2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ജിഷയുടെ മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനു വീഴ്ചപറ്റിയെന്നു കേന്ദ്രം

ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ ക്രൂര കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും പൊലിസിനെയും പ്രതിക്കൂട്ടിലാക്കി കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. കൊലപാതകം അന്വേഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിലാണ് അറിയിച്ചത്.

പെരുമ്പാവൂരിലെത്തി തെളിവെടുപ്പു നടത്തിയ കേന്ദ്ര സാമൂഹിക ക്ഷേമമന്ത്രി തവര്‍ചന്ദ് ഗെലോട്ട് തയാറാക്കിയ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ചത്. ആറുപേജുള്ള റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനേയും അന്വേഷണ സംഘത്തേയും നിശിതമായി വിമര്‍ശിക്കുന്നു.
ജിഷയുടെ മൃതദേഹം വീട്ടിനകത്ത് കിടക്കുമ്പോഴും അമ്മ വീട്ടിലുണ്ടായിരുന്നിട്ടും മൊഴിയെടുക്കാന്‍ പൊലിസ് തയാറായില്ലെന്നുള്ള ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. മൊഴിയെടുത്ത് അന്വേഷിക്കുന്നതിനു പകരം ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള തിടുക്കമാണ് പോലിസ് കാണിച്ചത്. ഇത് കേസിന്റെ അന്വേഷണത്തെ സാരമായി ബാധിച്ചു. പൊലിസെത്തുമ്പോള്‍ വീട്ടിലുണ്ടായിരുന്ന അമ്മയുടെ പരാതി പ്രകാരമാണ് കേസെടുക്കേണ്ടിയിരുന്നത്. എന്നാല്‍ അതിനുപകരം ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ പരാതി പ്രകാരമാണ് പോലിസ് കേസെടുക്കാന്‍ തയാറായത്. കൊല്ലപ്പെട്ട ജിഷ ദലിത് പെണ്‍കുട്ടി ആയതിനാല്‍ തന്നെ സംഭവം ജില്ലാ കലക്ടറുടേയോ ജില്ലാ മജിസ്‌ട്രേറ്റിന്റേയോ ശ്രദ്ധയില്‍പെടുത്തണമായിരുന്നു. എന്നാല്‍ അങ്ങിനെയൊരു ഇടപെടല്‍ ഉണ്ടായില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ബലാത്സംഗശ്രമം നടന്നെങ്കിലും ആദ്യം കേസെടുത്തപ്പോള്‍ പൊലിസ് ഇക്കാര്യം രേഖപ്പെടുത്തിയില്ല. കേവലം കൊലപാതകം മാത്രമായാണ് കേസെടുത്തത്.
എന്നാല്‍ പിന്നീട് ബലാത്സംഗം നടന്നതായി എഴുതിചേര്‍ക്കുകയായിരുന്നു. ഇതെല്ലാം കേസിനെ ബാധിച്ച ഘടകങ്ങളാണ്. ദലിത് വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളൊന്നും സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് രജിസ്റ്റര്‍ ചെയ്തില്ല.
ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കേണ്ടിയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെയൊന്നും ഇടപെടലുണ്ടായില്ല.
ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും തുടക്കത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കാതിരുന്നത് വന്‍ വീഴ്ചയായി. ഇതു കുറ്റവാളി വഴുതിപോകുന്നതിനുള്ള സാഹചര്യമൊരുക്കി. മാത്രമല്ല, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തന്നെ പൊലിസിന് ലഭിച്ചത് നാലുദിവസത്തിനുശേഷമാണ്.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഒരുതരത്തിലും കാര്യക്ഷമമല്ലെന്നും അതുകൊണ്ട് തന്നെ ആവശ്യപ്പെട്ടാല്‍ ഉടന്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്നും തവര്‍ ചന്ദ് ഗെലോട്ട് സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.