2021 January 24 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജിഷ്ണു കേസ് സി.ബി.ഐക്ക്

ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നെഹ്‌റുകോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസ് സി.ബി.ഐക്ക് കൈമാറി സുപ്രിംകോടതി ഉത്തരവിട്ടു. കേസില്‍ സി.ബി.ഐ അന്വേഷണം ആകാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സുപ്രിംകോടതി തീരുമാനിച്ചത്. ജിഷ്ണുവിന്റെ അമ്മ മഹിജ നല്‍കിയ ഹരജി പരിഗണിച്ച് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ രണ്ടംഗബെഞ്ചിന്റെതാണ് നടപടി. കഴിഞ്ഞയാഴ്ച ഹരജി പരിഗണിക്കവെ കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത് സംബന്ധിച്ച നിലപാട് അറിയിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ രാവിലെ കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ അന്വേഷണം സി.ബി.ഐക്ക് വിടുന്നതിനോട് കേന്ദ്രസര്‍ക്കാര്‍ യോജിക്കുകയായിരുന്നു. അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന സി.ബി.ഐയുടെ തീരുമാനം പുനഃപരിശോധിക്കുമെന്നു കഴിഞ്ഞതവണ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. തീരുമാനം അംഗീകരിച്ച കോടതി കേസ് സി.ബി.ഐക്ക് വിട്ട് ഉത്തരവിടുകയായിരുന്നു.
കേസ് ഏറ്റെടുക്കുന്നത് നീട്ടിക്കൊണ്ടുപോയ സി.ബി.ഐയുടെ നടപടിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കാലതാമസം വന്നത് തെളിവുകള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. ജൂണ്‍ 15ന് കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ തുടര്‍ച്ചയായ അഭ്യര്‍ഥന പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍ ഇതിന്റെ തുടര്‍ച്ചയില്ലാതിരിക്കുകയും അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാതിരിക്കുകയും ചെയ്തതോടെയാണ് ജിഷ്ണുവിന്റെ അമ്മ സുപ്രിംകോടതിയെ സമീപിച്ചത്. കേസ് ഏറ്റെടുക്കാനാകില്ലെന്ന് കഴിഞ്ഞമാസം ഒന്‍പതിന് സി.ബി.ഐ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരേ രൂക്ഷവിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. സി.ബി.ഐ അന്വേഷിക്കേണ്ട പ്രാധാന്യം കേസിനില്ലെന്നും കേസുകളുടെ ആധിക്യം കാരണം ഇതിനകം തന്നെ തങ്ങള്‍ക്ക് അമിതഭാരമാണെന്നും സി.ബി.ഐ വാദിച്ചു. ഇതെല്ലാം തള്ളിയാണ് കോടതിയുടെ ഇന്നലത്തെ വിധി. അതേസമയം, നെഹ്‌റു കോളജ് ചെയര്‍മാന്‍ കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. ഇക്കാര്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിനെ ജനുവരി ആറിനാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.