2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജി.എസ്.ടി നഷ്ടപരിഹാരം: കേന്ദ്രം വഴങ്ങുന്നു

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ വഴങ്ങുന്നു. നേരത്തെ, ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍തന്നെ ലോണെടുക്കണമെന്നു ശാഠ്യം പിടിച്ചിരുന്ന ധനമന്ത്രാലയം കഴിഞ്ഞ ദിവസം നിലപാട് മയപ്പെടുത്തി രംഗത്തെത്തി.
സംസ്ഥാനങ്ങള്‍ക്കു നല്‍കാനുള്ളതില്‍ 1.1 ലക്ഷം കോടി രൂപ കേന്ദ്രംതന്നെ ലോണെടുത്ത് സംസ്ഥാനങ്ങള്‍ക്കു വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങള്‍തന്നെ 1.1 ലക്ഷം കോടി രൂപ വായ്പയെടുക്കണമെന്നും ഇതിനു റിസര്‍വ് ബാങ്കിന്റെ പ്രത്യേക സംവിധാനം ഒരുക്കാമെന്നുമായിരുന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നത്.
അതിന്റെ മുതലും പലിശയും ജി.എസ്.ടി സെസ്സില്‍നിന്നു നല്‍കാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു മേല്‍ കടബാധ്യത അടിച്ചേല്‍പിക്കുകയാണെന്നാരോപിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതിനെ എതിര്‍ത്തിരുന്നു. കേന്ദ്രംതന്നെ വായ്പയെടുത്തു നല്‍കണമെന്നായിരുന്നു ഈ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്. 20 സംസ്ഥാനങ്ങള്‍ കേന്ദ്ര നിലപാടിനെ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മൂന്നുതവണ ജി.എസ്.ടി കൗണ്‍സില്‍ ചേര്‍ന്നെങ്കിലും തീരുമാനത്തിലെത്താനായിരുന്നില്ല. ഇതിനു പിന്നാലെ, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ നീക്കം തുടങ്ങുകയും ചെയ്തതോടെയാണ് കേന്ദ്രം നിലപാട് മയപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
1.1 ലക്ഷം കോടി രൂപ കേന്ദ്രം കടമെടുത്ത് അതു സംസ്ഥാനങ്ങള്‍ക്കു വീതിച്ചുനല്‍കുമെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.