2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജീവന്‍രക്ഷാ ഔഷധങ്ങള്‍ വില്‍ക്കില്ല എന്ന നിലപാട് ഗുണ്ടായിസം

ജീവന്‍രക്ഷാ ഔഷധങ്ങള്‍  വില്‍ക്കില്ല എന്ന ഔഷധ വ്യാപാരികളുടെ  ഭീഷണി ഗുണ്ടായിസമെന്ന് കേരളാ ഫാര്‍മസിസ്റ്റ് ഓര്‍ഗനൈസേഷന്‍. എക്‌സൈസ് വകുപ്പ് നടത്തുന്ന പരിശോധനകളെ പ്രതിരോധിക്കാന്‍ എന്ന വ്യാജേന ഔഷധവ്യാപാരികളും ഒരുകൂട്ടം ഫാര്‍മസിസ്റ്റുകളും നടത്തുന്ന പ്രതിരോധവും സമരവും തികഞ്ഞ കാടത്തവും നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ഇത്തരം ഹീനപ്രവൃത്തികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കേണ്ട ഫാര്‍മസിസ്റ്റുകള്‍ ഈ സമരത്തില്‍ പങ്കെടുത്തു എന്നത് സ്വന്തം തൊഴിലിനെ വ്യഭിചാരിക്കുന്നതിനു സമാനമായി എന്നു പറയാതെ വയ്യ. മാന്യമായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു ഫാര്‍മസിസ്റ്റിനും ഇത്  അംഗീകരിച്ചു നല്‍കാനാവില്ല.
   ഔഷധ വില്‍പന നടത്താന്‍ ലൈസന്‍സ് ലഭിക്കുന്നതിനു യോഗ്യതയുള്ള ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ മാത്രമേ ഔഷധ വ്യാപാരം നടത്തുകയുള്ളൂ എന്നും മരുന്നുകള്‍ കൃത്യമായ താപനിലയില്‍ ഗുണനിലവാരം നഷ്ടപ്പെടാതെ സൂക്ഷിക്കുമെന്നുമെല്ലാം സത്യവാങ്മൂലം എഴുതിനല്‍കി ലൈസന്‍സ് സമ്പാദിച്ചശേഷം സകല നിയമങ്ങളും കാറ്റില്‍പറത്തി ചോദിക്കുന്നവര്‍ക്കെല്ലാം ആന്റിബയോട്ടിക്കുകള്‍ അടക്കമുള്ള മരുന്നുകള്‍ യഥേഷ്ടം വില്‍പന നടത്തുന്നു.
ഒരു ഡോക്ടറുടെ പേരും രോഗിയുടെ പേരും  ബില്ലില്‍ എഴുതിച്ചേര്‍ത്താല്‍ എന്തും വില്‍ക്കാവുന്ന ഒരു സംവിധാനമാണ് ഇന്നു നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്. അടിയന്തിരമായി ഇതിനു മാറ്റം ഉണ്ടാക്കണം. ഒരിക്കല്‍ കൊടുത്ത മരുന്ന് അതെ കുറിപ്പടി ഉപയോഗിച്ച് വീണ്ടും വീണ്ടും വാങ്ങാവുന്ന അവസ്ഥക്ക് കടിഞ്ഞാണിടണം. മരുന്നു കുറിപ്പടിയില്‍ ഇവ എഴുതിയ അളവില്‍ നല്‍കി ഇനി നല്‍്കാന്‍ പാടില്ല എന്ന രീതിയില്‍ സീല്‍ പതിക്കുകയും മരുന്ന് വിതരണം ചെയ്ത സ്ഥാപനത്തിന്റെ പേരും തിയതിയും മരുന്ന് കുറിപ്പടിയില്‍ രേഖപ്പെടുത്തുകളയും ചെയ്യണം. ഇത്തരമൊരു കര്‍ശന നിയമം നടപ്പിലാക്കിയാല്‍ വലിയൊരളവില്‍ മരുന്ന് ദുരുപയോഗം ഇല്ലാതാക്കാന്‍ കഴിയും.

ഇതെല്ലാം കൃത്യമായി പരിശോധിക്കുകയും നടപടിയെടുക്കുകയും ചെയ്യേണ്ട  ഔഷധ നിയന്ത്രണ വിഭാഗം ഇവിടുത്തെ ഔഷധവ്യാപാരികളും മരുന്നുകമ്പനികളും ഉള്‍പ്പെടെയുള്ള  ഔഷധ മാഫിയയുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്നു. 2012നു ശേഷം യാതൊരുവിധ പരിശോധനകളും നടത്താതെ അയ്യായിരത്തിലധികം  ഔഷധ വില്‍പനശാലകള്‍ കേരളത്തില്‍ ഉണ്ടെന്നുള്ള സത്യം ഇവരുടെ അനാസ്ഥയുടെയും അഴിമതിയുടെയും വ്യക്തമായ ചിത്രം വരച്ചു കാട്ടുന്നു.

മാസം തോറും കാണേണ്ട പോലെ കണ്ടാല്‍ പരിശോധനയില്ല. പകല്‍ സമയത്തുപോലും  യോഗ്യതയുള്ള ഫാര്‍മസിസ്‌ററ് ഇല്ലാതെ കച്ചവടം ചെയ്യുന്നു. ഔഷധനിയന്ത്രണ വിഭാഗം മേധാവിയുടെ ഓഫീസ്  സ്ഥിതി ചെയ്യുന്ന തിരുവന്തപുരം ജില്ലയിലാണ് ഒരു ലൈസന്‍സിന്റെ മറവില്‍ 5 ഔഷധ വില്‍പ്പന ശാലകള്‍ പ്രവര്‍ത്തിച്ചത്. അതും സ്‌കൂള്‍ കോളേജ് പരിസരത്തു. ഇവിടെ പ്രധാനമായും വില്‍പ്പന നടത്തിയത് ലഹരിയുണ്ടാക്കുന്ന മരുന്നുകള്‍. ഇത്തരം മരുന്നുകളുടെ അനധികൃത വില്‍പന കണ്ടെത്താനും തടയാനും എക്‌സൈസ് കമ്മീഷണര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ അഭിനന്ദിക്കുകയും കേരളത്തിലെ മുഴുവന്‍ സ്ഥാപനങ്ങളും ഇത്തരത്തില്‍ പരിശോധന വിധേയമാക്കുകയും യോഗ്യതയുള്ള ഫാര്‍മസിസ്‌ററ് ഇല്ലാതെ,ൃ പ്രത്യേകിച്ച് വൈകുന്നേരം നാലുമണിക്കുശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളുടെ പേരിലും നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെടുന്നു.

ജനത്തിന്റെ ജീവനും ആരോഗ്യത്തിനും സംരക്ഷണം നല്‍കാന്‍, മരുന്നിന്റെ ദുരുപയോഗം തടയാന്‍ അധികാരപ്പെട്ട, ഫാര്‍മസിസ്റ്റുകള്‍ കൂടിയായ ഡ്രഗ് കണ്‍ട്രോളറും  ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരും കാണിക്കുന്ന അനാസ്ഥയുടെ ഫലമാണ് എക്‌സൈസ് വിഭാഗം ഇത്തരത്തില്‍ ഒരുനീക്കം നടത്താന്‍ കാരണമായത്. ഇത്രയും സംഭവവികാസങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടും നമ്മുടെ ഔഷധ നിയന്ത്രണ വിഭാഗം മയക്കത്തിലാണ്. എന്ന് മാത്രമല്ല ഔഷധവ്യാപാരികളുടെ ഈ ഗൂഢനീക്കത്തിന് അവരുടെ രഹസ്യപിന്തുണയും ഉണ്ട് എന്ന് ഞങ്ങള്‍ സംശയിക്കുന്നു.

കേരളത്തിലെ ഔഷധ നിയന്ത്രണ വിഭാഗത്തെ ഓര്‍ത്തും ഔഷധ വ്യാപാരി സംഘടനയുടെ ചട്ടുകമായി ഫാര്‍മസിസമൂഹത്തിനു മുഴുവന്‍ അപമാനമുണ്ടാക്കുന്ന രീതിയില്‍  ഇവരോടൊപ്പം സമരം നടത്തിയ ഫാര്‍മസിസ്റ്റുകളെ ഓര്‍ത്തും ഞങ്ങള്‍ ലജ്ജിക്കുന്നു. ഇവരുടെ ഈ ഗുണ്ടായിസം അനുവദിച്ചു കൊടുത്താല്‍ ഔഷധ വില്‍പ്പനശാലകള്‍വഴി നിര്‍ബാധം മയക്കുമരുന്നുകളും ലൈംഗിക ഉത്തേജകമരുന്നുകളും ചെറുപ്പക്കാര്‍ക്ക് ലഭിക്കാന്‍ ഇടവരുമെന്നും. നമ്മുടെ നാട്ടില്‍ പെരുകുന്ന സ്ത്രീപീഡനങ്ങള്‍ അടക്കമുള്ളവ കൂടുതല്‍  വര്‍ധിക്കാന്‍ ഇടയാക്കുമെന്നും ഞങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു. ഇതിനെതിരെ മനുഷ്യ സ്‌നേഹികള്‍ മുന്നോട്ടു വരണം. യോഗ്യതയുള്ള ഫാര്‍മസിസ്‌ററ്  ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഔഷധ വില്പനശാലകളെക്കുറിച്ചു അധികാരികളെ അറിയിക്കാന്‍ പൊതുജനം തയാറാകണം.

          ഇതിനെതിരെ ശക്തമായ നടപടി എടുക്കാന്‍ ഫാര്‍മസി നിയമം കര്‍ശനമായി കേരളത്തില്‍ നടപ്പിലാക്കാന്‍ ബഹുമാനപ്പെട്ട  ആരോഗ്യ വകുപ്പ് മന്ത്രിയും  മുഖ്യമന്ത്രിയും  അടിയന്തിര നടപടി സ്വീകരിക്കണം. കേരളത്തിലെ മുഴുവന്‍ ഔഷധവില്‍പ്പന ശാലകളിലും  വൈകുന്നേരം നാലു മണിക്കു ശേഷം പരിശോധന നടത്തണമെന്നും കേരളാ ഫാര്‍മസിസ്റ്റ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. മുഹമ്മദ് ജുനൈസ് സൈഫുദ്ധീന്‍ താരി, ശ്രീരാഗ്  എടപ്പാള്‍, പ്രേംജി വയനാട് ,റാഷിഖ് റഹ്മാന്‍  എന്നിവര്‍ സംസാരിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.