2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജോ ബൈഡന് വന്‍ പിന്തുണയെന്ന് എന്‍.ബി.സി സര്‍വേ

 

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിന് ജനപിന്തുണ കുറഞ്ഞെന്ന് സര്‍വേ ഫലം. കഴിഞ്ഞയാഴ്ച നടന്ന മുഖാമുഖ സംവാദത്തിലെ മികച്ച പ്രകടനത്തിലൂടെ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ ജനപിന്തുണ ഇരട്ടിയായതായും എന്‍.ബി.സി ന്യൂസ്-വാള്‍സ്ട്രീറ്റ് ജേണല്‍ സര്‍വേയില്‍ വ്യക്തമായി. ബൈഡന് പ്രസിഡന്റാകാനുള്ള യോഗ്യത കൂടുതലായി ഉണ്ടെന്നാണ് സംവാദം നേരില്‍ കണ്ടവരില്‍ 49 ശതമാനവും പ്രതികരിച്ചത്. വെള്ളിയാഴ്ച കൊവിഡ് ബാധിതനായി ട്രംപിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പായിരുന്നു സര്‍വേ. 24 ശതമാനം പേരേ ട്രംപ് സംവാദത്തില്‍ മികച്ചുനിന്നതായി അഭിപ്രായപ്പെട്ടുള്ളൂ.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 53 ശതമാനമാളുകള്‍ ബൈഡനെ പിന്തുണച്ചപ്പോള്‍ 39 ശതമാനം പേര്‍ മാത്രമാണ് ട്രംപ് വീണ്ടും പ്രസിഡന്റാകുന്നതിനെ അനുകൂലിച്ചത്. രാജ്യത്തെ മാരകമായി ബാധിച്ച കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്തതില്‍ ട്രംപ് പരാജയപ്പെട്ടെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ കരുതുന്നത്. ജൂലൈ മുതല്‍ നടന്ന സര്‍വേകളില്‍ ബൈഡന്‍ തന്നെയായിരുന്നു മുന്നിലെങ്കിലും ഇപ്പോള്‍ ട്രംപിനെക്കാള്‍ 14 പോയിന്റ് കൂടുതലാണ് ബൈഡന്. സംവാദത്തിനു ശേഷം 19 ശതമാനം പേര്‍ ബൈഡനെ പിന്തുണയ്ക്കുന്നതായി പറഞ്ഞപ്പോള്‍ ആറു ശതമാനം മാത്രമാണ് ട്രംപ് വീണ്ടും പ്രസിഡന്റാകുന്നതിനെ അനുകൂലിച്ചുള്ളൂ. പൊതുജന പിന്തുണയില്‍ ട്രംപിനേക്കാള്‍ 10 പോയിന്റ് മുന്നിലാണ് ജോ ബൈഡനെന്ന് റോയിട്ടേഴ്‌സ്-ഇപ്‌സോസ് സര്‍വേ ഫലവും വ്യക്തമാക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.