
നീലേശ്വരം: നല്ലത് വാങ്ങൂ നല്ലത് കഴിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി നീലേശ്വരം നഗരസഭ സംഘടിപ്പിക്കുന്ന ജൈവോത്സവത്തിന് വയനാട്ടില്‍ നിന്നുള്ള പച്ചക്കറികളും എത്തും. ഇവിടുത്തെ അംഗീകൃത ജൈവകൃഷി ഫാമുകളില്‍ നിന്നുള്ള വെണ്ട, പടവലം, പയര്‍, കോളിഫ്ലവര്‍, കക്കിരി എന്നിവയാണ് എത്തുക.
നഗരസഭാ കൗണ്‍സിലര്‍മാരായ എ.വി സുരേന്ദ്രന്, കെ.പി കരുണാകരന്, ക്ലാര്‍ക് ഇ.എം നസീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പച്ചക്കറികള്‍ ശേഖരിക്കുന്നത്. പച്ചക്കറികള്‍ക്കു പുറമേ വനപ്രദേശങ്ങള്ക്കടുത്തുള്ള വയലുകളില്‍ കൃഷി ചെയ്യുന്ന ഗന്ധകശാല എന്ന അരിയും ജൈവോത്സവത്തിലുണ്ടാകും.
ചാമ, നവര, രക്തശാലി തുടങ്ങിയ നെല്ലിനങ്ങളും സംഭരിക്കും. ഇവയ്ക്കു പുറമേ മുളയരി, കാട്ടുതേന്‍, താളിപ്പൊടി, പനംചക്കര, മുളംകൂമ്പ് അച്ചാര്‍, ചമ്മന്തിപ്പൊടി, മുളയരിപ്പായസം തുടങ്ങിയവയും ജൈവോത്സവത്തിലെ ആകര്‍ഷകങ്ങളാകും. തൃക്കൈപ്പറ്റ കുടുംബശ്രീയാണ് ഇവ എത്തിക്കുന്നത്.
കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ പി.പി മുഹമ്മദ്, ഹോം മാര്‍ക്കറ്റ് ഭാരവാഹികളായ പി.യു വിജയന് നമ്പൂതിരി, അരുണ്‍കുമാര്‍, ഉറവ് പ്രതിനിധി മേരി എല്‍ദോ എന്നിവരും സംഘത്തെ അനുഗമിക്കുന്നുണ്ട്.