2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജമ്മുവിൽ ഒരുവർഷത്തിലേറെയായ താമസക്കാർക്കും വോട്ടവകാശം ; സംസ്ഥാനത്തിനു പുറത്തുള്ളവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കമെന്ന് ആരോപണം

ജമ്മു • ജമ്മുവിൽ ഒരുവർഷത്തിലേറെയായി താമസിക്കുന്നവർക്ക് വോട്ടവകാശം നൽകി സർക്കാർ ഉത്തരവ്. ജമ്മുവിൽ ഒരുവർഷത്തിലേറെയായി താമസിക്കുന്നവർക്ക് റെസിഡൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഡെപ്യൂട്ടി കമ്മിഷണർ ഉത്തരവിട്ടതോടെയാണിത്. അർഹതയുള്ളവരാരും വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ ബാക്കിയില്ലെന്ന് ഉറപ്പുവരുത്താനാണ് നടപടിയെന്ന് തഹസിൽദാർമാർക്ക് ജില്ല ഭരണകൂടം നൽകിയ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കമായാണ് ഇതിനെ കശ്മിരികൾ കാണുന്നത്. ഉത്തരവനുസരിച്ച് ആധാർ കാർഡ്, വെള്ളം, വൈദ്യുതി, ഗ്യാസ് കണക്ഷൻ രേഖകൾ, ബാങ്ക് പാസ്ബുക്കുകൾ, പാസ്പോർട്ട്, ഭൂ രേഖകൾ തുടങ്ങിയവ റെസിഡൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സമർപ്പിക്കാം. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ റെസിഡൻസ് സർട്ടിഫിക്കറ്റും സ്വീകരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിരുന്നു. ജമ്മുകശ്മിരിന്റെ പ്രത്യേക പദവി സംബന്ധിച്ച ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം ആദ്യമായാണ് സംസ്ഥാനത്ത് വോട്ടർ പട്ടിക പരിഷ്‌ക്കരിക്കുന്നത്.
ഇത്തരത്തിൽ നിയമം കൊണ്ടുവരാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരേ കശ്മിരിലെ വിവിധ സംഘടനകൾ പ്രക്ഷോഭത്തിലായിരുന്നു. പുതിയ നിയമപ്രകാരം ജമ്മു കശ്മിരിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാനാവും. മറ്റൊരിടത്തും വോട്ടർപട്ടികയിൽ പേരുണ്ടാകരുതെന്ന് മാത്രം. ജമ്മു കശ്മിരിന് പുറത്തുള്ളവർ ഉൾപ്പെടെ 25 ലക്ഷത്തോളം പുതിയ വോട്ടർമാർ ഉണ്ടാകുമെന്ന് കശ്മിർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ നേരത്തെ അറിയിച്ചിരുന്നു. പരിഷ്‌കരണത്തിലൂടെ വരുന്ന 25 ലക്ഷം പുതിയ വോട്ടർമാർ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. നാലുവർഷത്തിലേറെയായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഇല്ലാത്ത ജമ്മുകശ്മിരിൽ അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടത്തിയേക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.