2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജോസിന്റെ അവകാശവാദം തള്ളി എന്‍.സി.പി

   

 

മുന്നണി മാറിയപ്പോള്‍ പാലായില്‍ ജോസ് പക്ഷത്തിന്റെ സീറ്റ് കുറഞ്ഞു
സ്വന്തം ലേഖകന്‍
കോട്ടയം: ഇടതുമുന്നണിയുടെ വിജയത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന്റെ അവകാശവാദത്തെ തള്ളി എന്‍.സി.പി. വോട്ടെടുപ്പിനു തൊട്ടുപിന്നാലെ ഇരുകക്ഷികളും തമ്മില്‍ തുടങ്ങിയ പോര് ഫലം വന്നതിനു ശേഷം പുതിയ തലത്തിലേക്ക്. പാലാ അടക്കം കോട്ടയത്തെ ഇടതു വിജയത്തിന്റെ അവകാശം ഏറ്റെടുക്കുന്ന ജോസ് പക്ഷത്തെ കണക്കുകള്‍ നിരത്തിയാണ് എന്‍.സി.പി പ്രതിരോധിക്കുന്നത്.
ഇടതു വിജയം കൂട്ടായ പ്രവര്‍ത്തനത്തിന്റേതാണെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ പറഞ്ഞു. കേരളമൊട്ടാകെ ഇതു ദൃശ്യമാണ്. ഇത് ഒരു വിഭാഗത്തിന്റെ മാത്രം നേട്ടമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇക്കാര്യം പറഞ്ഞിരുന്നു. ജോസ് അവകാശപ്പെടുന്നതുപോലുള്ള എല്‍.ഡി.എഫ് മുന്നേറ്റം പാലാ മണ്ഡലത്തിലുള്‍പ്പെടെ ഉണ്ടായിട്ടില്ലെന്നാണ് എന്‍.സി.പിയുടെ നിലപാട്.
പാലാ നിയമസഭാ സീറ്റിനുള്ള ജോസ് പക്ഷത്തിന്റെ അവകാശവാദമാണ് എന്‍.സി.പിയുടെ എതിര്‍പ്പിനു കാരണം. ജോസ് എല്‍.ഡി.എഫിലേക്കു വന്നിട്ടും പാലാ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാമപുരം, മുത്തോലി പഞ്ചായത്തുകള്‍ നിലനിര്‍ത്താനായില്ല. മേലുകാവ്, മൂന്നിലവ്, തലപ്പലം പഞ്ചായത്തുകളില്‍ ഭരണം കിട്ടിയില്ല. ഉപതെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗമില്ലാതെ ഇടതുമുന്നണി പാലായിലുണ്ടാക്കിയ നേട്ടത്തിനൊപ്പമെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സി.പി.ഐയുടെയും എന്‍.സി.പിയുടെയും പ്രാഥമിക വിലയിരുത്തല്‍. പാലാ മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫില്‍ നിന്നപ്പോള്‍ 17 സീറ്റുണ്ടായിരുന്ന ജോസ് വിഭാഗം ഇത്തവണ 10 സീറ്റിലൊതുങ്ങി. ഒരു പഞ്ചായത്തില്‍ ഒരു സീറ്റു വീതമെങ്കിലും മോഹിച്ച എന്‍.സി.പിക്ക് ആകെ കിട്ടിയത് രണ്ടു സീറ്റുകളാണ്. ഇതില്‍ എന്‍.സി.പി പ്രവര്‍ത്തകര്‍ക്കു കടുത്ത പ്രതിഷേധമുണ്ടെന്ന് മാണി സി. കാപ്പന്‍ ആവര്‍ത്തിക്കുന്നു.
തങ്ങളുടെ പ്രതിഷേധം തെരഞ്ഞെടുപ്പിനു ശേഷവും അവസാനിച്ചിട്ടില്ലെന്ന് എന്‍.സി.പി വ്യക്തമാക്കുന്നു. അതിനിടെ തെരഞ്ഞെടുപ്പ് സമയത്ത് കടനാട്, കരൂര്‍ പഞ്ചായത്തുകളിലെ സീറ്റ് വിഭജനത്തിലെ അതൃപ്തി സി.പി.ഐ പ്രകടിപ്പിക്കുകയും മുന്നണിക്കു പുറത്ത് പരസ്യമായി മത്സരിക്കുകയും ചെയ്ത കാര്യവും മാണി സി. കാപ്പന്‍ എടുത്തുകാട്ടുന്നു.
അഭിപ്രായം പറയുന്നതിന്റെ പേരില്‍ എന്‍.സി.പിയെ മുന്നണി വിരുദ്ധരായി ചിത്രീകരിക്കേണ്ടതില്ലെന്നും ഇടതുമുന്നണിയുടെ ഭാഗമാണ് എന്‍.സി.പിയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലേക്ക് ആര്‍ക്കും ആരെയും സ്വാഗതം ചെയ്യാമെന്നായിരുന്നു യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്റെ പ്രഖ്യാപനത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം. എന്‍.സി.പിയുടെ സിറ്റിങ് സീറ്റാണ് പാലാ. പാലായില്‍ തന്നെ മത്സരിക്കും. പാലാ വിട്ടുകൊടുക്കില്ല. പാലായില്‍ മത്സരിക്കേണ്ടെന്ന് എല്‍.ഡി.എഫ് പറഞ്ഞിട്ടില്ല. 54 വര്‍ഷത്തെ പോരാട്ടത്തിനു ശേഷം നേടിയ സീറ്റ് തോറ്റ കക്ഷിക്കു തന്നെ വിട്ടുകൊടുക്കാന്‍ മുന്നണി പറയുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് പക്ഷവും എന്‍.സി.പിയും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് പ്രതികരിക്കാന്‍ സി.പി.എം ഇതുവരെ തയാറായിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.