2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ജുഡീഷ്യറി-സര്‍ക്കാര്‍ വാഗ്വാദങ്ങള്‍ തീരുന്നില്ല


 

ജഡ്ജി നിയമനത്തിന് നിലവിലുള്ള കൊളിജിയം സമ്പ്രദായത്തിനെതിരേ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ജുഡീഷ്യല്‍ നിയമനക്കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. കോടതി നടപടിയെത്തുടര്‍ന്ന് ബി.ജെ.പി ആഭിമുഖ്യമുള്ള ജഡ്ജിമാരെ നിയമിക്കുന്നതില്‍ തടസ്സം നേരിട്ട കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയോടുള്ള അരിശം തീര്‍ത്തുകൊണ്ടിരിക്കുകയാണിപ്പോഴും. സുപ്രിം കോടതിയിലും ഹൈക്കോടതിയിലും അഞ്ഞൂറോളം ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താതെ സര്‍ക്കാര്‍ കോടതിയോട് പകരം വീട്ടിക്കൊണ്ടിരിക്കുന്നു.
കൊളിജിയം അംഗീകരിച്ച ജഡ്ജിമാരുടെ പട്ടിക അംഗീകാരത്തിനായി സര്‍ക്കാരിലേക്കയക്കുമ്പോഴെല്ലാം സര്‍ക്കാര്‍ നിയമനങ്ങളിലധികവും തള്ളിക്കളയുകയാണ്. ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളിജിയം നവംബര്‍ 13ന് സമര്‍പിച്ച 77 പേരുടെ പട്ടികയില്‍ 43 പേരുടേതും സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. തള്ളിയ പേരുകള്‍ വീണ്ടും സുപ്രിംകോടതി സര്‍ക്കാരിന് തിരിച്ചയച്ചിരിക്കുകയാണ്. കോടിക്കണക്കിന് കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുമ്പോള്‍ നിയമനത്തിനായി ശുപാര്‍ശ ചെയ്യുന്ന ജഡ്ജിമാരുടെ ഒഴിവുകള്‍ കേന്ദ്രസര്‍ക്കാര്‍ നികത്താതിരിക്കുന്നത് അംഗീകരിക്കാനാവില്ല. കഴിഞ്ഞ ദിവസവും ഇതുസംബന്ധിച്ച് സുപ്രിംകോടതിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ വാഗ്വാദങ്ങള്‍ നടക്കുകയുണ്ടായി. സര്‍ക്കാര്‍ ലക്ഷ്മണരേഖ കടക്കരുതെന്ന മുന്നറിയിപ്പാണ് സുപ്രിംകോടതി കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ ചെയ്യേണ്ട ജോലി എന്തെല്ലാമാണെന്ന് ഭരണഘടന പറയുന്നുണ്ട്. നീതിന്യായ കോടതി, ഭരണ നിര്‍വഹണ വിഭാഗം, നിയമനിര്‍മാണ സഭ എന്നിവയുടെ ഉത്തരവാദിത്തങ്ങളും ചുമതലകളും ഭരണഘടന നിര്‍വചിച്ചിട്ടുണ്ട്. ആരും അതിന്റെ പരിധി ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തലാണ് ജുഡീഷ്യറിയുടെ കടമയെന്ന് കഴിഞ്ഞദിവസം ജസ്റ്റിസ് ജെ.എസ് ഖേഹര്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയത് അറ്റോര്‍ണി ജനറല്‍ റോഹുതകിക്ക് രുചിച്ചില്ലെന്നു വേണം കരുതാന്‍. ആരെങ്കിലും മറ്റാരുടെയെങ്കിലും മുകളിലിരിക്കുന്ന സാഹചര്യം ഭരണഘടനാ ശില്‍പികള്‍ ആഗ്രഹിച്ചിട്ടില്ല എന്ന അദ്ദേഹത്തിന്റെ മറുപടി കോടതിയോടുള്ള സര്‍ക്കാരിന്റെ അനിഷ്ട പ്രകടനമാണ്. ഇതിനു മറുപടിയായി, ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ജുഡീഷ്യറി എപ്പോഴും ലക്ഷ്മണരേഖ പാലിച്ചിട്ടുണ്ടെന്ന് ജെ.എസ് ഖേഹര്‍ പറഞ്ഞു. ചുരുക്കത്തില്‍ സര്‍ക്കാരും സുപ്രിംകോടതിയും സംഘട്ടനത്തിന്റെ വഴിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നു വേണം കരുതാന്‍.

ഹൈക്കോടതികളില്‍ അഞ്ഞൂറ് ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നു. ഒഴിഞ്ഞ മുറികളാണ് ഹൈക്കോടതികളില്‍. നീതിയും ന്യായവും പ്രതീക്ഷിച്ച് കോടിക്കണക്കിന് കേസുകളാണ് ഇതുകാരണം വര്‍ഷങ്ങളോളം മുടങ്ങിക്കിടക്കുന്നത്. ഭരണഘടനാപരമായ അധികാരമുപയോഗിച്ചുകൊണ്ടായിരുന്നില്ല കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷന് രൂപം നല്‍കിയത്. ഈ കമ്മീഷന് നിയമവകുപ്പ് മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും അംഗങ്ങളായി വരുമ്പോള്‍ സര്‍ക്കാര്‍ എതിര്‍കക്ഷിയാകുന്ന കേസുകളില്‍ ഇവര്‍ സര്‍ക്കാരിനനുകൂലമായ നിലപാടെടുക്കാന്‍ സാധ്യതയേറെയാണ്. ഇതു മുന്‍കൂട്ടിക്കണ്ടതിനാലാണ് പ്രസ്തുത നിയമനക്കമ്മീഷന്‍ ഭരണഘടനാപരമായ അധികാരപരിധിക്കുള്ളില്‍ നിന്നു കൊണ്ടല്ലാതെ നിയമങ്ങള്‍ നിര്‍മിക്കുകയാണെങ്കില്‍ അത് തെറ്റാണെന്ന് പറയാനുള്ള എല്ലാ അധികാരവും കോടതികള്‍ക്കുണ്ട്. ജുഡീഷ്യല്‍ നിയമനക്കമ്മീഷന്‍ സുപ്രിംകോടതി തള്ളിക്കളഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇതംഗീകരിച്ച് ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. ജഡ്ജി നിയമന കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞൊഴിയുന്ന മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ നിലപാട് ഒട്ടും ഭൂഷണമല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.