2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജര്‍മന്‍ മാധ്യമ എഡിറ്ററെ തേടി താലിബാന്‍; കുടുംബാംഗത്തെ വെടിവച്ചു കൊന്നു

 

ബെര്‍ലിന്‍: താലിബാന്‍ വേട്ടയാടുന്ന ഡച്ച് മാധ്യമകമ്പനിയായ ഡച്ചെ വെല്ലെ (ഡി.ഡബ്ല്യു) എഡിറ്ററുടെ കുടുംബാംഗത്തെ വെടിവച്ചു കൊല്ലുകയും മറ്റുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ ജര്‍മനിയിലുള്ള മാധ്യമപ്രവര്‍ത്തകനു വേണ്ടി താലിബാന്‍ വീടുവീടാന്തരം കയറി പരിശോധന നടത്തുകയാണെന്ന് ഡച്ചെ വെല്ലെ പറയുന്നു. വിഷയത്തില്‍ ജര്‍മനി നടപടിയെടുക്കണമെന്ന് ഡി.ഡബ്ല്യു ഡയരക്ടര്‍ ജനറല്‍ പീറ്റര്‍ ലിബര്‍ഗ് ആവശ്യപ്പെട്ടു. കാബൂളില്‍ താലിബാന്‍വിരുദ്ധ പ്രതിഷേധങ്ങള്‍ റെക്കോഡ് ചെയ്യാന്‍ ശ്രമിച്ച നിരവധി മാധ്യമപ്രവര്‍ത്തകര്‍ മര്‍ദനത്തിനിരയായതായി റിപ്പോര്‍ട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്ന താലിബാന്റെ വാഗ്ദാനം പ്രവൃത്തിയില്‍ കാണുന്നില്ലെന്ന് അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരെ അടിക്കുകയും വീട്ടില്‍ പരിശോധന നടത്തുകയും സ്ത്രീകളെ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്നതായി അവര്‍ ആരോപിച്ചു. താലിബാന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് അഫ്ഗാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റേഡിയോ ടെലിവിഷന്‍ അവതാരകന്‍ സഹര്‍ നസരി ചൂണ്ടിക്കാട്ടി. കാബൂളില്‍ വച്ച് ഒരു റിപ്പോര്‍ട് തയാറാക്കുന്നതിനിടെ അവര്‍ തന്റെ കാമറ തട്ടിപ്പറിക്കുകയും കൂടെയുള്ളവരെ മര്‍ദിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. അതേസമയം തങ്ങളുടെ മാധ്യമപ്രവര്‍ത്തകര്‍ താലിബാന്‍ അധികാരത്തിലെത്തിയ ശേഷം ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് അഫ്ഗാനിലെ പ്രമുഖ സ്വകാര്യ ടി.വി ചാനലായ ടോളോ ന്യൂസ് തലവന്‍ സഅദ് മുഹസനി പറഞ്ഞു. തങ്ങളുടെ വനിതാ ജേണലിസ്റ്റുകള്‍ വിലക്കില്ലാതെ ജോലി തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈയാഴ്ച ടോളോ ന്യൂസിന്റെ ഒരു വനിതാ അവതാരക താലിബാന്‍ നേതാവിനെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. ഇത് താലിബാന്റെ മുന്‍ ഭരണത്തില്‍ ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.