
വാഷിങ്ടണ്‍: യു.എസില്‍ കൊവിഡ് പ്രതിരോധ നടപടികളെ വിലകുറച്ചു കാണുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലികള്‍ 30000 ലെറെ പേര്‍ക്ക് കൊവിഡ് ബാധിക്കാന്‍ കാരണമായതായി പഠനം. 700 ഓളം പേര് രോഗം ബാധിച്ച് മരിക്കാനും ട്രംപ് നയിച്ച റാലികള്‍ കാരണമായെന്നും പഠനം പറയുന്നു.
സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍.
ഇക്കഴിഞ്ഞ ജൂണ്‍ 20 മുതല്‍ സെപ്റ്റംബര്‍ 22 വരെ 18 ഓളം റാലികളാണ് ട്രംപ് നടത്തിയത്. ആളുകള്‍ കൂട്ടംകൂടുന്നത് കൊവിഡ് വ്യാപനം വര്‍ധിപ്പിക്കുമെന്ന മുന്നറിയിപ്പുകള്‍ നിലനില്‍ക്കെയായിരുന്നു ഇത്. റാലികള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ തടസമുണ്ടാക്കുന്നുണ്ടെന്നും രാജ്യം ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
റാലികളില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ചിലപ്പോള്‍ അത് പതിനായിരത്തിലേറെയുമായിരുന്നു. റാലികളില്‍ മാസ്കും സാമൂഹിക അകലവും കൃത്യമായി പാലിച്ചിരുന്നില്ല.
ഇത് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമായെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സ്വന്തം പാര്‍ട്ടിക്കാരെ കുറിച്ച് പോലും ട്രംപിന് ശ്രദ്ധയില്ലെന്ന വിമര്‍ശനവുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് രംഗത്തെത്തി.
ട്രംപിന്റെ പ്രചാരണ റാലികള്‍ വൈറസിന്റെ സൂപര്‍ സ്പ്രഡെര് ആണെന്ന് ജോ ബൈഡന് നേരത്തെ ആരോപിച്ചിരുന്നു.