
കായംകുളത്തും മുഹമ്മയിലും
ചെറിയതോതില്‍ സംഘര്‍ഷം
സ്വന്തം ലേഖകന്‍
ആലപ്പുഴ: കത്തിയാളിയ ചൂടിനു കുളിരായി ചിന്നിച്ചിതറിയെത്തിയ മഴയിലും ആവേശം ചോരാതെ ആലപ്പുഴ ജില്ലയിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് ഒഴുകിയെത്തി. കഴിഞ്ഞ തവണത്തെക്കാള്‍ പോളിങ് ശതമാനം കുറവാണെങ്കിലും മുന്നണികളുടെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്ന ജനവിധിയാണ് ചൂണ്ടു വിരലില്‍ മഷി പുരട്ടി വോട്ടര്‍മാര്‍ യന്ത്രത്തിനുള്ളിലാക്കിയത്. ജില്ലയില്‍ 76.37 ശതമാനം പേരാണ് വിധിയെഴുതിയത്. കഴിഞ്ഞ തവണ 79.11 ശതമാനമായിരുന്നു. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് ചേര്‍ത്തലയിലാണ്. ഇവിടെ 84.01 ശതമാനം പേര് വോട്ടു രേഖപ്പെടുത്തി. ഏറ്റവും കുറവ് കുട്ടനാട്ടിലാണ് 71.04.
അങ്ങിങ്ങ് ചില അക്രമസംഭവങ്ങള്‍ ഒഴിച്ചാല്‍ ജില്ലയില്‍ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. കായംകുളത്ത് കോണ്‍ഗ്രസ് സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കൃഷ്ണപുരം പഞ്ചായത്തിലെ കൊച്ചുമുറിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് നാലു പേര്‍ക്ക് മര്‍ദനമേറ്റു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ദീപു, വാര്‍ഡ് പ്രസിഡന്റ് നസീം, സി.പി.എം പ്രവര്‍ത്തകരായ ശിഖ ജി.കൃഷ്ണ, ദില്‍ജി റാം എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഞാവക്കാട് എല്‍.പിസ്കൂളിലെ 57-ാം നമ്പര്‍ പ്രശ്ന ബാധിത ബൂത്തില്‍ കാഴ്ചകുറവുള്ള പിതാവിനോടൊപ്പം എത്തിയ മകന് പിതാവിന്റെ വോട്ടുചെയ്യുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. എം.എസ്.എം കോളേജിലെ 63-ാം നമ്പര്‍ ബൂത്തിലും പത്തിയൂര്‍ 15-ാം നമ്പര്‍ ബൂത്തിലും ക്യൂ തെറ്റിച്ച് വോട്ടുചെയ്യാന്‍ ശ്രമിച്ചതിനെ ചൊല്ലി തര്‍ക്കം ഉണ്ടായി.
പ്രശ്നബാധിത ബൂത്തുകള്‍ ഉള്‍പ്പെട്ടിട്ടുള്ള എം.എസ്.എം കോളേജിന്റെ കവാടത്തില്‍ എല്‍.ഡി.എഫ് ,യു.ഡി.എഫ് പ്രവര്‍ത്തകര്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചത് നേരിയ തോതില്‍ സംഘര്‍ഷം സൃഷ്ടിച്ചു.
മുഹമ്മയില്‍ പോസ്റ്റര്‍ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. കായിപ്പുറം 154-ാം നമ്പര്‍ ബൂത്തിന് സമീപം എല്‍.ഡി.എഫിന്റെ ബൂത്ത് ഓഫിസില്‍ പെരുമ്പാവൂരിലെ ജിഷയുടെ മരണം സംബന്ധിച്ച് പോസ്റ്റര്‍ പതിച്ചിരുന്നു. ഇതിനെതിരേ ചില യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സി.പി.എം പ്രവര്‍ത്തകരായ പുത്തന്തോട്ടുങ്കല് ഉല്ലാസ് (40) അരുണ്‍, കെ.ആര് ദാമോധരന് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ മുഹമ്മ പഞ്ചായത്ത് അംഗം അനുര്‍ സോമനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
കായംകുളം മണ്ഡലത്തില്‍ രണ്ടിടത്ത് മെഷീന് പണിമുടക്കി. കണ്ടല്ലൂര്‍ വില്ലേജ് ആഫീസിലെ 113-ാംബൂത്തിലും എരുവ മാവിലേത്ത് എല്‍.പി സ്കൂളിലെ ബൂത്തിലുമാണ് മെഷീന് പണിമുടക്കിയത്. ഇതേ തുടര്‍ന്ന് പത്ത് മിനിറ്റ് വോട്ടിംഗ് തടസപ്പെട്ടു.
ആദ്യ മണിക്കൂറില്‍ മന്ദഗതിയിലായിരുന്ന പോളിങ് തുടര്‍ന്ന് മുന്നോട്ടു പോകുന്ന കാഴ്ചയാണ് ഒന്‍പത് മണ്ഡലങ്ങളിലും ദൃശ്യമായത്.
പ്രചാരണ രംഗത്തെ പോരാട്ട വീര്യം വോട്ടെടുപ്പിലും ദൃശ്യമായി. പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ലക്ഷ്യമിട്ടു മുന്നണികള്‍ നടത്തിയ പ്രചാരണവും ജനാധിപത്യത്തിന് കരുത്തേകാനുള്ള വോട്ടര്‍മാരുടെ നിശ്ചദാര്‍ഡ്യവും കൂടി ചേര്‍ന്നതോടെ കനത്ത പോളിങ് തന്നെ നടന്നു.