
ട്വിറ്റർ വിഷയത്തിൽ ശതകോടീശ്വരൻ ഇലോൺ മസ്ക് നടത്തിയ പുതിയ പ്രതികരണങ്ങൾ അദ്ദേഹം കമ്പനിയേറ്റെടുക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നു.
ആകെയുള്ള ട്വിറ്റർ അക്കൗണ്ടുകളിൽ അഞ്ചുശതമാനത്തിൽ താഴെ മാത്രമാണ് സ്പാം, ബോട്ട് അക്കൗണ്ടുകളെന്ന വാദത്തിന് തെളിവ് കാണിക്കുന്നതുവരെ കമ്പനി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടുപോകില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചതോടെയാണിത്.
ട്വിറ്റർ അക്കൗണ്ടുകളിൽ അഞ്ചുശതമാനത്തിൽ താഴെ മാത്രമാണ് വ്യാജ അക്കൗണ്ടുകളെന്ന് തെളിയിക്കാൻ കഴിഞ്ഞദിവസം ട്വിറ്റർ സി.ഇ.ഒ പരാഗ് അഗ്രവാൾ വിസമ്മതിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം തെളിയിക്കുന്നതുവരെ ഏറ്റെടുക്കൽ നടപടി നിർത്തിവയ്ക്കുന്നതായി മസ്ക് സൂചന നൽകിയത്.
ട്വിറ്ററിലെ ആകെ അക്കൗണ്ടുകളിൽ 20 ശതമാനവും വ്യാജമാണെന്നും അതിനാൽ കമ്പനി അവകാശപ്പെടുന്നതിനേക്കാൾ മോശമായ കാര്യത്തിന് അതേ വില നൽകാനാവില്ലെന്നുമാണ് മസ്ക് പറയുന്നത്. എന്നാൽ, ഇത് അഞ്ചുശതമാനത്തിലും താഴെ മാത്രമാണെന്നാണ് ട്വിറ്ററിന്റെ നിലപാട്. 3.67 ലക്ഷം കോടി രൂപയ്ക്ക് (4,400 കോടി ഡോളർ) ട്വിറ്റർ കമ്പനി ഏറ്റെടുക്കാൻ ഏപ്രിലിലാണ് മസ്ക് കരാറിൽ ഒപ്പുവച്ചത്.