ഹൈക്കോടതികളിലും സുപ്രിംകോടതിയിലും ജുഡീഷ്യല്‍ നിയമന കമ്മീഷന് മുഖേന നിയമനം നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ഒരിക്കല്‍കൂടി കൊളീജിയം യോഗം നിരാകരിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന കൊളീജിയത്തിന്റെ അഞ്ചംഗ യോഗമാണ് ഏകകണ്ഠമായി സര്‍ക്കാര്‍ നിര്‍ദേശത്തെ ഒരിക്കല്‍കൂടി തള്ളിക്കളഞ്ഞിരിക്കുന്നത്.
2015 മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തത് മുതല്‍ തുടങ്ങിയതാണ് ഹൈക്കോടതികളിലെയും സുപ്രിംകോടതിയിലെയും നിയമനങ്ങള്‍ക്ക് ജുഡീഷ്യല്‍ നിയമന കമ്മീഷന് മുഖേന നിയമിക്കുവാന്‍ നടത്തുന്നനീക്കം. നിലവിലുള്ള കൊളീജിയം സമ്പ്രദായം തന്നെ ഹൈക്കോടതികളിലെയും സുപ്രിംകോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതില്‍ കൊളീജിയം ഉറച്ചു നില്‍ക്കുകയാണ്. ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ നിയമിക്കുന്നത് ആശാസ്യമല്ല എന്ന കാരണം നിരത്തിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊളീജിയം സമ്പ്രദായത്തിന് പകരം ജുഡീഷ്യല്‍ നിയമന കമ്മീഷന് രൂപീകരിക്കാന്‍ അണിയറയില്‍ ശ്രമം നടത്തിയത്.
ഇത്തരമൊരു സംവിധാനം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിംകോടതി നേരത്തെതന്നെ വിധി പ്രസ്താവിച്ചതാണ്. ഇതിനു പിന്നാലെ സര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ ശീത സമരത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സുപ്രിംകോടതി വിധി ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ അത് സംഭവിച്ചിട്ടില്ല. എന്നാല്‍, ജുഡീഷ്യറിയോടുള്ള സര്‍ക്കാര്‍ നീരസം തുടരുകയും ചെയ്യുന്നു. സുപ്രിംകോടതിയിലും ഹൈക്കോടതികളിലുമുള്ള ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാരിനു മുമ്പില്‍ കൊളീജിയം സമര്‍പ്പിച്ച ജഡ്ജിമാരുടെ പാനലില്‍ നിന്നു നിയമനം നടത്തണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിക്കുകയായിരുന്നു.
ജുഡീഷ്യല്‍ നിയമന കമ്മീഷന് എതിരെ കൊളീജിയം ഒറ്റക്കെട്ടായി നിലപാടെടുത്തതിനാല്‍ ബി.ജെ.പി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നവരെ നിയമന കമ്മീഷനുകളില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ല. ജുഡീഷ്യറിയെ സ്വാധീനിക്കാനുള്ള കുറുക്ക് വഴിയായിട്ടാണ് ബി.ജെ.പി സര്‍ക്കാര്‍ ജുഡീഷ്യല്‍ നിയമന കമ്മീഷന് രൂപം നല്‍കിയത്. എന്നാല്‍, ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായം കുറ്റമറ്റതാണെന്നും പറയാനാവില്ല. ജസ്റ്റിസ് കര്‍ണന്റെ വിവാദപരമായ ചില വിധി പ്രസ്താവങ്ങള്‍ കൊളീജിയത്തിന്റെ അപചയമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കോടതിയും ജസ്റ്റിസ് കര്‍ണനും തമ്മില്‍ നടന്ന വ്യവഹാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിച്ചതും ജുഡീഷ്യല്‍ കമ്മീഷന് എതിരെ ജുഡീഷ്യറി നിലപാടെടുത്തതിനാലായിരുന്നു. കൊളീജിയം സമ്പ്രദായത്തിന് പകരം ജുഡീഷ്യല്‍ നിയമന കമ്മീഷന് വരുകയാണെങ്കില്‍ രാഷ്ട്രീയക്കാര്‍ക്ക് താല്പര്യമുള്ള ജഡ്ജിമാരെ ഉള്‍പ്പെടുത്തുവാന്‍ കഴിയുമെന്നും അത് ജുഡീഷ്യറിയുടെ നിഷ്പക്ഷത ഇല്ലാതാക്കാമെന്നുമുള്ള വാദമാണ് കൊളീജിയം തന്നെ തുടരണമെന്ന് വാദിക്കുന്നതിന്റെ പിന്നിലുള്ളത്.
എന്നാല്‍, ജുഡീഷ്യല്‍ നിയമന കമ്മീഷന് രൂപീകരിക്കുന്നതു സംബന്ധിച്ച നിര്‍ദേശത്തെ ഒന്‍പത് ഹൈക്കോടതികള്‍ എതിര്‍ത്തപ്പോള്‍ കേരളം അടക്കമുള്ള എട്ട് ഹൈക്കോടതികള്‍ ഭേദഗതികള്‍ നിര്‍ദേശിച്ചിരിക്കുകയാണ്. 24 ഹൈക്കോടതികളില്‍ മിക്കവയും കീഴ്കോടതി നിയമനങ്ങളില്‍ അവര്‍ക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. 1960ല്‍ തന്നെ ജുഡീഷ്യല്‍ നിയമന കമ്മീഷന് സംബന്ധിച്ച് ആലോചന നടത്തിയിരുന്നെങ്കിലും ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ അത് ബാധിക്കുമെന്നതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. നരേന്ദ്ര മോദി സര്‍ക്കാരാണ് വീണ്ടും ഈ ആശയം പൊടിതട്ടി എടുത്തിരിക്കുന്നത്. കൊളീജിയം സമ്പ്രദായം കുറ്റമറ്റതല്ലെന്നും പരിഷ്കരിക്കേണ്ടതുണ്ടെന്നും ദേശീയ ജുഡീഷ്യല്‍ കമ്മീഷന് റദ്ദാക്കികൊണ്ട് ഭരണഘടന ബെഞ്ച് 2015 ഒക്ടോബര്‍ 16ന് നല്കിയ വിധിയില്‍ പറഞ്ഞിരുന്നു.
ജഡ്ജി നിയമന കാര്യത്തില്‍ അന്തിമവാക്ക് ജുഡീഷ്യറിയുടേതായിരിക്കണമെന്നതിനോട് ജഡ്ജിമാര്‍ ഒറ്റക്കെട്ടാണെങ്കിലും നിയമനം കൂടുതല്‍ സുതാര്യമായിരിക്കണമെന്ന് സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ചെലമേശ്വറിനെ പോലുള്ളവര്‍ക്ക് നിലപാടുണ്ട്. രണ്ടുപേര്‍ ഇരുന്ന് തയ്യാറാക്കുന്ന ലിസ്റ്റ് കൊളീജിയം യോഗത്തില്‍ കൊണ്ടുവന്ന് വായിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഏര്‍പ്പാട് സ്വീകരിക്കാനാവില്ലെന്ന് 2016ല്‍ തന്നെ ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞിരുന്നു. ഭരണകൂടങ്ങളുടെ ജനാധിപത്യ വിരുദ്ധ താല്പര്യങ്ങള് കോടതികള്‍ തള്ളുമ്പോള്‍ കോടതികളോട് മുഖം തിരിച്ചിട്ട് കാര്യമില്ല. നമ്മുടെ ജനാധിപത്യത്തിന്റെ നട്ടെല്ലാണ് കോടതികള്‍. കോടതി ആവശ്യപ്പെട്ട പരിഷ്കരണങ്ങള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച് ജസ്റ്റിസ് നിയമന കാര്യത്തില്‍ എത്രയും പെട്ടെന്ന് സമവായത്തില്‍ എത്തുക എന്നതാണ് പ്രധാനം.