2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ടെറ്റനസ് ബാധിച്ച പതിനെട്ടുകാരിക്ക് പുനര്‍ജന്മം

തിരുവനന്തപുരം: ടെറ്റനസ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പതിനെട്ടുകാരിക്കു പുനര്‍ജന്മം. കായംകുളം സ്വദേശിനിയായ പെണ്‍കുട്ടിയെ മരണത്തെ മുഖാമുഖം കണ്ട അവസ്ഥയില്‍ നിന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ രക്ഷിച്ചെടുക്കുകയായിരുന്നു.
രോഗത്തിന്റെ കാഠിന്യം മനസിലാക്കിയ ബന്ധുക്കളില്‍ ചിലര്‍ കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടു പോകണമോ എന്നു ചിന്തിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരില്‍ രക്ഷിതാക്കള്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിച്ചു.
അങ്ങനെ മൂന്നാഴ്ച ഐ.സി.യുവിലെ തീവ്ര പരിചരണത്തിനു ശേഷം കുട്ടി ജീവിതത്തിലേക്കു തിരിച്ചുവന്നു. ശരീരത്തില്‍ ഒരു മുറിവും ഇല്ലാതെയാണ് കുട്ടിക്കു ടെറ്റനസ് വന്നത്. മറ്റെന്തെങ്കിലും അണുബാധയില്‍ കൂടിയാകാം  ടെറ്റനസ് ബാധിച്ചതെന്നാണു ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.
കായംകുളം സ്വദേശിയുടെ മൂന്നു മക്കളില്‍ ഇളയ മകളാണ് ടെറ്റനസ് ബാധിച്ച പതിനെട്ടുകാരി. പഠിക്കാന്‍ മിടുക്കിയായ പെണ്‍കുട്ടി പ്ലസ് വണ്‍ പരീക്ഷയെഴുതി നില്‍ക്കുകയാണ്. നിര്‍ധനകുടുംബത്തില്‍പ്പെട്ട കുട്ടിയുടെ പിതാവ് മത്സ്യക്കച്ചവടം നടത്തിയാണു മക്കളെ വളര്‍ത്തുന്നത്.
മെയ് ആദ്യവാരത്തില്‍ ചെറിയ പല്ലുവേദനയാണ് ആദ്യം വന്നത്. പിന്നീട് വായ് തുറക്കാന്‍ പ്രയാസവും ശ്വാസതടസവും ശരീരമാസകലം വേദനയുമുണ്ടായി. കിടന്നിട്ട് എഴുന്നേല്‍ക്കാന്‍ വയ്യാതായതോടെ തൊട്ടടുത്തുള്ള ആശുപത്രിയിലെ ദന്തല്‍ ഡോക്ടറേയും ഇ.എന്‍.ടി. ഡോക്ടറേയും കാണിച്ചു. അവിടെ നിന്നു കൂടുതല്‍ പരിശോധനകള്‍ക്കായി തിരുവനന്തപുരം ഡെന്റല്‍ കോളജിലേക്ക് അയച്ചു. ഡെന്റല്‍ കോളജിലെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.
മെയ് ആറിനു മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിയ പെണ്‍കുട്ടിയെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയും ടെറ്റനസ് രോഗമാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. ടെറ്റനസ് ബാധിച്ച് അഞ്ചാംദിവസം തികച്ചും മോശമായ അവസ്ഥയിലാണ് പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചത്.
വായ് തുറക്കാന്‍ പറ്റുന്നില്ല, ശ്വാസതടസം, മസിലുകള്‍ കോച്ചിപ്പിടിച്ച് അസഹനീയമായ വേദന എന്നിവയായിരുന്നു ലക്ഷണങ്ങള്‍. ഉടന്‍ തന്നെ കുട്ടിയെ അഡ്മിറ്റ് ചെയ്തു. ശ്വാസതടസം കൂടി അതീവ ഗുരുതരാവസ്ഥയിലേക്ക്  സ്ഥിതി മാറുന്നതായി മനസിലാക്കിയ ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ കുട്ടിയെ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കി തീവ്ര പരിചരണത്തില്‍ നിരീക്ഷിച്ചു.
ഇതിനിടെ പല പ്രാവശ്യം കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി. ബി.പി, പള്‍സ് എന്നിവയില്‍ വ്യതിയാനമുണ്ടാകുകയും ന്യൂമോണിയ ബാധിക്കുകയും ചെയ്തു. രക്ഷപ്പെട്ടു എന്നു തോന്നിയ പല സമയത്തും രോഗാവസ്ഥ പെട്ടെന്ന് വഷളായി. മൂന്നാഴ്ച വെന്റിലേറ്റര്‍ സഹായത്തോടെയുള്ള വിദഗ്ധസംഘത്തിന്റെ ശ്രമഫലമായി പെണ്‍കുട്ടിയുടെ അസുഖം പൂര്‍ണമായും ഭേദമായി. കുട്ടിയെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.
മെഡിസിന്‍ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം.കെ സുരേഷിന്റെ നേതൃത്വത്തില്‍ അസി. പ്രൊഫസര്‍ ഡോ. അജിത, ക്രിട്ടിക്കല്‍ കെയര്‍ ടീം ലീഡര്‍ ഡോ. അനില്‍ സത്യദാസ്, ഡോ. അരുണ്‍ പ്രതാപ്, ഡോ. അന്‍വിന്‍, ഡോ. ദിവ്യ ജോണ്‍, ഡോ. ആന്‍സി, വിദഗ്ധ നഴ്‌സുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

എന്താണ് ടെറ്റനസ്?

361
മുറിവിലൂടെ ശരീരത്തില്‍ ബാധിക്കുന്ന മാരകമായ അണുബാധയാണ് ടെറ്റനസ്. ഇതിനെ കുതിരസന്നിയെന്നും വിളിക്കാറുണ്ട്. ക്ലോസ്ട്രീഡിയം റ്റെറ്റനി എന്ന വായുരഹിത ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന റ്റെറ്റനോസ്പസ്മിന്‍ എന്ന നാഡീ വിഷം ശരീരത്തിലെ ഞരമ്പുകളിലേക്ക് കയറുമ്പോഴാണ് രോഗം മൂര്‍ഛിക്കുന്നത്. കൂടിയ അളവിലുള്ള അണുബാധയുടെ ഫലമായി താടിയെല്ലിനു ചുറ്റുമുള്ള പേശികളുടെ സങ്കോചവും മരവിപ്പുമുണ്ടാകാറുണ്ട്. അതുകൊണ്ട് പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിനെ ലോക്ക് ജോ എന്ന് സാധാരണയായി വിളിച്ച് വരുന്നു. വായ് തുറക്കാന്‍ പ്രയാസം, പേശി വലിഞ്ഞ് മുറുകല്‍, ശ്വാസ തടസം, ബി.പി വ്യതിയാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.  
ടെറ്റനസ് ബാധിച്ചാല്‍ അപൂര്‍വമായി മാത്രമേ രക്ഷപ്പെടാറുള്ളൂ. മുറിവുണ്ടാകുമ്പോള്‍ ടെറ്റനസ് ഇഞ്ചക്ഷന്‍ എടുക്കണമെന്ന ബോധവത്കരണമുള്ളതിനാല്‍ ഇപ്പോള്‍ അപൂര്‍വമായി മാത്രമേ ഈ രോഗം വരാറുള്ളൂ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.