2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജലനിരപ്പിനൊപ്പം ഉയര്‍ന്ന് ആശങ്ക; എങ്ങും ഭീതി

സുനി അല്‍ഹാദി

കൊച്ചി: അറബിക്കടലില്‍ ലക്ഷദ്വീപിനോടടുത്ത് രൂപംകൊണ്ട ന്യൂനമര്‍ദം കേരള തീരത്തേക്ക് അടുക്കുകയാണെന്നും മധ്യ-തെക്കന്‍ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്നലെ രാവിലെ ഏഴരയോടെ മുന്നറിപ്പ് എത്തി. തൊട്ടുപിന്നാലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രത്യേക അറിയിപ്പും പുറത്തുവന്നു. അറബിക്കടലിന്റെ ന്യൂനമര്‍ദത്തിന്റെ ഗതിമാറ്റത്തിന് അനുസരിച്ച് പിന്നീട് തുടര്‍ച്ചയായുള്ള ജാഗ്രതാ നിര്‍ദേശങ്ങളായിരുന്നു. ഒമ്പതു മണിയോടെ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വീണ്ടും മുന്നറിയിപ്പ് നല്‍കി. ഇത് യാഥാര്‍ഥ്യമാക്കിക്കൊണ്ട് മഴ തോരാതെ പെയ്തു തുടങ്ങി. ഇതോടെ 2018ലെ പ്രളയം വീണ്ടും ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലായി കേരളം.

ഇതിനിടെയാണ് വിവിധ അണക്കെട്ടുകള്‍ നിറയുന്നുവെന്ന വിവരവും പുറത്തുവന്നത്. ഇതോടെ ആശങ്ക ശക്തമായി. ഉച്ചയ്ക്ക് രണ്ടുമണിയോടെ മലമ്പുഴ, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നതോടെ സംസ്ഥാനത്ത് പ്രളയ സമാന അന്തരീക്ഷമായി. കോട്ടയം ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലുകള്‍കൂടി ഉണ്ടായതോടെ അക്ഷരാര്‍ഥത്തില്‍ കേരളം പ്രളയഭീതിയിലായി. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 2018 നെക്കാള്‍ ജലനിരപ്പ് ഉയര്‍ന്നതായി ഔദ്യോഗിക സ്ഥിരീകരണവും വന്നു.

ഇന്നലെ വൈകിട്ട് ഏഴുമണിവരെയുള്ള കണക്കനുസരിച്ച് പത്തര മണിക്കൂറിനിടെ എറണാകുളം കീരമ്പാറയില്‍ 213 മി.മീറ്ററും തൊടുപുഴയില്‍ 141 മി.മീറ്ററും ചെറുതോണിയില്‍ 140 മി.മീറ്ററും മഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് അടുത്തകാലത്ത് ഏറ്റവും കുറഞ്ഞ സമയത്തുള്ള ഏറ്റവും ഉയര്‍ന്ന മഴ ലഭ്യതയാണിത്. ഇതാണ് ഉരുള്‍പൊട്ടലിലേക്കും ശക്തമായ നീരൊഴുക്കിലേക്കും നയിച്ചത്.സന്ധ്യയോടെ മഴയുടെ ശക്തികുറഞ്ഞതാണ് പിന്നീട് അല്‍പം ആശ്വാസം പകര്‍ന്നത്. എങ്കിലും രാത്രി അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി മുതല്‍ ജില്ലാ കലക്ടര്‍മാര്‍ വരെയുള്ളവര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
രണ്ട് ദിവസംകൂടി മഴ തുടരുമെന്ന് ജാഗ്രതാമുന്നറിയിപ്പ് ഉണ്ടെങ്കിലും മറ്റൊരു 2018 ആവര്‍ത്തിക്കില്ലെന്നുള്ള പ്രതീക്ഷയിലാണ് അധികൃതരും ജനങ്ങളും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.