2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

ട്രെയിന്‍യാത്ര കേരളത്തില്‍ സുരക്ഷിതമല്ല


രണ്ടുമാസത്തിനിടെ രണ്ടു ട്രെയിന്‍ അപകടമുണ്ടായതില്‍നിന്നു ട്രെയിന്‍യാത്ര കേരളത്തില്‍ സുരക്ഷിതമല്ലെന്ന യാഥാര്‍ഥ്യമാണു വെളിപ്പെടുന്നത്. ഓഗസ്റ്റ് 28നാണ് തിരുവനന്തപുരം- മംഗലാപുരം എക്‌സപ്രസ് അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ പാളംതെറ്റിയത്. കഴിഞ്ഞദിവസവും പാളംതെറ്റല്‍ ആവര്‍ത്തിച്ചു. അതൊരു പാസഞ്ചര്‍ വണ്ടിയാകാതിരുന്നതു ഭാഗ്യമാണെന്നേ പറയേണ്ടതുള്ളു.

കറുകുറ്റി അപകടത്തെതുടര്‍ന്നു താറുമാറായ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുന്നതിനിടെയാണു കരുനാഗപ്പള്ളിക്കടുത്തു ചരക്കുവണ്ടി പാളംതെറ്റിയത്. പാളങ്ങള്‍ പുനഃസ്ഥാപിച്ചെങ്കിലും ഗതാഗതം സാധാരണനിലയിലാകാന്‍ ഇനിയും ദിവസങ്ങളേറെയെടുക്കുമെന്നാണ് അറിയുന്നത്. ഇനിയുള്ള  യാത്രയും സുരക്ഷിതമാകുമോയെന്ന് ഇപ്പോഴും റെയില്‍വേയ്ക്ക് ഉറപ്പു പറയാനാകുന്നില്ല.

സംസ്ഥാനത്തെ റെയില്‍പ്പാളങ്ങളില്‍ പലതും വിള്ളല്‍വീണവയും ബോഗികളില്‍ പലതും പഴഞ്ചനും പൊട്ടിപ്പൊളിഞ്ഞവയുമാണ്. ഓരോ പ്രാവശ്യവും റെയില്‍വേ ബജറ്റ് അവതരിപ്പിക്കപ്പെടുമ്പോള്‍ കേരളത്തെ അവഗണിക്കുന്നതില്‍ കേന്ദ്രത്തില്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഒറ്റക്കെട്ടാണ്. കേരളത്തില്‍നിന്നു പോകുന്ന എം.പിമാര്‍ക്കാകട്ടെ ഈ പ്രവണത അവസാനിപ്പിക്കാന്‍ കഴിയുന്നില്ല. പ്ലക്കാര്‍ഡുയര്‍ത്തി അവഗണനയ്‌ക്കെതിരേ പതിവ് പ്രതിഷേധങ്ങള്‍ നടത്തിയതുകൊണ്ടു പ്രയോജനവുമില്ല.

മറ്റുള്ള സംസ്ഥാനങ്ങള്‍ക്കു റെയില്‍വേ വാരിക്കോരി കൊടുക്കുമ്പോള്‍ കേരളത്തിന് ലഭിക്കുന്നതെന്താണ്. ഓടുന്ന ട്രെയിന്‍ അടുത്ത സ്റ്റേഷനിലേയ്ക്കു നീട്ടാനോ പുതുതായി ഏതാനും ബോഗി അനുവദിക്കാനോ മാത്രമാണു കേന്ദ്രസര്‍ക്കാര്‍ കനിയാറുള്ളത്. കേരളത്തിനായി പ്രത്യേക റെയില്‍വേ സോണ്‍ നേടിയെടുക്കുകയെന്നതായിരിക്കണം ഇനിയുള്ള ലക്ഷ്യം.

കരുനാഗപ്പള്ളിയില്‍ ചരക്കുവണ്ടി പാളംതെറ്റുന്നതിന്റെ 20 മിനിറ്റ് മുന്‍പാണു കണ്ണൂര്‍ എക്‌സ്പ്രസ് കടന്നുപോയത്. 15 മിനിട്ടിനുശേഷം വരേണ്ടിയിരുന്ന അമൃത-രാജ്യറാണി എക്‌സ്പ്രസും ഇതേ പാളത്തിലൂടെയായിരുന്നു പോകേണ്ടിയിരുന്നത്. യാത്രാട്രെയിനുകള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുമ്പോഴായിരുന്നു പാളം തെറ്റുന്നതെങ്കില്‍ അതെത്ര ഭീകരവും ദയനീയവുമാകുമായിരുന്നുവെന്ന് ഓര്‍ക്കുക. ഓണം, പെരുന്നാള്‍ അവധികള്‍ കഴിഞ്ഞു നിരവധികുടുംബങ്ങളാണ് അവരവരുടെ ജോലിസ്ഥലങ്ങളിലേയ്ക്കു  മടങ്ങിക്കൊണ്ടിരുന്നത്.

അടിക്കടിയുണ്ടാകുന്ന ട്രെയിനപകടങ്ങള്‍ അട്ടിമറിമൂലമാണെന്ന സംശയത്തിലൂന്നി നിസംഗത പാലിക്കേണ്ടവരല്ല റെയില്‍വെ അധികൃതര്‍. ഓരോ ട്രെയിന്‍ അപകടമുണ്ടാകുമ്പോഴും പ്രഹസനമെന്ന നിലയ്ക്കാണ് അന്വേഷണകമ്മിഷനുകളെ നിയോഗിക്കുന്നത്. അന്വേഷണഫലം പലപ്പോഴും പ്രകൃതിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരിക്കും. ഒന്നുകില്‍ ചുഴലിക്കാറ്റ്, അല്ലെങ്കില്‍ കായലിലെ തിരയിളക്കം.  

സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ നാലു ട്രെയിനപകടമുണ്ടായി. ഈ അപകടങ്ങളെക്കുറിച്ചു വ്യക്തമായ കാരണങ്ങള്‍ നിരത്താന്‍ ഇതുവരെ റെയില്‍വേയ്ക്കായിട്ടില്ല. തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ് കുറുകുറ്റിയില്‍ പാളംതെറ്റിയപ്പോള്‍ പഴിമുഴുവന്‍ താഴെത്തട്ടിലുള്ള എന്‍ജിനീയര്‍മാര്‍ക്കായിരുന്നു. ഉന്നതോദ്യോഗസ്ഥര്‍ കൈകഴുകി തടിതപ്പി. തിരുവനന്തപുരം- ഷൊര്‍ണ്ണൂര്‍ റെയിലുകള്‍ക്കിടയില്‍ 202 സ്ഥലങ്ങളില്‍ പാളങ്ങളില്‍ വിള്ളലുകലുണ്ടെന്ന് എന്‍ജിനീയര്‍മാര്‍ ഉന്നതോദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതാണ്.

പരിഹാരനടപടികളൊന്നും റെയില്‍വേ എടുത്തില്ല. താഴെത്തട്ടിലുള്ള എന്‍ജിനീയര്‍മാരെയും ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്ത് ഉന്നതര്‍ സ്വന്തം ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോടുന്നതുകൊണ്ടു റെയില്‍വേ ദുരന്തങ്ങള്‍ അവസാനിക്കുകയില്ല. വിള്ളല്‍വന്ന റെയില്‍പ്പാതകള്‍ മാറ്റിയിടേണ്ടതാണെന്ന് എന്‍ജിനീയര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും അനങ്ങാപ്പാറ സ്വീകരിച്ച ഉന്നതര്‍ക്കെതിരേ റെയില്‍വെ ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ല. കുറുകുറ്റിയില്‍ പാളംതെറ്റിയതിന്റെ കാരണമന്വേഷിക്കാനും കേരളത്തിലെ റെയില്‍പ്പാളങ്ങളുടെ അവസ്ഥ പരിശോധിക്കാനും അടിയന്തിരനടപടി സ്വീകരിക്കാനും റെയില്‍വേ ബോര്‍ഡ് അംഗം എ.കെ മിത്തല്‍ സംസ്ഥാനം സന്ദര്‍ശിക്കുമെന്നു പറഞ്ഞിട്ടും വരവൊന്നും ഇതുവരെ കണ്ടില്ല.
റെയില്‍വേ ബോഡ് ചെയര്‍മാന്‍  ഭര്‍തൃഹരി മഹ്താബും കേരളത്തിലെ റെയില്‍വേ ദുരന്തങ്ങളോട് ഉദാസീനനമായ നിലപാടാണു സ്വീകരിക്കുന്നത്. കുറുകുറ്റി അപകടത്തിനു കാരണക്കാരായവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ, ഇതുവരെ നടപടികളൊന്നുമെടുത്തിട്ടില്ല. റെയില്‍വേയിലെ ഉന്നതോദ്യോഗസ്ഥരുടെ കൃത്യവിലോപത്തിലേയ്ക്ക് അന്വേഷണം നീളുമ്പോള്‍ ശിക്ഷാനടപടികള്‍ മരവിക്കുകയാണു പതിവ്. ഏതെങ്കിലും ട്രെയിനപകടങ്ങളില്‍ ഉന്നതോദ്യോഗസ്ഥരെ ശിക്ഷിച്ചതായി ഇതുവരെ അറിയില്ല.

റെയില്‍വേയുടെ പ്രവര്‍ത്തനം സുതാര്യമാണെന്നു പറയാറുണ്ടെങ്കിലും കാര്യങ്ങളെല്ലാം നടക്കുന്നതു രഹസ്യമായിട്ടാണ്. റെയില്‍വേ മന്ത്രാലയത്തിന്റെ പൂര്‍ണാധികാരത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേയില്‍ വകുപ്പുമന്ത്രിമാര്‍ക്കുപോലും കാര്യമായ സ്ഥാനമില്ലെന്നതാണു വസ്തുത. എറണാകുളത്തിനും തിരുവനന്തപുരത്തിനുമിടയില്‍ 15 ഇടങ്ങളില്‍ പാളത്തിനു ബലക്ഷയമുണ്ടെന്നും 30 ഇടങ്ങളില്‍ പാളം മാറ്റിവയ്ക്കണമെന്നുമാവശ്യപ്പെട്ട്  എന്‍ജിനീയര്‍മാര്‍ നേരത്തേതന്നെ മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ടു നല്‍കിയതാണ്. താഴെക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടു നല്‍കിയാല്‍ ബോര്‍ഡ് ചെയര്‍മാന്‍ ഭര്‍തൃഹരി മെഹ്താബിന്റെ മുമ്പിലുള്ള കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ അതു തത്സമയംതെളിയും. എന്നിട്ടും നടപടികളൊന്നുമില്ലാതെപോയി.

യാത്രക്കാരുടെ സുരക്ഷിതത്വത്തിനല്ല റെയിവേ മുന്‍ഗണന നല്‍കുന്നത്; സമയനിഷ്ഠക്കാണ്. സമയനിഷ്ഠ പാലിച്ചാല്‍ മാത്രമേ യാത്രക്കാരുണ്ടാകൂവെന്നും അതുവഴി മാത്രമേ ലാഭമുണ്ടാക്കാന്‍ പറ്റൂവെന്നുമാണ് റെയില്‍വേയുടെ നിലപാട്. കൂടുതല്‍ വണ്ടികള്‍ ഓടിക്കേണ്ടിവരുമ്പോള്‍ സമയനിഷ്ഠ പാലിക്കാന്‍ പ്രയാസപ്പെടുന്ന ജീവനക്കാര്‍ക്കു പാളങ്ങളുടെ വിള്ളലുകളും സുരക്ഷിതത്വവും പരിശോധിക്കുവാന്‍ സമയംകിട്ടുന്നില്ല. കേരളത്തില്‍ ഓരോ 10 മിനുട്ടിലും ഓരോ വണ്ടി കടന്നുപോകുമ്പോള്‍ പാളത്തിനു ബലക്ഷയം സംഭവിക്കുന്നു. 10 മിനുട്ടിനുള്ളില്‍ ഒരു അറ്റകുറ്റപണിയും സാധ്യമല്ല. പഴക്കംചെന്ന പാളങ്ങള്‍ മാറ്റിയിടണമെന്നാവശ്യപ്പെടുമ്പോള്‍ ദേശീയാടിസ്ഥാനത്തില്‍ മാത്രമേ മാറ്റങ്ങള്‍ വരുത്താന്‍ കഴിയൂവെന്ന ന്യായമാണു റെയില്‍വെ നിരത്തുന്നത്.

ഭാരംവഹിക്കാനുള്ള പാളത്തിന്റെ കരുത്തു 450 ക്രോസ് മെട്രിക് ടണ്‍ ആണ്. ഓരോ 10 മിനിറ്റിലും റെയില്‍വേയുടെ വണ്ടികള്‍ പാഞ്ഞുപോകുമ്പോള്‍ 250 ക്രോസ് മെട്രിക് ടണ്‍ ആകുമ്പോഴേക്കും പാളങ്ങള്‍ തകരും. വിള്ളലുകള്‍ പ്രത്യക്ഷപ്പെടും. വിള്ളലുകലുണ്ടെന്നറിഞ്ഞിട്ടും ഉന്നതരുടെ സമ്മര്‍ദ്ദംമൂലം വണ്ടിയോടിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ജീവനക്കാര്‍ അപകടമുണ്ടാകുമ്പോള്‍ ക്രൂശിക്കപ്പെടുകയും ചെയ്യുന്നു. ഇതാണിപ്പോഴത്തെ കേരളത്തിലെ റെയില്‍വേയുടെ അവസ്ഥ. ഇതിനെതിരേ കേരളത്തിലെ എംപിമാരും ജനപ്രതിനിധികളും ഒന്നിച്ചു കേന്ദ്രറെയില്‍വെക്കെതിരേ പ്രക്ഷോഭം നടത്തുകയല്ലാതെ കേരളത്തിലെ റെയില്‍ ദുരന്തങ്ങള്‍ക്ക് അവസാനമുണ്ടാകില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.