ജുഡീഷ്യറിയും സര്‍ക്കാറും കൊമ്പുകോര്‍ക്കാന്‍ തുടങ്ങിയത് കഴിഞ്ഞ ഒക്ടോബര്‍ മുതലാണ്. അതിലെ ഏറ്റവും അവസാനത്തേതാണ്, സുപ്രിംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥാനക്കയറ്റംസംബന്ധിച്ചു കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ശുപാര്‍ശ കോടതി തള്ളിയത്. മെറിറ്റ് മാനദണ്ഡമാക്കിയാവണം ജഡ്ജിമാരെ നിയമിക്കേണ്ടതെന്നും സ്ഥാനക്കയറ്റപ്പട്ടിക വിരമിച്ച ജഡ്ജിമാര്‍ സാക്ഷ്യപ്പെടുത്തണമെന്നുമുള്ള സര്‍ക്കാര്‍ ശുപാര്‍ശയാണു കോടതി തള്ളിയത്.
സീനിയോറിറ്റിക്കു പകരം മെറിറ്റ് മാനദണ്ഡമാക്കിയാല്‍ ഏറ്റവും ജൂനിയറായ ഒരു ജഡ്ജിക്കു സീനിയറായ ജഡ്ജിയെ മറികടന്നു സുപ്രിംകോടതി ചീഫ് ജസ്റ്റിസാകാന്‍ കഴിയും. വിരമിച്ച ജഡ്ജിമാര്‍ സ്ഥാനക്കയറ്റപ്പട്ടിക സാക്ഷ്യപ്പെടുത്തണമെന്നുപറയുന്നതു വിവാദങ്ങള്‍ക്ക് ഇടവരുത്താനും സാധ്യതയുണ്ട്. രണ്ടുദിവസംമുന്പു കൊളീജിയത്തിന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തള്ളിയിരുന്നു. ഇപ്പോള്‍, സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ സുപ്രിംകോടതിയും തള്ളിയിരിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ സുപ്രിംകോടതി നിര്ദേശിച്ചപ്രകാരമാണു സര്‍ക്കാര്‍ ശുപാര്‍ശ അയച്ചത്. കൊളീജിയം സമ്പ്രദായം കുറ്റമറ്റതല്ലെന്നും മെച്ചപ്പെടുത്താന്‍ നിര്‍ദേശങ്ങള്‍ വേണമെന്നും ജസ്റ്റിസ് കേഹാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സുപ്രിംകോടതി സര്‍ക്കാറിന്റെ ശുപാര്‍ശകള്‍ ആവശ്യപ്പെട്ടിരുന്നത്.
കൊളീജിയം സമ്പ്രദായം സുതാര്യമല്ലെന്നു ഭരണകര്‍ത്താക്കള്‍ക്കു തോന്നിയതിന്റെ അടിസ്ഥാനത്തിലാണു ലോകസഭയും രാജ്യസഭയും ഇരുപതോളം സംസ്ഥാനങ്ങളും സംയുക്തമായി ന്യായാധിപനിയമന കമ്മിഷന് രൂപീകരണതീരുമാനമെടുത്തത്. എന്നാല്‍, സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് ഇതു റദ്ദാക്കി. കൊളീജിയം സമ്പ്രദായം സുതാര്യമല്ലെങ്കില്‍ അതു പരിഷ്കരിക്കാനാവശ്യമായ ശുപാര്‍ശകളാണു സമര്‍പ്പിക്കേണ്ടതെന്നും ഭരണഘടനാവിരുദ്ധമായ ന്യായാധിപനിയമനകമ്മിഷന് രൂപീകരിക്കലല്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്. സര്‍ക്കാര്‍ വിഭാവനംചെയ്ത ന്യായാധിപനിയമന കമ്മിഷന് ആന്തരികദൗര്‍ബല്യങ്ങള്‍ നിറഞ്ഞതാണെന്നും കോടതി നിരീക്ഷിച്ചു.
ന്യായാധിപനിയമനകമ്മിഷനില് രാഷ്ട്രീയക്കാര്‍ക്കു മുന്‍തൂക്കം ലഭിക്കുന്ന തരത്തിലാണു സര്‍ക്കാര്‍ രൂപപ്പെടുത്തിയിരുന്നാണ് ആരോപണം. ആറംഗങ്ങളില്‍, മൂന്നുപേരും ജഡ്ജിമാരാവുമ്പോള് എങ്ങനെയാണു രാഷ്ട്രീയനിയമനം നടക്കുകയെന്ന ചോദ്യംഉയര്ന്നുവന്നതാണ്. കമ്മിഷനില്‍ അംഗങ്ങളെ നിര്‍ദേശിക്കുന്നത് സര്‍ക്കാരാണ്. സര്‍ക്കാരിനു താല്‍പ്പര്യമുള്ള ജഡ്ജിമാരായിരിക്കും കമ്മിഷനില്‍ വരിക. അപ്പോള്‍ നീതിന്യായവ്യവസ്ഥയിലും രാഷ്ട്രീയക്കാരുടെ പിടിമുറുകും.
കൊളീജിയംസമ്പ്രദായം ഇതിലും ഭേദമാണ്. 1990കളിലാണു കൊളീജിയം സമ്പ്രദായത്തിലൂടെ ജഡ്ജിമാരെ നിയമിക്കുന്നത് നിലവില്‍ വന്നത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന ജഡ്ജിമാരുടെ അഞ്ചംഗസമിതി സ്ഥാനക്കയറ്റത്തിനായുള്ള ജഡ്ജിമാരുടെ പേരുകള്‍ നിര്‍ദേശിക്കും. സമിതി നിര്‍ദേശിക്കുന്ന പേരുകള്‍ സര്‍ക്കാരുമായി ആലോചിച്ചശേഷം രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും തീര്പ്പിനായിഅയയ്ക്കും. അതിനുശേഷമേ സ്ഥാനക്കയറ്റം നിലവില്‍വരൂ.
ഈ സമ്പ്രദായത്തിനു സുതാര്യതപോരെന്നും ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ നിയമിക്കുന്നതു ശരിയല്ലെന്നും നിരീക്ഷിച്ചാണു സര്‍ക്കാര്‍ ജുഡീഷ്യല്‍ നിയമന കമ്മിഷന് നിയമത്തിനു രൂപംനല്കിയത്. കൊളീജിയം നിയമനിര്‍മാണസഭയുടെയും നിയമനിര്‍വഹണ സംവിധാനത്തിന്റെയും അധികാരത്തിലാണു കൈകടത്തിയിരിക്കുന്നതെന്നും നയപരമായ കാര്യങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം ഭരണഘടന നല്കിയിരിക്കുന്നതു നിയമനിര്മാണസഭയ്ക്കാണെന്നും പറഞ്ഞായിരുന്നു സര്‍ക്കാര്‍ കൊളീജിയം സമ്പ്രദായത്തിനെതിരേ തിരിഞ്ഞത്.
ന്യായാധിപനിയമനകമ്മിഷന് അസാധുവാക്കിക്കൊണ്ടുള്ള ഉത്തരവിനെ സര്‍വാത്മനാ പിന്താങ്ങിയവരില് രാജ്യത്തെ പ്രമുഖഅഭിഭാഷകരുമുണ്ട്. രാംജത് മലാനി, നരിമാന് എന്നിവര്‍ അതില്‍ പ്രമുഖരാണ്. ജനാധിപത്യത്തിന്റെ തൂണുകള്‍ ഒന്നൊന്നായി തകര്ന്നുകൊണ്ടിരിക്കുമ്പോള് ജഡ്ജിനിയമനങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നതു ജനാധിപത്യത്തിന്റെ തകര്ച്ചവേഗത്തിലാക്കാന്മാത്രമേ ഉപകരിക്കൂവെന്നു ഭരണഘടനാ ബെഞ്ചിന്റെ വിധിയെ സ്വാഗതംചെയ്തുകൊണ്ടു രാംജത് മലാനി വ്യക്തമാക്കിയതുമാണ്.
നീതിന്യായവ്യവസ്ഥയുടെ നിലനില്‍പ്പു രാഷ്ട്രീയക്കാര്‍ കൈവെക്കുന്നതോടെ അവതാളത്തിലാകുമെന്നതിനു സംശയമില്ല. ജനാധിപത്യത്തിന്റെ തകര്ച്ചയായിയിരിക്കും അതുവഴി സംഭവിക്കുക. ഭരണഘടനാ ബെഞ്ചിന്റെ നിഗമനങ്ങളായിരിക്കും ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിച്ചു നിലനിര്‍ത്തുക എന്നതിനു സംശയമേതുമില്ല.