
ഡല്‍ഹി പൊലിസിനെ ജഡ്ജി ചമയാന്‍
അനുവദിക്കരുതെന്ന് ഹരജിക്കാര്‍ ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി പൊലിസിനെ ജഡ്ജി ചമയാന്‍ അനുവദിക്കരുതെന്ന് പ്രമുഖ അഭിഭാഷകന് സല്മാന് ഖുര്‍ഷിദ് ഡല്‍ഹി ഹൈക്കോടതിയില്‍. ജാമിഅ സര്‍വകലാശാലയിലെ പൊലിസ് അതിക്രമം സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹരജിക്കാര്‍ക്കു വേണ്ടി വാദം നടത്തുകയായിരുന്നു സല്മാന് ഖുര്‍ഷിദ്. വിദ്യാര്‍ഥികള്‍ പൗരത്വനിയമഭേദഗതിക്കെതിരായി പ്രതിഷേധിച്ചെങ്കില്‍ അതവരുടെ ഭരണഘടനാപരമായ അവകാശമാണ്. പ്രോട്ടോക്കോള്‍ പ്രകാരം പൊലിസിന് കാംപസിനുള്ളില്‍ പ്രവേശിക്കണമെങ്കില്‍ തന്നെ വി.സിയുടെ അനുമതി വാങ്ങിയിരിക്കണം.
അടിയന്തര സാഹചര്യത്തിലാണ് അകത്ത് പ്രവേശിച്ചതെങ്കില്‍ അതിന് സര്‍വകലാശാലയ്ക്ക് വിശദീകരണം നല്‍കുകയും വേണം. സര്‍വകലാശാലയുടെ പരമാധികാരം ലംഘിക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ല. കാംപസിനുള്ളില്ക്കയറി അക്രമം കാട്ടുകയാണ് പൊലിസ് ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, ജസ്റ്റിസ് പ്രദീക് ജലാന്‍ എന്നിവരടങ്ങിയ ബെഞ്ച് മുന്‍പാകെ സല്മാന് ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട കാര്യം കൈകാര്യം ചെയ്യുമ്പോള്‍ പൊലിസ് സൂക്ഷ്മത പുലര്‍ത്തേണ്ടതാണ്. പാര്‍ലമെന്റ് മാര്ച് തടയാനാണ് പൊലിസ് ഇതെല്ലാം ചെയ്തത്. പാര്‍ലമെന്റ് മാര്ച് തുടങ്ങാന്‍ പോലും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പൊലിസ്. സ്വതന്ത്രാന്വേഷണം വിദ്യാര്‍ഥികളുടെ മുറിവുണക്കാന്‍ സഹായിക്കും. പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം നല്കാന് ഉത്തരവിടണമെന്നും സല്മാന് ഖുര്‍ഷിദ് വാദിച്ചു.
ഈ കേസിലെ പൊലിസ് അന്വേഷണം ഏകപക്ഷീയമാണെന്ന് ഹരജിക്കാരുടെ മറ്റൊരു അഭിഭാഷകന് കോളിന് ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി.പൗരത്വനിയമഭേദഗതിക്കെതിരായ സമരത്തില്‍ നിന്ന് വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാനായിരുന്നു പൊലിസ് അതിക്രമമെന്നും കോളിന് ഗോണ് സാല്‍വസ് വാദിച്ചു.