2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ജിഷയെ കുത്തിയ കത്തി: തെളിവ് പ്രോസിക്യൂഷന്‍ കെട്ടിച്ചമച്ചതെന്ന്

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നപേരില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയ കത്തി വ്യാജനെന്ന് പ്രതിഭാഗം. 35.5 സെ.മീ. നീളമുള്ള കത്തിയാണ് കൃത്യത്തിന് ഉപയോഗിച്ചതെന്നപേരില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരിക്കുന്നത്. കത്തിയുടെ പിടിയില്‍ കണ്ടെത്തിയ രക്തം ജിഷയുടേതാണെന്ന് തെളിഞ്ഞെന്നാണ് പ്രോസിക്യൂഷന്‍ വാദം. കത്തിയുടെ പിടിഭാഗത്തെ തടി പകുതിയോളം ചെറിയതോതില്‍ പിളര്‍ന്ന നിലയിലായിരുന്നു. എന്നാല്‍ ഈ കത്തിയുപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകള്‍ പര്യാപ്തമല്ലെന്ന് പ്രതിഭാഗം വാദിച്ചു.

കത്തിയുടെ പിടിഭാഗത്ത് ചെറിയ ഒരു രക്തക്കറ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. ജിഷയുടെ ശരീരത്തില്‍ കുത്തേറ്റ മുപ്പതിലേറെ പാടുകളുണ്ട്. ചില മുറിവുകള്‍ക്ക് 7.6 സെ.മീ. നീളവുമുണ്ട്. ഇത്രയേറെ തവണ കുത്തുമ്പോള്‍ കത്തിയുടെ പിടിയുള്‍പ്പെടെ രക്തത്തില്‍ മുങ്ങാന്‍ സാധ്യതയുണ്ട്. ഇപ്രകാരം രക്തം പിടിഭാഗത്തേക്ക് വരുമ്പോള്‍ പിളര്‍ന്നഭാഗത്തേക്ക് ഇറങ്ങും. അപ്രകാരം ഇറങ്ങുന്ന രക്തം കഴുകിയാലോ തുണികൊണ്ട് തുടച്ചാലോ നീക്കംചെയ്യാന്‍ പറ്റില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ബി.എ ആളൂര്‍ വാദിച്ചു.
പ്രതി അമീറിന്റെ ചെരുപ്പ് സംബന്ധിച്ചും പരസ്പര വിരുദ്ധമായ മൊഴികളാണ് സാക്ഷികള്‍ നല്‍കിയിരിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. ചെരുപ്പ് ജിഷയുടെ വീടിനുസമീപത്ത് നിന്ന് ലഭിച്ചെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്നാല്‍ പ്രതി കൃത്യം നിര്‍വഹിച്ചതിനുശേഷം വീട്ടിലെത്തിയപ്പോള്‍ കാലില്‍ ചെരുപ്പുണ്ടായിരുന്നെന്നാണ് സുഹൃത്ത് സുജല്‍ മൊഴി നല്‍കിയതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിഭാഗം അഭിഭാഷകന്റെ വാദം തിങ്കളാഴ്ചയും തുടരും. പ്രതി അമീറിന്റെ അറസ്റ്റ് സംബന്ധിച്ചും ശാസ്ത്രീയ പരിശോധനകളുടെ രേഖകള്‍ സംബന്ധിച്ചും തിങ്കളാഴ്ച വിശദമായ വാദം നടക്കും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.