ജിദിന്റെ സ്ഥാനത്തു ക്ഷേത്രംപണിയാന്‍ അനുമതി നല്‍കണമെന്നാണു വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. തര്‍ക്കപ്രദേശമെന്നു പ്രഖ്യാപിക്കപ്പെട്ട സ്ഥലത്ത് ഒരു സുപ്രഭാതത്തില്‍ വിഗ്രഹം സ്ഥാപിക്കുകയും പിന്നാലെ മുഖ്യമന്ത്രി കല്യാണ്‍സിങ് വി.എച്ച്.പിക്ക് 32 ഏക്കര്‍ ഭൂമി അനുവദിക്കുകയും ചെയ്തതാണു പ്രശ്‌നം ആളിക്കത്താന്‍ കാരണമായത്.

കേസ് സുപ്രിം കോടതിയിലെത്തിനില്‍ക്കുന്നു. തല്‍സ്ഥിതി തുടരാനാണ് ഇടക്കാല വിധി. ഇന്നത്തെ നിലയില്‍ കേസുതീരാന്‍ പത്തുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നു പറഞ്ഞത് ചീഫ് ജസ്റ്റിസ് തീര്‍ഥാസിങ് താക്കൂര്‍ ആണ്. വി.എച്ച്.പി പറയുന്നതു ക്ഷേത്രംപണിയാനുള്ള ശിലകള്‍ 90 ശതമാനവും തയാറായിക്കഴിഞ്ഞുവെന്നാണ്. ഡിസംബര്‍ 31 നപ്പുറം കാത്തിരിക്കാന്‍ തയാറല്ലെന്നു വി.എച്ച്.പി ജനറല്‍ സെക്രട്ടറി ചംപത് രാജ് പറയുന്നു. കോടതിവിധിക്കു കാത്തുനില്‍ക്കാതെ പാര്‍ലമെന്റ് ഈ പ്രശ്‌നം ചര്‍ച്ചചെയ്ത് അനുമതി നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതൊരു രാഷ്ട്രീയപ്രശ്‌നമല്ലെന്നും നീതിന്യായപ്രശ്‌നമാണെന്നും അതിനാല്‍ത്തന്നെ കേന്ദ്രസര്‍ക്കാരിന് ഇതിലിടപെടാന്‍ കഴിയില്ലെന്നും ബി.ജെ.പിയുടെ മുസ്്‌ലിം മുഖമായ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറയുന്നുണ്ട്. ന്യൂനപക്ഷങ്ങളെ ഇപ്പോള്‍ പ്രകോപിപ്പിക്കേണ്ടെന്നു ബി.ജെ.പിയില്‍ ഒരു വലിയ വിഭാഗം കരുതുന്നുമുണ്ടാകും. എങ്കിലും ഗോവധ നിരോധം ദേശവ്യാപകമാക്കണമെന്നും ഗീതാപഠനം വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കണമെന്നുമൊക്കെയുള്ള ബി.ജെ.പി അജന്‍ഡ നിലനില്‍ക്കുന്നുണ്ട്. ഘര്‍വാപസി എന്ന പേരില്‍ മതംമാറ്റ ക്യാംപുകള്‍ നടത്തിയതു മുതല്‍ അതാരംഭിച്ചതുമാണ്.

1984 ല്‍ ആകെ രണ്ടംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പി 1989 ല്‍ 88 സീറ്റുകളുള്ള കക്ഷിയായി ലോക്‌സഭയില്‍ വളര്‍ന്നതും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരമേറിയതും ജനപിന്തുണയോടെയാണെന്ന പാര്‍ട്ടി വാക്താക്കള്‍ പറയുന്നുണ്ടെന്നതു നേര്. ഇന്നു ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടി കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം മെമ്പര്‍മാരുള്ള രാഷ്ട്രീയകക്ഷി തങ്ങളുടേതാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും അവകാശപ്പെടുന്നുണ്ട്. എന്നാല്‍, 2014 ല്‍ യു.പിയിലെ 80 ലോക്‌സഭാ സീറ്റില്‍ 71 ലും ജയിച്ച പാര്‍ട്ടി കഴിഞ്ഞവര്‍ഷം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിയുകയാണു ചെയ്തത്. മോദിയുടെ സ്വന്തംമണ്ഡലമായ വാരാണസിയില്‍പ്പോലും 58 ല്‍ 50 ലും പരാജയം.

ഇതിന്റെയൊക്കെ വെളിച്ചത്തിലാണ് രണ്ടാഴ്ച മുന്‍പ് അലഹാബാദില്‍ യോഗം ചേര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഭാവിപരിപാടികള്‍ക്ക് തുടക്കമിട്ടത്. ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ പശുവിറച്ചി സൂക്ഷിച്ചതിന്റെ പേരില്‍ തല്ലിക്കൊല്ലുകയും സഹ്‌റാന്‍പൂരിലേയ്ക്കു പശുക്കളെ കടത്തുന്നുവെന്നാരോപിച്ച് നുഅ്മാന്‍ എന്ന ചെറുപ്പക്കാരനെ ഓടിച്ചുപിടിച്ച് എറിഞ്ഞുകൊല്ലുകയും ചെയ്തത് ജനം മറന്നിട്ടില്ല. ദലിതരെ കൈവിട്ടു ബ്രാഹ്്മണവംശജരെ ഒപ്പംകൂട്ടാനുള്ള പുതിയശ്രമമാണിപ്പോള്‍ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. ഈ നീക്കം കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 543 അംഗ ലോക്‌സഭയില്‍ ഒരു കാലത്ത് നാന്നൂറോളം എം.പിമാരെ തെരഞ്ഞെടുത്തയയ്ക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസ് കഴിഞ്ഞ ഇലക്ഷനില്‍ 44 ല്‍ ഒതുങ്ങിപ്പോയതിന്റെ രഹസ്യം ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റായ പ്രശാന്ത് കിഷോര്‍ കണ്ടെത്തിയിട്ടുണ്ട്.

ന്യൂനപക്ഷങ്ങളെയും ദലിതരെയുമെന്നപോലെ സംവരണത്തിന്റെ പേരില്‍ അകറ്റിനിര്‍ത്തപ്പെട്ട ബ്രാഹ്്മണരെയും ഒപ്പംകൂട്ടണമെന്നാണ് ഇതേവരെ ബി.ജെ.പിയെ സഹായിച്ചുപോന്ന പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പതിനഞ്ചുവര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാദീക്ഷിത് യു.പി തെരഞ്ഞെടുപ്പില്‍ മുന്നില്‍നിന്നു നയിച്ചാല്‍ പാര്‍ട്ടിയെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കിഷോര്‍ തെര്യപ്പെടുത്തിയിരിക്കുകയാണ്. 403 അംഗ ഉത്തര്‍പ്രദേശ് അസംബ്ലിയില്‍ 30 എം.എല്‍.എമാര്‍ മാത്രമുളള കോണ്‍ഗ്രസിനു പഴയശക്തിയിലേയ്ക്കു തിരിച്ചുവരാന്‍ കഴിയുമെന്നു കിഷോര്‍ പറയുമ്പോള്‍ മുന്നണി അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിക്കും മുന്‍മുഖ്യമന്ത്രി മായാവതിയുടെ ബി.എസ്.പിക്കും അത് കുറേയൊക്കെ സമ്മതിക്കേണ്ടിവരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.