2023 March 23 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ജാതിവേരിൽ ഇല്ലാതാകുന്ന
ദലിത് ജീവിതങ്ങൾ

ടി.കെ ജോഷി

സംവരണം എന്ന ആനുകൂല്യത്തിൽ ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തിന്റെ പടികടന്നു എത്തിയവരാണ് കാംപസിൽ അരാജകത്വമുണ്ടാക്കുന്നതെന്ന് ഒരു മടിയുമില്ലാതെ കാസർകോട് ഗവ. കോളജിലെ മുൻ പ്രിൻസിപ്പൽ ഡോ. രമ പറഞ്ഞത് അടുത്തിടെയാണ്. കാംപസ് രാഷ്ട്രീയക്കരുത്തിൽ നടക്കുന്ന കൊള്ളരുതായ്മകൾക്കും അക്രമത്തിനുമെല്ലാം പഴി ദലിതന്റെയും പിന്നോക്കക്കാരൻ്റെയും ചുമലിൽ ചാരാനുള്ള ഈ നീക്കം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ കാംപസുകളിൽ ആഴത്തിൽ വേരോടിയിട്ടുള്ള ജാതി മേൽക്കോയ്മയുടെ അവശേഷിപ്പാണ്. ജാതിവിവേചനത്തിന്റെ പേരിൽ കോട്ടയത്തെ കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പ്രതിഷേധം കേരളത്തിലെ കാംപസുകളിൽ നിന്നെങ്കിലും ജാതിചിന്തകൾക്ക് അർധവിരാമമിടുവെന്ന് കരുതിയെങ്കിലും ഒരു പ്രിൻസിപ്പലിന്റെ വാക്കുകൾ ഇത് അസ്ഥാനത്താണെന്ന് വീണ്ടും അടിവരയിടുകയാണ്.

കുടിവെള്ളം മലിനമായതിന്റെ പേരിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താലോ ആയിരിക്കാം എസ്.എഫ്.ഐ എന്ന വിദ്യാർഥി സംഘടനയുടെ ബാനറിൽ ഒരു കൂട്ടം വിദ്യാർഥികൾ പ്രിൻസിപ്പലിന്റെ മുറിയിൽ പ്രതിഷേധവുമായി എത്തിയത്. എന്നാൽ കോളജ് കാംപസിൽ നടക്കുന്ന അരാജകത്വത്തിന്റെ വക്താക്കളായി ഈ സംഘത്തെ വിശേഷിപ്പിക്കുന്ന പ്രിൻസിപ്പൽ അതിന് നേതൃത്വം കൊടുക്കുന്നത് സംവരണത്തിന്റെ ആനുകൂല്യത്തിൽ കോളജിൽ അഡ്മിഷൻ നേടിയരാണെന്ന് പറയുമ്പോൾ ആളിക്കത്തുന്നത് ജാതിചിന്ത തന്നെയാണ്. അപകടകരമായ ഇത്തരം ജാതി ചിന്തയുടെയും വിവേചനത്തിന്റെയും കാംപസുകളിലെ വിത്തുപാകൽ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. ജാതിയതക്ക് ഇരയായി രക്തസാക്ഷികളായവരുണ്ട് ഇന്ത്യയിലെ കാംപസുകളിൽ. രോഹിത് വെമുല മുതൽ കൊല്ലത്തെ ഫാത്തിമവരെ ഇതിന്റെ ഉദാഹരണങ്ങളാണ്.


രാജ്യത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ അരങ്ങേറുന്ന ജാതി വിവേചനത്തിന്റെ ഇരകളായി ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ ഏറിവരികയാണ്. ജാതിവെറിയുടെ പേരിൽ ഇരകളാകുന്ന പല വിദ്യാർഥികളും ആത്മഹത്യയിൽ അഭയം തേടുമ്പോൾ ചിലപ്പോഴത് വാർത്തയാകാറുണ്ട്. എന്നാൽ ചില ജീവത്യാഗങ്ങൾ ശ്രദ്ധിക്കപ്പെടാത്ത വെറും ആത്മഹത്യകളായി മാറി പത്രങ്ങളിലെ ചരമകോളത്തിലൊതുങ്ങും.


ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വിദ്യാർഥി അഹമ്മദാബാദ് സ്വദേശി ദർശൻ സോളങ്കി ദിവസങ്ങൾക്ക് മുൻപാണ് ആത്മഹത്യ ചെയ്തത്. ദലിത് വിഭാഗത്തിൽ പെട്ടതിന്റെ പേരിൽ ഐ.ഐ.ടിയിൽ വിവേചനം നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ചെന്നൈ ഐ.ഐ.ടിയിൽ 2018 സെപ്റ്റംബറിൽ മരിച്ച ഷഹൽ കോർമത്തും 2019 നവംബറിൽ മരിച്ച ഫാത്തിമയുമെല്ലാം നമ്മുടെ കൂടെപ്പിറപ്പുകളായിരുന്നു. ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽസയൻസസ് ഇന്റഗ്രേറ്റഡ് എം.എയിലെ വിദ്യാർഥിയായിരുന്നു ഫാത്തിമ. ഓഷ്യൻ എൻജിനിയറിങ്ങ് ഡിപ്പാർട്ട്‌മെന്റിൽ ഇരട്ടബിരുദം തിരഞ്ഞെടുത്ത് ഒമ്പതാം സെമസ്റ്ററിൽ എത്തിയപ്പോഴാണ് ഷഹൽ ജീവിതം അവസാനിപ്പിച്ചത്. പൊരുത്തപ്പെടാനാകാത്ത സാഹചര്യം കാരണമുള്ള മാനസിക സമ്മർദംമൂലമോ ഹാജർ ഇല്ലാത്തതുകൊണ്ടോ ആത്മഹത്യചെയ്തു എന്ന വിശദീകരണം ഭരണകൂടത്തിന് തൃപ്തികരമായിരിക്കാം. എന്നാൽ എന്താണ് ദലിത് പിന്നോക്ക വിദ്യാർഥിക്ക് ഉന്നതവിദ്യാഭ്യാസ കാംപസുകളിലെ പൊരുത്തപ്പെടാനാകാത്ത അവസ്ഥയെന്നത് ഇന്നും ആർക്കുമറിയില്ല, അല്ലെങ്കിൽ ആരും കണ്ടെത്താൻ ശ്രമിച്ചിട്ടില്ല.


ദലിത് പിന്നോക്ക വിദ്യാർഥിക്ക് അതിജീവിക്കാൻ കഴിയാത്തവിധം ജാതിയത ഇവിടെയൊക്കെ വരിഞ്ഞുമുറുക്കിയെന്നാണ് ഈ മരണങ്ങൾ കാട്ടിത്തരുന്നത്. അക്കാദമിക് ഇടത്തിൽ നടക്കുന്ന ആത്മഹത്യകൾ മാനസികാരോഗ്യത്തിന്റെ കുറവുകൊണ്ടാണെന്ന വിലയിരുത്തലുകളിലാണ് ഭരണകൂടവും പൊലിസും കോളജ് അധികൃതരും ഫയൽ അവസാനിപ്പിക്കുന്നത്. എന്നാൽ സാമൂഹികവും അക്കാദമികവുമായ പശ്ചാത്തലത്തിൽ ഇത് വിലയിരുത്തപ്പെടേണ്ടതാണെന്ന ആവശ്യംപോലും ഉയരുന്നില്ല. ആത്മഹത്യകളുണ്ടാകുമ്പോൾ ഡിപ്രഷനായിരിക്കും അല്ലെങ്കിൽ പരീക്ഷയിൽ തോറ്റതുകൊണ്ടായിരിക്കും എന്നൊക്കെ വിശ്വസിക്കാൻ ഭൂരിഭാഗം പേരും ശീലിപ്പിക്കപ്പെട്ടിരിക്കുകയാണ്.


ദലിത് വിദ്യാർഥികളുടെ പി.എച്ച്ഡി കാലവധി വർഷങ്ങളോളം നീണ്ടുപോകുന്നതും അവസാനം ഗവേഷണം പൂർത്തിയാക്കാത്തതൊന്നും ആരുടെയും വിഷയമല്ലാതായിരിക്കുന്നു. ഇതിന്റെയൊക്കെ കാരണം തേടുന്നവർ ചേർത്തുവായിക്കേണ്ടതാണ് കാസർകോട് ഗവ. കോളജിലെ മുൻ പ്രിൻസിപ്പലിന്റെ വാക്കുകൾ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News