2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ജനാധിപത്യത്തിലും ജനഹിതം അട്ടിമറിക്കപ്പെടുമ്പോള്‍

കെ.അബദുല്‍ അസീസ് ദാരിമി, കരിങ്ങാരി

ഇന്ത്യന്‍ ജനാധിപത്യ രീതി ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ പോലും ആശ്ചര്യമുളവാക്കുന്നതും വാര്‍ത്താപ്രാധാന്യം നേടുന്നവയാണെങ്കിലും നമ്മുടെ ജനപ്രാധിനിത്യ നിയമത്തിലും തെരഞ്ഞെടുപ്പു ചട്ടങ്ങളിലും കാതലായ മാറ്റങ്ങള്‍ വരേണ്ടതുണ്ട്.
ഇതിലെ പഴുതുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഫലമായാണ് പലപ്പോഴും തട്ടിക്കൂട്ട് സര്‍ക്കാരുകളുണ്ടായി തീരുന്നത്. ഇത് ഒരിക്കലും ജനാധിപത്യരീതിക്ക് ഭൂഷണമല്ല.
കൂറുമാറ്റ നിരോധന നിയമം നിലവിലുണ്ടെങ്കിലും ഇതെല്ലാം പലപ്പോഴും നോക്കുകുത്തിയാക്കപ്പെടുന്ന ദുരവസ്ഥയാണ് നിലവിലുള്ളത്. രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായ രാഷ്ട്രീയ കുതിരക്കച്ചവടം ഇതിന് തെളിവാണ്.
മുഖ്യമന്ത്രിയടക്കം അരഡസനില്‍ കൂടുതല്‍ മന്ത്രിമാര്‍ പരാജയപ്പെട്ട ഗോവയിലും മണിപ്പൂരിലും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള ബി.ജെ.പി നീക്കങ്ങള്‍ ഈ സംസ്ഥാനങ്ങളില്‍ ഇനി നിരന്തര ഭരണ പ്രതിസന്ധിയും പണാധിപത്യവും ഉണ്ടാവുമെന്നതിനെ സൂചിപ്പിക്കുന്നു. ജനങ്ങള്‍ അകറ്റി നിര്‍ത്താന്‍ ആഗ്രഹിച്ചവര്‍ കുറുക്കുവഴിയിലൂടെയും കുതന്ത്രങ്ങള്‍ പ്രയോഗിച്ചും വീണ്ടും അധികാരത്തിലേറുന്നു.
ഒരു സഭയിലേക്ക് വിജയിച്ച വ്യക്തി സഭാ കാലയളവ് പൂര്‍ത്തിയാവുന്നതിന്ന് മുന്‍പ് രാജിവച്ച് അതേ സഭയിലേക്ക് സ്വതന്ത്രനായോ അല്ലാതെയോ മത്സരിക്കുന്നത് തടയണം. ഇത് വഴി സ്വാര്‍ഥ താല്‍പര്യത്തിനായുളള പാര്‍ട്ടി മാറ്റവും ജനഹിതം വെല്ലു വിളിച്ചുള്ള കൂറുമാറ്റവും തടയാന്‍ സാധിക്കും.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കുന്ന മുന്നണികള്‍ക്ക് നിയമ സാധുത പാടില്ല, ഇതിനാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സമാന ചിന്താഗതിക്കാരുടെ മുന്നണി രൂപീകരിക്കനും ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായം കൃത്യമായി രേഖപ്പെടുത്താനും സാധിക്കും.
കേവല ഭൂരിപക്ഷം ആര്‍ക്കും ഇല്ലാത്ത അവസ്ഥയില്‍ ഭൂരിപക്ഷമുളള പാര്‍ട്ടിയെയോ മുന്നണിയെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം.
വോട്ട് കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുണ്ടോ എന്ന സംശയം ജനങ്ങളില്‍ ഉയര്‍ന്നു വരുന്ന സാഹചര്യവുമുണ്ട്. ഇത് പരിഹരിക്കാന്‍ ബാലറ്റ് സംവിധാനം കൊണ്ടുവരണം.
നമ്മുടെ ഭരണഘടനയും പാരമ്പര്യവും പരിഗണിച്ച് സമഗ്ര വികസനമെന്ന കാഴ്ചപ്പാടിലേക്ക് ഭരണ കര്‍ത്താക്കളും ഭരണീയരും എത്തിച്ചേരണം. എന്നാല്‍ മാത്രമേ ജനാധിപത്യം വിഭാവനം ചെയ്യുന്ന മൂല്യവത്തായ അതിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാവുകയുള്ളു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.