
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാര സെസ് കുടിശ്ശിക സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന 42ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം സമവായത്തിലെത്താതെ പിരിഞ്ഞു. കേന്ദ്രം നല്‍കാനുള്ള തുകയ്ക്ക് പകരമായി റിസര്‍വ് ബാങ്കില്‍ നിന്ന് ലോണെടുക്കണമെന്ന കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങള്‍ തള്ളി. 21 സംസ്ഥാനങ്ങള്‍ കേന്ദ്രം മുന്നോട്ടുവച്ച നിര്‍ദേശം തെരഞ്ഞെടുക്കാന്‍ തയാറായെന്ന് അറിയിച്ചതായി യോഗത്തിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന് അറിയിച്ചു. ഈ വര്‍ഷത്തെ നഷ്ടപരിഹാര സെസ്സില്‍ ഇതുവരെ പിരിച്ച 20,000 കോടി സംസ്ഥാനങ്ങള്‍ക്ക് തിങ്കളാഴ്ച രാത്രി തന്നെ നല്‍കുമെന്നും നല്‍കുമെന്നും ബാക്കിയുള്ള കാര്യങ്ങള്‍ 12ന് വീണ്ടും യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യുമെന്നും നിര്‍മലാ സീതാരാമന് പറഞ്ഞു.
ഇതുകൂടാതെ പിശകുകള്‍ കാരണം 2017-18 വര്‍ഷത്തില്‍ ഐ.ജി.എസ്.ടി ഇനത്തില്‍ കുറവ് വരുമാനം ലഭിച്ച സംസ്ഥാനങ്ങള്‍ക്കുള്ള 25,000 കോടി രൂപ അടുത്ത ആഴ്ച അവസാനം കൈമാറും. നഷ്ടപരിഹാര സെസ് ഈടാക്കല്‍ 2022ന് ശേഷവും തുടരാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ജി.എസ്.ടി വരുമാനത്തിലെ നിലവിലെ ഇടിവ് പരിഗണിച്ചാണ് സെസ് നീട്ടുന്നത്. ജനുവരി ഒന്നുമുതല്‍ 5 കോടിക്ക് താഴെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ പ്രതിമാസം നല്‍കേണ്ട ജി.എസ്.ടി.ആര് -1, ജി.എസ്.ടി.ആര് 3-ബി റിട്ടേണുകള്‍ എല്ലാ മാസവും നല്‍കേണ്ടതില്ല. മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ നല്കിയാല് മതി.