2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ടിക്കറ്റ് നിരക്ക് ഉയരുന്നു ; നിയന്ത്രണത്തിന് ശേഷമുള്ള ആദ്യ സീസൺ മുതലെടുക്കാൻ വിമാനക്കമ്പനികൾ

വേനൽ ഷെഡ്യൂൾ
ആരംഭിക്കുന്നത് നാളെ മുതൽ

അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
കൊവിഡ് നിയന്ത്രണത്തിന് ശേഷം ആദ്യമായി അന്താരാഷ്ട്ര വിമാന സർവിസുകൾ പൂർണതോതിൽ പുനരാരംഭിച്ചതോടെ എത്തിയ വേനൽക്കാല സീസൺ പരമാവധി മുതലെടുക്കാൻ കിടമത്സരത്തിനൊരുങ്ങി വിമാനക്കമ്പനികൾ. 2020 മാർച്ചിലാണ് കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള വിമാന സർവിസുകൾക്ക് നിയന്ത്രണം വന്നത്. പിന്നീട് ഘട്ടംഘട്ടമായാണ് ഇത് പുനഃസ്ഥാപിച്ചത്. കഴിഞ്ഞ മാസം മുതലാണ് നിയന്ത്രണം പൂർണമായി ഒഴിവാക്കിയത്. ഇതിന് ശേഷമെത്തുന്ന വേനൽക്കാല ഷെഡ്യൂൾ നാളെ മുതലാണ് ആരംഭിക്കുന്നത്.
അധിക സർവിസുകളും മറ്റുമായാണ് വേനൽ ഷെഡ്യൂളിൽ വിമാനക്കമ്പനികൾ ആകാശ വീഥിയിൽ കിടമത്സരത്തിനിറങ്ങിയിട്ടുള്ളത്. ഗൾഫ് സെക്ടറിലേക്കാണ് യാത്രാ തിരക്കേറുന്നത്. നാട്ടിൽ സ്‌കൂളുകൾ അടക്കുന്നതിനാൽ ഗൾഫിലേക്ക് കുടുംബങ്ങളാണ് ടിക്കറ്റിനെത്തുന്നത്. യു.എ.ഇ മേഖലയിലേക്ക് ഏപ്രിൽ ആദ്യവാരത്തിൽ വിമാന ടിക്കറ്റിന് ആവശ്യക്കാരേറെയാണ്.
തിരക്ക് മുൻനിർത്തി വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കും കുത്തനെ ഉയർത്തി. ജിദ്ദയിലേക്ക് കരിപ്പൂരിൽ നിന്ന് 18,000 രൂപക്ക് ലഭിച്ചിരുന്ന ടിക്കറ്റിന് ഇപ്പോൾ 30,000 ത്തിന് മുകളിലെത്തി. 8,000 ത്തിൻ്റെ ദുബൈ ടിക്കറ്റിന് 17,000 വരെ നൽകണം. ഖത്തറിലേക്ക് 10,000 രൂപയായിരുന്ന നിരക്ക് 28,000 ആയി ഉയർന്നിട്ടുണ്ട്. ഏപ്രിൽ മധ്യത്തോടെ നിരക്ക് വീണ്ടും ഉയരും. കൊവിഡ് നിയന്ത്രണത്തിന് ശേഷം രാജ്യത്ത് ആഭ്യന്തര സർവിസുകൾ നേരത്തെ തന്നെ സാധാരണ നിലയിലായിരുന്നു.
കരിപ്പൂരിൽനിന്ന്
കൂടുതൽ സർവിസുകൾ
വേനൽക്കാല ഷെഡ്യൂളിൽ കരിപ്പൂരിൽ നിന്ന് വിമാനക്കമ്പനികൾ കൂടുതൽ സർവിസുകൾ ആരംഭിക്കുന്നുണ്ട്. മസ്കത്തിലേക്കുള്ള ഒമാൻ എയർ സർവിസും പുനരാരംഭിക്കും. ഇതുവരെ സലാം എയറായിരുന്നു ഈ സെക്ടറിൽ സർവിസ് നടത്തിയത്. കുറഞ്ഞ സർവിസുകളുണ്ടായിരുന്ന ഖത്തർ എയർവേയ്സും ഗൾഫ് എയറും പ്രതിദിന സർവിസുകളാകുന്നുണ്ട്.
എയർ ഇന്ത്യ മുംബൈ, ദുബൈ, ഷാർജ സർവിസും തുടങ്ങും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ ഇന്ത്യൻ കമ്പനികളും ഖത്തർ എയർവേയ്സ്, ഗൾഫ് എയർ, എയർ അറേബ്യ, ഫ്‌ളൈ ദുബൈ, ഫ്‌ളൈ നാസ് എന്നീ വിദേശകമ്പനികളും സർവിസ് നടത്തും. എയർഇന്ത്യ എക്‌സ്പ്രസും ഇൻഡിഗോയുമാണ് കൂടുതൽ സർവിസ് നടത്തുന്നത്.
കൊവിഡിന് മുമ്പുണ്ടായിരുന്ന സഊദി എയർലൈൻസിനും ഇത്തിഹാദിനും വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണം മൂലം തിരിച്ചെത്താനായിട്ടില്ല.ആഭ്യന്തര സെക്ടറിൽ ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ, തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേക്ക് സർവിസുണ്ട്. ഒക്ടോബർ 29 വരെയുളള വേനൽക്കാല ഷെഡ്യൂളുകളാണ് വിമാനക്കമ്പനികൾ പ്രഖ്യാപിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.