
ആലപ്പുഴ: ജില്ലയിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളായ ആലപ്പുഴയും മാവേലിക്കരയും ഇന്ന് പോളിങ് ബൂത്തിലേക്ക്.
സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അവസാന വോട്ടും ഉറപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലായിരുന്നു നിശബ്ദപ്രചാരണത്തിന്റെ ദിനം ഉപയോഗപ്പെടുത്തിയത്. ആലപ്പുഴയിലെ സ്ഥാനാര്‍ഥികളായ ഷാനിമോള്‍ ഉസ്മാനും (യു.ഡി.എഫ്), എ.എം ആരിഫും (എല്‍.ഡി.എഫ്), ഡോ. കെ. എസ് രാധാകൃഷ്ണനും (എന്‍.ഡി.എ) ഇന്നലെ രാവിലെ മുതല്‍ മണ്ഡലത്തിലെ പ്രമുഖരെയും സ്ഥാപാനങ്ങളിലും ഉള്‍പ്പടെ വോട്ടര്‍മാരെ കാണുന്ന തിരക്കിലായിരുന്നു.
പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറയിറങ്ങി അവസാനവട്ട പ്രചാരണം ഊര്‍ജിതമാക്കുന്ന തിരക്കിലായിരുന്നു. കൂടതെ പോളിങ് സ്റ്റേഷനുകള്‍ക്ക് സമീപം ബൂത്തുകള്‍ ഒരുക്കുന്നതിലും പ്രവര്‍ത്തകര്‍ സജീവമായി. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
തുടര്‍ച്ചായി 11 മണിക്കൂറാണ് വോട്ടിങ് സമയം. അവസാന സമയമായ വൈകിട്ട് ആറിന് നിരയിലുള്ള അവസാനത്തെ ആള് മുതല്‍ മുന്നിലേക്ക് ടോക്കണ്‍ നല്‍കും. അവസാനത്തെ ആള്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. മോക്ക് പോളിന് ശേഷമാണ് വോട്ടെടുപ്പ് ആരംഭിക്കുക. പ്രിസൈഡിങ് ഓഫീസര്‍മാര്‍ മോക്പോള്‍ പരിശോധിച്ച് തൃപ്തികരമെന്ന് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കും. ആലപ്പുഴ, മാവേലിക്കര ലോകസഭ മണ്ഡലങ്ങളിലെ അന്തിമ വോട്ടര്‍പ്പട്ടിക പ്രകാരം ആലപ്പുഴയില്‍ 13,56701 വോട്ടര്‍മാരും മാവേലിക്കരയില്‍ 13,07801 വോട്ടര്‍മാരുമാണുള്ളത്.
പോളിങ് ബൂത്തുകള്‍ ഒരുങ്ങി
ജില്ലയിലെ 14 വിതരണകേന്ദ്രങ്ങളില്‍ നിന്ന് ഇന്നലെ രാവിലെ മുതല്‍ പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങിയിരുന്നു. ആലപ്പുഴ നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രമായ എസ്.ഡി.വി. ജി.എച്ച്.എസ്, അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രമായ ആലപ്പുഴ ഗവണ്മെന്റ് ജി.എച്ച്.എസ് എന്നിവിടങ്ങളില്‍ രാവിലെ തന്നെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ എസ്.സുഹാസ് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
അരൂര്‍ മണ്ഡലത്തില്‍ പള്ളിപ്പുറം എന്‍.എസ്.എസ്.കോളജിലും ചേര്‍ത്തലയില്‍ സെന്റ് മൈക്കിള്‍സ് കോളജിലും കുട്ടനാട് എന്‍.എസ്.എച്ച്.എസ്.എസ് നെടുമുടിയിലും ഹരിപ്പാട് സര്‍ക്കാര്‍ ബോയ്സ് എച്ച്.എസ്.എസിലും കായംകുളം ഹരിപ്പാട് സര്‍ക്കാര്‍ ബോയ്സ് എച്ച്.എസ്.എസിലും മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസിലും ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളജിലും ചങ്ങനാശേരിയില്‍ ചങ്ങനാശ്ശേരി എസ്.ബി.എച്ച്.എസ്.എസിലും കരുനാഗപ്പള്ളിയില്‍ യൂ.പി.ജി.എസിലും കുന്നത്തൂര്‍ ശാസ്താംകോട്ട ജി.എച്ച്.എസ്.എസിലും കൊട്ടാരക്കര സെന്റ് മേരീസ് എച്ച്.എസ്.എസ് കിഴക്കേക്കരയിലും പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് എച്ച്.എസ്.എസിലുമാണ് പോളിങ് സാഗ്രികളുടെ വിതരണം നടന്നത്.
വൈകുന്നേരത്തോടെ തന്നെ ഉദ്യോഗസ്ഥര്‍ പോളിങ് ബൂത്തുകളില്‍ എത്തി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മണ്ഡലം നിറഞ്ഞു നിന്ന് നിരീക്ഷകരുടെ
പ്രവര്‍ത്തനം
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളില്‍ നിരീക്ഷകരായി പ്രവര്‍ത്തിക്കുന്ന ബെനുഥര് ബഹ്റ (ആലപ്പുഴ പൊതു നിരീക്ഷകന്), സന്തോഷ് കുമാര്‍ (ആലപ്പുഴ ചെലവ് നിരീക്ഷകന്), വികാസ് യാദവ് (മാവേലിക്കര പൊതുനിരീക്ഷകന്‍), ഡോ. അനൂപ് ബിശ്വാസ് (മാവേലിക്കര ചെലവ് നിരീക്ഷകന്), പൊലിസ് നിരീക്ഷകനായ അനുരാഗ് ശര്‍മ്മ എന്നിവരുടെ പ്രവര്‍ത്തനം ശ്രദ്ധേയമായി. മണ്ഡലം നിറഞ്ഞു നിന്നുള്ള പ്രവര്‍ത്തനമാണ് ഇവര്‍ കാഴ്ചവയ്ക്കുന്നത്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ ഇവരുടെ കണ്ണെത്തുന്നുണ്ട്. മാതൃകാ പെരുമാറ്റ ചട്ടലംഘനങ്ങള്‍ സംബന്ധിച്ച് അപ്പപ്പോള്‍ വരണാധികാരിയില്‍ നിന്നും റിപ്പോര്‍ട്ട് തേടി പ്രശ്ന പരിഹാരത്തനുള്ള നിര്‍ദേശവും നല്‍കുന്നുണ്ട്. തങ്ങളുടെ ചുമതലയിലുള്ള മിക്ക പോളിങ് ബൂത്തുകളിലും ഇതിനകം ഇവര്‍ പരിശോധന നടത്തിക്കഴിഞ്ഞു.
തീരദേശങ്ങളിലും കുട്ടനാട്ടിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലുമൊക്കെയുള്ള പോളിങ് ബൂത്തുകളിലടക്കമാണ് ഇവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയത്. വരണാധികാരിയുടെ കാര്യാലയത്തിലും വിതരണ കേന്ദ്രങ്ങളിലും നിരവധി യോഗങ്ങളിലായി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്ത നിരീക്ഷകര്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീന ക്ലാസുകളിലും പങ്കെടുത്തു.
ഇതിനിടെ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ സ്ട്രോങ്ങ് റൂമുകളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ആവശ്യത്തിനു സുരക്ഷാ സൗകര്യങ്ങള്‍, ഗതാഗത ക്രമീകരണങ്ങള്‍ എന്നിവ ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസമായ ഇന്ന് പോളിങ് ബൂത്തുകള്‍ സംബന്ധിച്ചുള്ള ക്രമീകരണവും വിലയിരുത്തി. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
വോട്ടിനൊപ്പം
വൃക്ഷത്തൈ നടാം
പ്രകൃതി സൗഹൃദ വോട്ടെടുപ്പ് എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതിയാണ് വോട്ടിനൊപ്പം ഒരു മരം പദ്ധതി. ഒരോ നിയോജക മണ്ഡലത്തിലും തിരഞ്ഞെടുക്കുന്ന ബൂത്തില്‍ വോട്ട് ചെയ്തിറങ്ങുന്ന വോട്ടര്‍ക്ക് ഒരു മരത്തിന്റെ തൈ കൂടി കൊടുത്തുവിടുന്ന പദ്ധതിയാണിത്. ഇത് മാതൃകയാക്കി എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്യുന്നതിന്റെ ഓര്‍മയ്ക്കായി ഒരു മരം കൂടി നടണമെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു.
യോഗം രണ്ടിന്
ഇ.എസ്.ഐ ആശുപത്രികളുടെയും ഡിസ്പെന്‍സറികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ് ഭാഗമായി ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസ് ( ഇ.എസ്.ഐ.എച്ച് )പരാതിപരിഹാര സെല്‍ യോഗം ചേരും.
മെയ് രണ്ടിന് ഉച്ചയ്ക്ക് മൂന്നിന് ആലപ്പുഴ ഇ.എസ്.ഐ ആശുപത്രിയിലാണ് യോഗം.