2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: വരാനിരിക്കുന്നത് ത്രികോണ മത്സരം

കശ്മിര്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചയിലേര്‍പ്പെടാന്‍ ഇന്ത്യയോടും പാകിസ്താനോടും മെഹ്ബൂബ മുഫ്തി
ന്യൂഡല്‍ഹി: ജമ്മു-കശ്മിര്‍ ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഗുപ്കര്‍ സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. നവംബര്‍ 28 മുതല്‍ എട്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. പി.ഡി.പി, നാഷനല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സി.പി.എം തുടങ്ങി ഏഴു പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ഗുപ്കര്‍ സഖ്യം, ജമ്മു-കശ്മിര്‍ അപ്നി പാര്‍ട്ടി, ബി.ജെ.പി എന്നീ മൂന്ന് വിഭാഗങ്ങളാണ് മത്സര രംഗത്തുള്ളത്. 370ാം വകുപ്പ് പുനഃസ്ഥാപിക്കുകയെന്ന ഒറ്റ അജന്‍ഡ മുന്‍നിര്‍ത്തിയാണ് ഗുപ്കര്‍ സഖ്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
ആദ്യ ഘട്ട തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക ഇതിനകം ഗുപ്കര്‍ സഖ്യം പുറത്തുവിട്ടിട്ടുണ്ട്. ആദ്യമായാണ് കശ്മിരിലെ മുഖ്യധാരാ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നേരിടുന്നത്. പുറത്തുവിട്ട 27 സ്ഥാനാര്‍ഥികളില്‍ 21 പേര്‍ നാഷനല്‍ കോണ്‍ഫറന്‍സിന്റേതാണ്. പി.ഡി.പി- 4, പീപ്പിള്‍സ് കോണ്‍ഫറന്‍സ് രണ്ട് എന്നിങ്ങനെയാണ് ഗുപ്കര്‍ സഖ്യത്തിന്റെ സ്ഥാനാര്‍ഥി പട്ടിക. 89 സ്ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പിയും പുറത്തുവിട്ടു. അതില്‍ 24 പേര്‍ സ്ത്രീകളാണ്.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് മാത്രം രൂപം കൊണ്ട ജമ്മു-കശ്മിര്‍ അപ്നി പാര്‍ട്ടി എല്ലാ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജമ്മു-കശ്മിര്‍ അപ്നി പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയത്. അതേസമയം, ഇന്ത്യയും പാകിസ്താനും കശ്മിര്‍ പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടണമെന്ന് പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു. നിയന്ത്രണ രേഖയിലുണ്ടായ വെടിവയ്പില്‍ ദുഃഖം രേഖപ്പെടുത്തിയാണ് മെഹ്ബൂബ മുഫ്തി ഇക്കാര്യം പറഞ്ഞത്. വാജ്‌പേയിയും പര്‍വേസ് മുഷറഫും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ തുടരേണ്ട സമയമാണിതെന്നും മെഹ്ബൂബ മുഫ്തി കുറിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.