2022 May 24 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ജനഹിതം അട്ടിമറിച്ച അധികാരാരോഹണം


സുപ്രിംകോടതി വിധിയുടെ അന്തഃസത്തയും തമിഴ് ജനതയുടെ ഹിതവും അട്ടിമറിച്ചുകൊണ്ട് തമിഴ്‌നാട്ടില്‍ ശശികലയുടെ നോമിനി എടപ്പാടി കെ. പളനിസാമി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റിരിക്കുകയാണ്. ഒമ്പതു ദിവസത്തെ അനിശ്ചിതാവസ്ഥക്കൊടുവില്‍ ഇങ്ങനെയൊരു പരിണാമം ഉണ്ടായത് തമിഴ് ജനതയുടെ ദുര്‍വിധിയും ജനാധിപത്യത്തെ പണാധിപത്യം തകര്‍ത്തതുമായേ കാണാനാകൂ. അഴിമതി നിരോധന നിയമം 1988ല്‍ നടപ്പിലായതിന് ശേഷം അതിപ്രധാനമായ വിധിയായാണ് ശശികലയെ നാലു വര്‍ഷത്തേക്ക് ബംഗളൂരു ജയിലിലേക്കയച്ചുകൊണ്ടു സുപ്രിംകോടതി ഉത്തരവായത്. അവിഹിത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ പത്തൊമ്പത് വര്‍ഷമായി ഈ കേസ് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലും ജനാധിപത്യത്തിലും ജനങ്ങള്‍ക്കുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ശശികലയുടെ തടവറവാസവും പത്ത് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിക്കൊണ്ടുള്ളതുമായ സുപ്രിംകോടതി വിധി.

എന്നാല്‍, മന്നാര്‍ഗുഡി സംഘത്തിന്റെ ഭീഷണിയിലും ശശികലയുടെ പണത്തിന്റെ സ്വാധീനത്തിലും വഴങ്ങി 128 എം.എല്‍.എമാര്‍ പളനിസാമിയെ ജനാഭിലാഷത്തിന് വിരുദ്ധമായി അധികാരത്തിലേറാന്‍ സഹായിക്കുകയാണ്. ഒ. പനീര്‍ശെല്‍വം മുഖ്യമന്ത്രിയാകുമെന്ന് ജനവും ജനാധിപത്യ വിശ്വാസികളും കരുതി. അദ്ദേഹത്തിന് പണമില്ലായിരുന്നു. അതിനാല്‍ എം.എല്‍.എമാരെ വശീകരിക്കാനും കഴിഞ്ഞില്ല. വിരലിലെണ്ണാവുന്ന എം.എല്‍.എമാരില്‍നിന്നു കൂടുതല്‍ പേരെ തന്റെ ഭാഗത്തേക്ക് കൊണ്ടുവരാനുള്ള ധനശക്തി ഒ. പനീര്‍ശെല്‍വത്തിന് ഇല്ലാതെ പോയി. കാവല്‍ മുഖ്യമന്ത്രിയെ വീണ്ടും മുഖ്യമന്ത്രിയായി ക്ഷണിക്കുവാന്‍ ഭരണഘടന അനുവദിക്കുന്നില്ല. മുഖ്യമന്ത്രിയുടെ രാജിയിലൂടെ അദ്ദേഹത്തിന്റെ മന്ത്രിസഭ തന്നെ ഇല്ലാതെയാവുകയായിരുന്നു. പ്രതീക്ഷിച്ചതു പോലെ പനീര്‍ശെല്‍വത്തിലേക്ക് ഒഴുക്ക് ഉണ്ടാകാതെ പോയത് ശശികല വാഗ്ദാനം ചെയ്ത പണവും ഒപ്പം തന്നെ നല്‍കിയ ഭീഷണിയുമായിരിക്കണം. ബംഗളൂരു വിചാരണ കോടതി ജയലളിതയെയും ശശികലയെയും ഇളവരശിയെയും സുധാകരനെയും ശിക്ഷിച്ചുകൊണ്ട് നടത്തിയ പഴുതുകളില്ലാത്ത വിധി പ്രസ്താവത്തിന്റെ ചുവടു പിടിച്ചാണ് സുപ്രിംകോടതിയും വിധി പറഞ്ഞത്. എന്നാല്‍ പണത്തിന്റെ മുമ്പില്‍ ഈ അധ്വാനങ്ങളെല്ലാം താല്‍കാലികമായിട്ടെങ്കിലും നിരര്‍ഥകമായിരിക്കുകയാണ്.

എടപ്പാടി കെ. പളനിസാമി അധികാരമേറ്റതിലൂടെ ശശികലയുടെ അണിയറക്കു പിന്നിലെ ഭരണം തന്നെയായിരിക്കും തമിഴ്‌നാട്ടില്‍ ഉണ്ടാവുക. ഇതുവഴി അവര്‍ക്കു ബംഗളൂരു ജയിലറയില്‍ കൂടുതല്‍ സുഖസൗകര്യങ്ങള്‍ നേടിയെടുക്കാനും കഴിയും. കോടതി എന്തു വിധിച്ചാലും ജയിലധികൃതര്‍ എന്തു തീരുമാനിച്ചാലും ശശികലയുടെ പണക്കൂമ്പാരത്തിന് മുകളില്‍ എല്ലാം നിശ്ചലമായിക്കൊണ്ടിരിക്കുന്ന അഭിശപ്ത കാലത്തിനാണിപ്പോള്‍ ഇന്ത്യന്‍ ജനത സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിനെയും സുരേഷ് കല്‍മാഡിയേയും ജയിലില്‍ തളക്കാന്‍ 1988 ലെ അഴിമതി നിരോധന നിയമത്തിന് കഴിഞ്ഞെങ്കിലും അഴിമതിക്കാരായ മന്ത്രിമാരും രാഷ്ട്രീയക്കാരും എല്ലാത്തിനെയും മറികടക്കുകയാണ്. ജയിലുകള്‍ സുഖവാസ കേന്ദ്രങ്ങളാക്കി മാറ്റി ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ ഇവര്‍ വെല്ലുവിളിക്കുന്നു. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ വിദ്യാസാഗര്‍റാവു എടപ്പാടി കെ. പളനിസാമിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കുതിരക്കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ ഭരണത്തിലേറിയ അദ്ദേഹത്തിന് വിശ്വാസം ഉറപ്പിക്കുവാന്‍ എന്തിനു 15 ദിവസം. നാല് ദിവസം മതിയാകും. ഒ. പനീര്‍ ശെല്‍വമായിരുന്നു മുഖ്യമന്ത്രിയായിരുന്നതെങ്കില്‍ ശശികല സമ്പാദിച്ചുകൂട്ടിയ അനധികൃത സമ്പാദ്യത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാനും അവരുടെ അവിഹിത സ്വത്ത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനും കഴിയുമായിരുന്നു. ജയലളിതയുടെ മരണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടാമായിരുന്നു. പോയസ് ഗാര്‍ഡനിലെ വേദനിലയം സര്‍ക്കാര്‍ ഏറ്റെടുത്ത് വാഗ്ദാനം ചെയ്തതുപോലെ ജയലളിതയുടെ സ്മാരകമാക്കാമായിരുന്നു. അതുവഴി ശശികലയെ അവിടെ നിന്ന് കുടിയിറക്കാമായിരുന്നു. എല്ലാ ജനാധിപത്യ സാധ്യതകളെയും അട്ടിമറിച്ച് ശശികല തമിഴ്‌നാടിന്റെ അധികാരം പിന്‍വാതിലിലൂടെ കൈയടക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ജനാഭിലാഷവും ജനാധിപത്യവും തകര്‍ക്കപ്പെട്ടതിന്റെ നേര്‍ചിത്രമായി എടപ്പാടി കെ. പളനിസാമിയുടെ മുഖ്യമന്ത്രിയായുള്ള സ്ഥാനാരോഹണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.