2021 January 15 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജി.എസ്.ടിയിലെ എട്ടുകാലി മമ്മൂഞ്ഞുമാര്‍

പ്രൊഫ. കെ അരവിന്ദാക്ഷന്‍ 9446495119

ലോകത്ത് അനിശ്ചിതത്വമുള്ളതു രണ്ടുകാര്യങ്ങളിലാണെന്നാണു പ്രമുഖ എഴുത്തുകാരനും തത്വചിന്തകനുമായ ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് മരണവും മറ്റൊന്ന് നികുതിയുമാണ്. ജൂലൈ ഒന്നുമുതല്‍ ചരക്കുസേവന നികുതി (ജി.എസ്.ടി) നടപ്പിലാക്കിയതോടെ ഇന്ത്യ ഏകീകൃത നികുതിവ്യവസ്ഥയിലേയ്ക്ക് എത്തിയിരിക്കുകയാണ്. അതോടെ നികുതിയിലെ അനിശ്ചിതത്വത്തിന് ഒരു പരിധിവരെ വിരാമമാകുമെന്നാണു കണക്കുകൂട്ടുന്നത്.

ഇവിടെ ജി.എസ്.ടി നടപ്പിലാക്കുന്നതിനു സ്വീകരിച്ച നടപടിക്രമങ്ങളിലെ അനിശ്ചിതത്വം ഇന്നു ജി.എസ്.ടി.യുടെ ഗുണങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. ജി.എസ്.ടി നടപ്പിലാക്കുന്നതിനു മുമ്പായി അനിവാര്യമായി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എടുക്കാതിരുന്നതുമൂലം ജി.എസ്.ടിയുടെ ഫലം ജനങ്ങളിലേക്ക് എത്തിയില്ല. ഇവിടെ പല വ്യാപാരികളും വ്യവസായികളും ജി.എസ്.ടിയുടെ മറവില്‍ അമിതവില ഈടാക്കുകയാണ്. ഇതുവഴി ജി.എസ്.ടി വന്നപ്പോള്‍ സാധനസാമഗ്രികള്‍ക്കു വില കുറയുന്നതിനുപകരം വില കൂടുകയാണു ചെയ്തത്.

സത്യത്തില്‍ ജി.എസ്.ടി പൂര്‍ണമായി നടപ്പാക്കുന്നതിനിടയില്‍ വരുത്തിയ അനിശ്ചിതത്വം വ്യാപാരികള്‍ അവസരമാക്കുകയാണു ചെയ്തിരിക്കുന്നത്. ഇതുപോലെത്തന്നെയാണു ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചെയ്തത്. ജി.എസ്.ടിയെ സംബന്ധിച്ചു പ്രതിപക്ഷത്തുള്ള, പ്രത്യേകിച്ചു കോണ്‍ഗ്രസിലുള്ള അനിശ്ചിതത്വം അവസരമാക്കിയെടുക്കുകയായിരുന്നു മോദി .

ജനം സുഖമായുറങ്ങേണ്ട അര്‍ധരാത്രിയില്‍ ജി.എസ്.ടി പ്രഖ്യാപനം നടത്തി മറ്റൊരു സ്വാതന്ത്ര്യമാണു താന്‍ രാജ്യത്തിനു നല്‍കിയതെന്നു ബോധ്യപ്പെടുത്തി കൈയടി നേടാന്‍ ശ്രമിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനത്തെ ഏറെ വലച്ച നോട്ടുപിന്‍വലിക്കല്‍ പ്രഖ്യാപനവും രാത്രിയിലായിരുന്നല്ലോ.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ സംസാരവും കേട്ടാല്‍ എട്ടുകാലി മമ്മൂഞ്ഞിനെയാണ് ഓര്‍മവരിക. രാജ്യത്ത് ആദ്യമായി നടത്തുന്ന സമൂല നികുതി പരിഷ്‌കാരം മോദി അധികാരത്തിലേറി മൂന്നുവര്‍ഷത്തിനുള്ളില്‍ കണ്ടുപിടിച്ചു രൂപപ്പെടുത്തിയതാണെന്ന മട്ടിലാണ് അവകാശവാദം. മോദിക്കല്ലാതെ മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നു വരുത്താന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു.

ഏഴുപതിറ്റാണ്ടിലേയ്ക്കു കടക്കുന്ന സ്വതന്ത്രഇന്ത്യയില്‍ ഇതിനുമുമ്പുണ്ടായ നികുതി പരിഷ്‌കാരങ്ങളോ ജി.എസ്.ടിക്കു വേണ്ടി നടത്തിയ അടിസ്ഥാനപ്രവര്‍ത്തനങ്ങളോ വിസ്മരിച്ചുകൊണ്ടു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ജി.എസ്.ടി പ്രഖ്യാപനം സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു ജനിച്ച ഞാനുള്‍പ്പെടെയുള്ളവരില്‍ അത്ഭുതം സൃഷ്ടിക്കുകയാണ്. മൂന്നുവര്‍ഷംകൊണ്ട് ഒരു വ്യക്തിയോ ഒരു സര്‍ക്കാരോ കൊണ്ടുവന്ന നേട്ടമല്ല ജി.എസ്.ടി. അതു തുറന്നുകാണിക്കുന്നതില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് പരാജയപ്പെടുമ്പോള്‍ ആ സാഹചര്യം മോദിയും ബി.ജെ.പിയും അവസരമാക്കി.

ഭരണഘടനാപദവിയില്‍ ഏറ്റവും ഉന്നതനായ രാഷ്ട്രപതിയെ ഇരുത്തിക്കൊണ്ട് പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ പ്രധാനമന്ത്രി ജി.എസ്.ടി പ്രഖ്യാപനം നടത്തിയതു ഔചിത്യമില്ലായ്മയും പ്രഥമപൗരനോടുള്ള അനാദരവുമായി. ജി.എസ്.ടിക്കു മുന്നോടിയായുള്ള നിയമപരിഷ്‌കാരങ്ങളെയും അതിനുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തികളെയും തീര്‍ത്തും വിസ്മരിച്ചുകൊണ്ടാണു ക്രെഡിറ്റ് തട്ടിയെടുക്കാന്‍ മോദി ശ്രമിക്കുന്നത്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എല്‍.കെ ഝാ, നികുതിവിദഗ്ധന്‍ രാജ ചെല്ലയ്യ, സാമ്പത്തികശാസ്ത്രജ്ഞനായ അമരീഷ് കുമാര്‍ ബാക് ചി, സാമ്പത്തികവിദഗ്ധന്‍ ഗോവിന്ദറാവു, മുന്‍ധനകാര്യ സെക്രട്ടറി വിജയ് ഖേല്‍ക്കര്‍ എന്നിവരുടെയെല്ലാം പങ്കു വിസ്മരിക്കരുതായിരുന്നു.

നെഹ്‌റുവിന്റെ കാലം മുതല്‍ നികുതിപരിഷ്‌കാരപ്രവര്‍ത്തനം ആരംഭിച്ചതാണ്. ഇതിന്റെ തുടര്‍ച്ചയായി മാത്രമേ ജി.എസ്.ടി നികുതി പരിഷ്‌കാരത്തെയും കാണാന്‍ കഴിയൂ. നെഹ്‌റുവിന്റെ കാലത്ത് ടി.ടി കൃഷ്ണമാചാരി എന്ന ധനമന്ത്രി വഹിച്ച പങ്ക് രാജ്യത്തിന് ഒരിക്കലും മറക്കാന്‍ കഴിയില്ല. ജി.എസ്.ടിക്കുവേണ്ടി പാതതെളിച്ച മുന്‍പ്രധാനമന്ത്രിമാരെയും ധനമന്ത്രിമാരെയും മോദിയും അരുണ്‍ ജെയ്റ്റ്‌ലിയും വിസ്മരിച്ചു.

വില്‍പനനികുതിയെ വാറ്റിലേയ്ക്കും വാറ്റിനെ മോഡിഫൈഡ് വാല്യൂ ആഡഡ് ടാക്‌സിലേയ്ക്കും പരിവര്‍ത്തിപ്പിച്ച വി.പി സിങ്ങിനെയും വാറ്റിനെ പരിഷ്‌കരിച്ചു വ്യാപിപ്പിച്ച മന്‍മോഹന്‍സിങ്ങിനെയും വാജ്‌പേയ് മന്ത്രിസഭയിലെ യശ്വന്ത്‌സിങ് കൊണ്ടുവന്ന കേന്ദ്രീകൃത മൂല്യവര്‍ധിത നികുതിയെയും യു.പി.എ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന പി.ചിദംബരം കൊണ്ടുവന്ന ആദ്യത്തെ ജി.എസ്.ടി ഭരണഘടനാ ഭേദഗതിബില്ലിനെയുമെല്ലാം തീര്‍ത്തും അവഗണിച്ച് വെറും മോദിമാജിക് ആയാണ് ബി.ജെ.പിയും മോദിയും പുതിയ നികുതിപരിഷ്‌കാരത്തെ അവതരിപ്പിക്കുന്നത്.

എന്തിന്, ആദ്യത്തെ ജി.എസ്.ടി നെറ്റ്‌വര്‍ക്ക് ഡിസൈന്‍ ചെയ്ത നന്ദന്‍ നിലേക്കനിയെയോ അതിനു ചുമതലപ്പെടുത്തിയ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ഇന്നത്തെ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയെയോ പരാമര്‍ശിക്കാനുള്ള മനസ്സുപോലും മോദിക്കുണ്ടായില്ല. രാഷ്ട്രപതിയെ മുന്നിലിരുത്തിയാണ് ഈ അനാദരവു കാട്ടിയത്.

ജി.എസ്.ടി നടപ്പാക്കുമ്പോള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാതിരുന്നതുമൂലമുള്ള അനിശ്ചിതത്വമാണ് എല്ലാ മേഖലയിലും ചൂഷണമായി ഇന്നു പ്രതിഫലിക്കുന്നത്. പഴുതടച്ച പരിഷ്‌കാരങ്ങളാണ് ഇക്കാര്യത്തില്‍ ആവശ്യം. ജി.എസ്.ടി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം. സംസ്ഥാനങ്ങളെ മോഡല്‍ ഒന്ന്, മോഡല്‍ രണ്ട് വിഭാഗങ്ങളായിട്ടാണു തിരിച്ചിരിക്കുന്നത്.

വികസിതസംസ്ഥാനങ്ങള്‍ എന്ന ഒന്നാംവിഭാഗത്തില്‍ വരുന്ന കേരളത്തിനു നികുതിവ്യവസ്ഥ ഡിസൈന്‍ ചെയ്യുന്നതിനും സ്വന്തമായി സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നതിനുമുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കേരളത്തിന് അവസരത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. പരാതികള്‍ സ്വീകരിക്കുന്നതിനും നടപടിയെക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ നേരത്തെതന്നെ രൂപീകരിക്കണമായിരുന്നു. ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതായിരുന്നു.
കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്കിന്റെ ഇടപെടലുകളെ അഭിനന്ദിക്കാതിരിക്കാനും കഴിയുകയില്ല. ജി.എസ്.ടിയെ സംസ്ഥാനത്തിന് അനുകൂലമാക്കി മാറ്റിയെടുക്കാന്‍ തോമസ് ഐസക്കിനു കഴിഞ്ഞിട്ടുണ്ട്. ലോട്ടറി നികുതിയുടെ കാര്യത്തിലും ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ ആനൂകൂല്യം നേടിയെടുക്കുന്നതിലും കേരളം വിജയിച്ചു. കൂടാതെ, സേവനനികുതി പിരിക്കാനുള്ള അവകാശം ലഭിച്ചതുവഴി ടെലിഫോണ്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ്, റെയില്‍വേ ടിക്കറ്റ്, തുടങ്ങിയവയില്‍ നിന്നുള്ള വരുമാനവും സംസ്ഥാനത്തിനു ലഭിക്കും.

കച്ചവടക്കാരുടെ തന്ത്രങ്ങള്‍ പ്രതിരോധിക്കാനും അവ്യക്തതകള്‍ ദൂരീകരിക്കാനും കഴിഞ്ഞാല്‍ സ്വാഭാവികമായും ഉല്‍പന്നങ്ങള്‍ക്കു വിലകുറയുന്ന സാഹചര്യമുണ്ടാകും. ഒരു രാഷ്ട്രം, ഒരു നികുതി, ഒരു വിപണി എന്ന ആശയം നടപ്പിലാക്കുന്നത് അഭിമാനമാകുമ്പോള്‍ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യം കൂടിയുണ്ട്.

എന്നാണ് ഇതുപോലെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യനീതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുക.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.