കേസുകള്‍ പരിഗണിച്ചത് മനസാക്ഷിയെ മുന്‍നിര്‍ത്തിയെന്ന് അരുണ്‍ മിശ്ര
ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ മൂന്നാമത്തെ മുതിര്‍ന്ന ജഡ്ജി അരുണ്‍ മിശ്ര വിരമിച്ചു. അവസാന ദിവസം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലാണ് മിശ്ര ഇരുന്നത്. മനസ്സാക്ഷിയെ മുന്‍നിര്‍ത്തിയാണ് ഓരോ കേസും കൈകാര്യം ചെയ്തതെന്ന് അരുണ്‍ മിശ്ര പറഞ്ഞു.
പലപ്പോഴും നേരിട്ടോ അല്ലാതെയോ കര്‍ക്കശക്കാരനായിപ്പോയിട്ടുണ്ട്. അതിന്റെ പേരില്‍ ആര്‍ക്കും വേദന തോന്നേണ്ടതില്ല. എന്റെ വിധിന്യായങ്ങള്‍ വിലയിരുത്തൂ. അതിനെ നിറംചേര്‍ത്ത് കാണാതിരിക്കൂ. എന്നിട്ടും ഞാനാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ എന്നോട് ക്ഷമിക്കുക. പ്രശാന്ത് ഭൂഷണെതിരായ കേസില്‍ ശിക്ഷ വിധിക്കരുതെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ പറഞ്ഞിരുന്നത്. എന്നാല്‍, പറ്റിയില്ലെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ അരുണ്‍ മിശ്ര പറഞ്ഞു.
അരുണ്‍ മിശ്രയെപ്പോലൊരാളെ സഹപ്രവര്‍ത്തകനായി ലഭിച്ചത് ബഹുമതിയാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്്‌ദെ പറഞ്ഞു. ധീരനായിരുന്നു അരുണ്‍ മിശ്ര. ഉത്തരവാദിത്വ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും ബോബ്്‌ദെ പറഞ്ഞു. അരുണ്‍ മിശ്രയ്ക്ക് ഓണ്‍ലൈനില്‍ യാത്രയയപ്പ് നല്‍കേണ്ടിവരുന്നത് വേദനിപ്പിക്കുന്നതാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മിശ്ര 2014 ജൂലൈ ഏഴിനാണ് സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റത്.
1999 ഒക്ടോബര്‍ 25നാണ് അരുണ്‍ മിശ്ര മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി നിയമിതനാവുന്നത്. കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുംമുന്‍പ് രണ്ടുവര്‍ഷം രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.
അരുണ്‍ മിശ്രയുടെ പിതാവ് ഹര്‍ഗോവിന്ദ് ജി. മിശ്ര മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്നു. സുപ്രിംകോടതി ജഡ്ജിയായിരിക്കെ 540 ബെഞ്ചുകളുടെ ഭാഗമായ അരുണ്‍ മിശ്ര 132 വിധിന്യായങ്ങളാണ് പുറപ്പെടുവിച്ചത്. മിശ്ര വിരമിക്കുന്നതോടെ ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ സുപ്രിംകോടതി കൊളീജിയം അംഗമാകും.
Comments are closed for this post.