2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ടെസ്‌ല ഇന്ത്യയിലെത്തുമോ?

അമേരിക്കയിലെ പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്കെത്തുമോ? കമ്പനി ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും കേന്ദ്രസര്‍ക്കാര്‍ ടെസ്‌ലയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചുകഴിഞ്ഞു. കാലിഫോര്‍ണിയയിലെ സാന്‍ജോസിലെ ടെസ്‌ലയുടെ പ്‌ളാന്‍് കഴിഞ്ഞദിവസം സന്ദര്‍ശിച്ചശേഷമാണു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി ടെസ്‌ലയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഏഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള ടെസ്‌ലയുടെ ഒരു മാനുഫാക്ചറിങ് ഹബ് ആക്കി ഇന്ത്യയെ മാറ്റുന്നതിനുള്ള സഹായങ്ങളും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനായി ഇന്ത്യയിലെ ഏതെങ്കിലും ഒരു മേജര്‍ പോര്‍ട്ടിന് സമീപം ഭൂമിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഘടകങ്ങള്‍ നിര്‍മിക്കുന്നതിനായി ഇന്ത്യന്‍ കമ്പനികളുമായുള്ള ജോയിന്റ് വെഞ്ച്വറിന്റെ സാധ്യതകളെക്കുറിച്ചും മന്ത്രി ചര്‍ച്ച ചെയ്തിരുന്നു.

മന്ത്രിയുടെ ക്ഷണം ടെസ്‌ല സ്വാഗതം ചെയ്തിട്ടുണ്ട്. ഭാവിയില്‍ ഇക്കാര്യം പരിഗണിക്കാമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഏഷ്യന്‍ മേഖലയില്‍ ഒരു മാനുഫാക്ചറിങ് ഹബ് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ടെസ്‌ല ഷാങ്ഹായില്‍ പ്‌ളാന്‍് നിര്‍മിക്കുന്നതിനായി ചൈനയുമായും ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ടെസ്‌ലയുടെ കാലിഫോര്‍ണിയയിലെ പ്‌ളാന്റില്‍ നിതിന്‍ ഗഡ്കരി എത്തുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി ലഭ്യമാകുമോ എന്ന കാര്യവും ടെസ്‌ല മന്ത്രിയോട് ആരാഞ്ഞിട്ടുണ്ട്.
പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള പ്രപ്പോസല്‍ സമര്‍പ്പിച്ചാല്‍ ഇതേക്കുറിച്ച് ആലോചിക്കാമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. കമ്പനിയുടെ ലോ കോസ്റ്റ് കാറുകളായ മോഡല്‍ 3 വിഭാഗത്തില്‍പെട്ട വാഹനങ്ങള്‍ക്ക് ഇന്ത്യ നല്ലൊരു മാര്‍ക്കറ്റാണെന്നും ടെസ്‌ല വ്യക്തമാക്കിയിട്ടുണ്ട്.

ഫുള്‍ ചാര്‍ജില്‍
420 കിലോമീറ്ററര്‍

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 420 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് ടെസ്‌ലയുടെ മോഡല്‍ 3 വിഭാഗത്തില്‍ പെട്ട കാറുകള്‍. 2017ല്‍ പുറത്തിറങ്ങുന്ന കാറുകള്‍ക്ക് 35,000 യു.എസ് ഡോളര്‍ (ഏകദേശം 23 ലക്ഷം) ആണ് വില. ടെസ്‌ലയുടെ ഏറ്റവും വില കുറഞ്ഞ കാറുകള്‍ ആണ് ഇവ. മുന്‍വശത്ത് എന്‍ജിന്‍ ഇല്ലെന്നതുകൊണ്ടുതന്നെ പാസഞ്ചര്‍ ക്യാബിന്‍ സ്‌പെയ്‌സ് വേണ്ടുവോളമുണ്ട്. എന്‍ജിന് വേണ്ടി സ്ഥലം കളയാത്തതുകാരണം മുന്നിലെ സീറ്റ് സാധാരണ കാറുകളേക്കാള്‍ മുന്നോട്ടായാണു ഘടിപ്പിച്ചിരിക്കുന്നത്. ഇത് പിറകുവശത്തെ യാത്രക്കാര്‍ക്കും ധാരാളം സ്ഥലസൗകര്യം നല്‍കുന്നുണ്ട്. മുന്‍വശത്തും പിറകിലും ഡിക്കിയോടെയാണ് ടെസ്‌ല കാറുകള്‍ എത്തുന്നത്.

കാറുകള്‍ക്ക് ആവശ്യമായ ലിത്തിയം ആയണ്‍ ബാറ്ററികള്‍ നിര്‍മിക്കുന്നതിനു യു.എസിലെ നെവാഡയില്‍ പടുകൂറ്റന്‍ ഫാക്ടറിയും ടെസ്‌ല സജ്ജീകരിക്കുന്നുണ്ട്. വിശാലമായ സ്ഥലസൗകര്യം കണക്കിലെടുത്താല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടമാണിത്. 2107ല്‍ ഉല്‍പ്പാദനം ആരംഭിക്കുന്ന ഫാക്ടറി 2020 ഓടെ മാത്രമേ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുകയുള്ളൂ. നിലവില്‍ ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന ലിത്തിയം ആയണ്‍ ബാറ്ററികളേക്കാള്‍ കൂടുതല്‍ ടെസ്‌ലയ്ക്കു മാത്രം ആവശ്യമായി വരുമെന്നാണു കണക്കുകൂട്ടല്‍.

കാര്യങ്ങളില്‍ അന്തിമതീരുമാനം ആയില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ടെസ്‌ല മേധാവികളുമായി നടത്തിയ ചര്‍ച്ചകള്‍ പ്രതീക്ഷയ്ക്ക് വകനല്‍കുമെന്ന് ആശിക്കാം. നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്‌ളാന്‍ പ്രകാരം 2030 ഓടെ രാജ്യത്തെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറ്റുകയെന്ന പദ്ധതിയും കേന്ദ്രസര്‍ക്കാറിനു മുന്നിലുണ്ട്. ഇതിനായുള്ള സബ്‌സിഡികളും മറ്റും വരുന്നതോടെ കീശയിലൊതുങ്ങുന്ന ഇലക്ട്രിക് കാറുകളും ഭാവിയില്‍ നമുക്കു പ്രതീക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.