
തിരുവനന്തപുരം: ജി.എസ്.ടി നടപ്പിലാക്കുമ്പോള്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനാകും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാവുകയെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന വാണിജ്യ നികുതി, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ്, സി ആന്റ് എ.ജി, പുതുച്ചേരി വാണിജ്യ നികുതിവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായുള്ള ട്രെയിനേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം കോവളത്ത് ഹോട്ടല്‍ ഉദയ് സമുദ്രയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടി വരുന്നതിലൂടെ സംസ്ഥാനത്തിന് വന്‍ നേട്ടമാണ് കൈവരാന്‍ പോകുന്നതെന്ന് ഐസക് അഭിപ്രായപ്പെട്ടു. ജി.എസ്.ടി നടപ്പിലാകുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും, ഐ.ടി മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ രംഗത്തും സമഗ്രമായ സാങ്കേതിക മാറ്റങ്ങള്‍ക്ക് വാണിജ്യ നികുതി വകുപ്പ് തുടക്കം കുറിച്ചതായുംധനമന്ത്രി പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥര്‍ക്കായുള്ള ജി.എസ്.ടി ട്രെയിനേഴ്സ് ട്രൈനിംഗ് പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരും, നാഷണല്‍ അക്കാഡമി ഒാഫ് കസ്റ്റംസ് എക്സൈസ് ആന്‍ഡ് നര്‍ക്കോട്ടിക്സും സംസ്ഥാന വാണിജ്യ നികുതിവകുപ്പും ചേര്‍ന്നാണ്.
ജി.എസ്.ടി പരിശീലന പദ്ധതി ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങുന്നതല്ല. സംസ്ഥാനത്തെ വ്യാപാരി വ്യവസായികളും ട്രേഡിംഗ്മാനേജ്മെന്റ് ധനകാര്യ വിദഗ്ധരുമായുള്ള ആശയവിനിമയിത്തിലൂടെയും സമവായത്തിലൂടെയും ആകും പ്രായോഗികതലത്തില്‍ ജി.എസ്.ടി നടപ്പിലാകുകയെന്ന് തോമസ് ഐസക് ചൂണ്ടികാട്ടി. ഇതിനായുള്ള പ്രാഥമിക പരിപാടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു.
ജി.എസ്.ടി നടപ്പിലാവുമ്പോളുള്ള ഒരു പ്രധാന ആശങ്ക പരമാവധി നികുതിയെ കുറിച്ചാണ്. ഉപഭോക്താവിന് ഒരിക്കലും ദോഷമാകാത്ത രീതിയിലും വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്ന രീതിയിലുമുള്ള ഒരു നികുതിയിലേക്കാകാം ജി.എസ്.ടി എത്തിച്ചേരുക. ഇപ്പോഴുള്ള നികുതികള്‍ ഒറ്റ നികുതിയായി പരിഗണിക്കുമ്പോള്‍ പരമാവധി നികുതിയില്‍ ഉണ്ടാകാവുന്ന വര്‍ധനവ് എത്രയാണ് എന്ന കാര്യത്തില്‍ വിപുലമായ ആശയ വിനിമയങ്ങള്‍ നടക്കുന്നുണ്ട്.
പരിശീലന പരിപാടികളുടെ രണ്ടാം ഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ വ്യാപാരി വ്യവസായികള്‍, ചാര്‍ട്ടേര്‍ഡ് അന്റ് കോസ്റ്റ് അക്കൗണ്ടന്‍സ്, കമ്പനി സെക്രട്ടിമാര്‍, ടാക്സ് പ്രാക്ടീഷനേഴ്സ്, ധനകാര്യ മാനേജ്മെന്റ് സ്ഥാപനങ്ങള്‍ എന്നിവയുമായി ആശയ വിനിമയത്തിനുള്ള വേദി സര്‍ക്കാര്‍ ഒരുക്കുണ്ട്.
അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന പരിശീലന പരിപാടിയില്‍ ജി.എസ്.ടിയെ കുറിച്ചുള്ള സമഗ്ര അവലോകനം, ഇ-കൊമേഴ്സ്, വാറ്റില്‍ നിന്നു ജി.എസ്.ടിയിലേക്കുള്ള സുഗമവും സമഗ്രവുമായ മാറ്റം തുടങ്ങി വ്യത്യസ്ത വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് ചീഫ് കമ്മിഷണര്‍ എം. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാണിജ്യ നികുതി വകുപ്പ് കമ്മീഷണര്‍ രാജന് ഖോബ്രാഗഡെ സ്വാഗതവും വാണിജ്യ നികുതി വകുപ്പ് തിരുവനന്തപുരം ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ത്യാഗരാജ ബാബു നന്ദിയും പറഞ്ഞു.
Comments are closed for this post.