
ന്യൂഡല്‍ഹി: എയര്‍ ഹോസ്റ്റസുമാരുടെ പിന്നാലെ ട്രെയിന്‍ ഹോസ്റ്റസുമാര്‍ വരുന്നു. വിമാനങ്ങളിലുള്ളതുപോലെ ട്രെയിനുകളിലും ഹോസ്റ്റസുമാരെ പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
ആദ്യപടിയെന്ന നിലയില്‍ ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് പുറപ്പെടുന്ന ഗതിമാന്‍ എക്സ്പ്രസ് ട്രെയിനില്‍ ട്രെയിന്‍ ഹോസ്റ്റസുമാരെ പരീക്ഷിക്കും.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ സ്പീഡില്‍ പായുന്ന ഈ ട്രെയിനില്‍ യാത്രക്കാരെ ട്രെയിന്‍ ഹോസ്റ്റസുമാര്‍ സ്വീകരിക്കും. ഒരു റോസാ മൊട്ട് തന്ന് സ്വീകരിക്കുമ്പോള്‍ അകമ്പടിയായി അകത്തളത്തില്‍ സംഗീതവും മുഴങ്ങും.
അടുത്ത മാസം മുതലാണ് ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ഗതിമാന്‍ എക്സ്പ്രസ് സര്‍വീസ് തുടങ്ങുക.
ഫെബ്രുവരി 25ന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭുവിന്റെ റെയില്‍വേ ബജറ്റില്‍ ഇതുള്‍പ്പെടെയുള്ള കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.