
ന്യൂഡല്‍ഹി: വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യകുമാറിന്റെ നേതൃത്വത്തില്‍ നടന്ന ജെ.എന്‍.യു സമരത്തിലും തുടര്‍ന്ന് ദേശവ്യാപകമായി നടന്ന സമരങ്ങളിലും നുഴഞ്ഞുകയറാന്‍ ഐ.എസ് തീവ്രവാദികള്‍ നിര്‍ദേശിച്ചതായി വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ഐ.എസ് ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുത്തവരാണ് എന്‍.ഐ.എക്ക്് മൊഴിനല്‍കിയത്.
രാജ്യദ്രോഹക്കുറ്റമാരോപിച്ച് കനയ്യകുമാറിനെ തിഹാര്‍ ജയിലില്‍ അടച്ചതിനെ തുടര്‍ന്ന് ദേശവ്യാപകമായുയര്ന്ന പ്രതിഷേധത്തില്‍ നുഴഞ്ഞു കയറാനും എണ്ണ ടാങ്കറും വാഹനങ്ങളും കത്തിക്കാനും ഐ.എസ് തീവ്രവാദി അഹമ്മദ് അലി നിര്‍ദേശിച്ചതായി പിടിയിലായ ആഷിഖ് അഹമ്മദ് എന്ന രാജ മൊഴി നല്കി.
ഐ.എസിന്റെ ഇന്ത്യന്‍ രൂപാന്തരമെന്നു പൊലിസ് കരുതുന്ന ജുനുദ് അല്‍ ഖാലിഫ ഇ ഹിന്ദിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട മൂവര്‍ സംഘമാണ് പിടിയിലായതിനെ തുടര്‍ന്ന് വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചത്.
രാജയെ കൂടാതെ മുഹമ്മദ് അബ്ദുല്‍ അഹദ്, മുഹമ്മദ് അഫ്സല് എന്നിവരാണ് പിടിയിലുള്ള മറ്റു രണ്ടുപേര്‍. ഇവരുടെ മൊഴിയനുസരിച്ച് ഐ.എസിന്റെ ഇന്ത്യന്‍ രൂപാന്തരമായ ജെ.കെ.എച്ച് ബംഗളൂരുവിലും പശ്ചിമബംഗാളിലും പഞ്ചാബിലും മീറ്റിങുകള്‍ നടത്തിയതായി പറയുന്നു.
അന്‍സര്‍ ഉത് താവിദ് ഫി ബിലാദ് അല്‍ ഹിന്ദ് (എ.യു.ടി) നേതാവ് അഹമ്മദ് അലി 19കാരനായ ആഷിക് അഹമ്മദിനെ വിളിച്ച് വാഹനങ്ങള്‍ അഗ്നിക്കിരയാക്കാന്‍ ആവശ്യപ്പെട്ടു. പൊലിസുകാര്‍ തങ്ങള്‍ക്കു പിന്നാലെയുണ്ടാവുമെന്ന് മുന്നറിയിപ്പും ഇയാള്‍ നല്കി. അഹമ്മദ് അലി എന്ന പേരില്‍ അറിയപ്പെടുന്നത് ഇന്ത്യയിലെ ഐ.എസ് നേതാവായിരുന്ന ഷാഫി അര്‍മര്‍ ആയിരുന്നെന്നും ഇയാള്‍ പിന്നീട് സിറിയയില്‍ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
എ.യു.ടിയുടെ നേതൃത്വത്തിലാണ് ജെ.കെ.എച്ച് ഇന്ത്യയില്‍ രൂപീകരിച്ചത്. ഇന്ത്യന്‍ മുജാഹിദ്ദീന്റെ മുന്‍ നേതാവ് യാസിന് ഭട്കലിനെ ജയില്‍ മോചിതനാക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെറിയ ആക്രമണങ്ങളെ ഇവര്‍ എതിര്‍ത്തതായി ആഷിഖ് പറയുന്നു.
അതേസമയം പിടിയിലുള്ള മുഹമ്മദ് അബ്ദുല്‍ അഹദ് തനിക്ക് കൊലയിലും കൊള്ളിവയ്പിലും താല്പര്യമില്ലെന്നും പാവപ്പെട്ട മുസ്ലിംകളെ രക്ഷിക്കാനാണ് താല്പര്യമെന്നും എന്നാല്‍ താന്‍ വന്നുപെട്ട ജെ.കെ.എച്ചിന് ആ താല്പര്യമില്ലെന്നും പറഞ്ഞു.