2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജി.എസ്.ടിയെ പരിഹസിച്ചു; നടന്‍ വിജയ്‌ക്കെതിരേ ബി.ജെ.പി

മോദിയെ വിമര്‍ശിക്കുന്നത് വിജയ് ക്രിസ്ത്യാനിയായതുകൊണ്ടെന്ന് വര്‍ഗീയ പരാമര്‍ശം

ചെന്നൈ: നോട്ട് നിരോധനം, ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെ പരിഹസിക്കുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് തമിഴ് ചിത്രം മെര്‍സലിനെതിരേ ബി.ജെ.പി. വിജയ് നായകനായ ചിത്രത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിമാനപദ്ധതികളെ വിമര്‍ശിക്കുന്ന രംഗങ്ങളാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. അണിയറപ്രവര്‍ത്തകരോട് ഈ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ബി.ജെ.പി സംസ്ഥാന ഘടകം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രംഗങ്ങള്‍ നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

കാലിയായ പഴ്‌സ് തുറന്നുകാട്ടി ഡിജിറ്റല്‍ ഇന്ത്യയ്ക്ക് നന്ദിപറയുന്ന രംഗവും ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതിഘടനയെ താരതമ്യം ചെയ്യുന്നതും രാജ്യത്തെ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങളും തുറന്നുകാട്ടുന്ന രംഗങ്ങളാണ് ബി.ജെ.പിയുടെ പ്രതിഷേധത്തിന് കാരണമായത്. തിയറ്ററുകളില്‍ ഈ രംഗങ്ങള്‍ക്ക് വന്‍ കൈയടി ലഭിച്ചതും ബി.ജെ.പിയെ ചൊടിപ്പിച്ചിട്ടുണ്ട്. സിംഗപ്പൂരില്‍ ഏഴുശതമാനം ജി.എസ്.ടിയുള്ളപ്പോള്‍ ഇന്ത്യയില്‍ അത് 28 ശതമാനമാണ്. കുടുംബബന്ധം തകര്‍ക്കുന്ന ചാരായത്തിന് ജി.എസ്.ടിയില്ല. എന്നാല്‍ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ടെന്നും ചിത്രത്തില്‍ പറയുന്നു.
എതിര്‍പ്പിനെ ന്യായീകരിക്കാന്‍, നടന്‍ വിജയ് ക്രിസ്ത്യാനിയായതിനാലാണ് മോദി സര്‍ക്കാരിനെതിരേ വിദ്വേഷ പ്രചാരണം നടത്തുന്നതെന്നാണ് ബി.ജെ.പി നേതാവ് എച്ച്.രാജയുടെ വാദം. സിനിമയുടെ നിര്‍മാതാവ് ഹേമ രുക്മാനിയയും ക്രിസ്ത്യാനിയാണോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രം ഇറങ്ങിയതു മുതല്‍ ഇതിനെതിരേ ബി.ജെ.പി രംഗത്തുവന്നിരുന്നു.

അതേസമയം ബി.ജെ.പി എതിര്‍പ്പിനെ തള്ളി ചിത്രത്തിന് പിന്തുണയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. ബി.ജെ.പി എതിര്‍ക്കുന്നതായ രംഗങ്ങള്‍ ഒരിക്കലും നീക്കം ചെയ്യരുതെന്നും സംഘ്പരിവാറിന്റെ ആവശ്യം അംഗീകരിക്കരുതെന്നും തമിഴ്‌സംവിധായകന്‍ പാ രഞ്ജിത്ത് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ കപട വികസനവാദങ്ങളുടെ ബുദ്ധിമുട്ടനുഭവിക്കുന്നത് സാധാരണക്കാരാണ്. ഈ ബുദ്ധിമുട്ടാണ് സിനിമയിലുള്ളത്. അതില്‍ ബി.ജെ.പി വിഷമിച്ചിട്ടു കാര്യമില്ലെന്നും പാ രഞ്ജിത്ത് വ്യക്തമാക്കി.
ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂര്‍ ആശുപത്രിയില്‍ പിഞ്ചുകുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച വിഷയവും ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ടു പോകുന്ന ഡിജിറ്റല്‍ ഇന്ത്യയുടെ ദയനീയതയും സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്.

സര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും പുകഴ്ത്തിയുള്ള ചിത്രങ്ങള്‍ക്ക് മാത്രം അനുമതി ലഭിക്കുന്ന കാലം വിദൂരമല്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പി.ചിദംബരം ട്വീറ്റ് ചെയ്തു. സിനിമാ നിര്‍മാതാക്കള്‍ ശ്രദ്ധിക്കുക. സര്‍ക്കാരിന്റെ നയങ്ങളെ പുകഴ്ത്തുന്ന ഡോക്യുമെന്ററികള്‍ക്കു മാത്രം അനുമതി ലഭിക്കുന്ന നിയമം ഉടന്‍ വരുമെന്നും ബി.ജെ.പി നീക്കത്തെ പരിഹസിച്ച് ചിദംബരം പറയുന്നു.
‘മെര്‍സലിന്’ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതാണെന്നും ബി.ജെ.പിയുടെ വാക്കുകള്‍ക്ക് ചെവികൊടുത്ത് റീ സെന്‍സര്‍ ചെയ്യേണ്ട കാര്യമില്ലെന്നും നടന്‍ കമല്‍ഹാസനും ട്വീറ്റ് ചെയ്തു.

 

 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.