2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജനപക്ഷരാഷ്ട്രീയത്തോട് മമതാബാനര്‍ജി പറയുന്നത്

എ.പി കുഞ്ഞാമു 9446464948

ആകെയുള്ള 294 സീറ്റില്‍ 211 ഉം നേടി പശ്ചിമബംഗാളില്‍ മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഒട്ടേറെ അഴിമതിയാരോപണങ്ങള്‍ അവര്‍ നേരിട്ടു. ഏകാധിപത്യവാസനയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടു. വിമര്‍ശിക്കുന്നവരെ അവര്‍ അന്യായമായി പീഡിപ്പിക്കുന്നുവെന്ന ആരോപണമുണ്ടായി.

തങ്ങളുടെ പ്രവര്‍ത്തകരെ അടിച്ചൊതുക്കുന്ന മമതയെ പാഠംപഠിപ്പിക്കാന്‍ സി.പി.എം ആജന്മശത്രുക്കളായ കോണ്‍ഗ്രസുമായി സഖ്യംസ്ഥാപിച്ചു. പക്ഷേ, ഇതൊന്നും മമതയുടെ ജനസമ്മതിയെ തരിമ്പുമേശിയില്ല. ബംഗാളെന്നാല്‍ മമതയെന്നു സമ്മതിച്ചുകൊടുക്കുകയായിരുന്നു വംഗജനത.

മമതാബാനര്‍ജിയുടെ റോള്‍മോഡല്‍ ആരായിരിക്കാം. സംശയമൊന്നുമില്ല, അത് ഇന്ദിരാഗാന്ധി തന്നെ. മമതാബാനര്‍ജി യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസുമായി രാഷ്ട്രീയജീവിതത്തിന്റെ തുടക്കംകുറിക്കുന്ന കാലത്ത് ഇന്ദിരാഗാന്ധിയായിരുന്നു താരം എന്നതുകൊണ്ടു മാത്രമല്ല ഇങ്ങനെ പറയുന്നത്. പരുത്തിസാരിയും പരുത്തിസഞ്ചിയുമായി തനി യാഥാസ്ഥികയായി ജനങ്ങള്‍ക്കു മുന്‍പാകെ പ്രത്യക്ഷപ്പെടുന്ന മമതയുടെ മാനറിസങ്ങള്‍ക്ക് ഇന്ദിരയുടേതുമായി വിദൂരസാമ്യമുണ്ട് എന്നതില്‍നിന്ന് അനുമാനിക്കുകയുമല്ല ഇങ്ങനെ.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുരുഷാധിപത്യവ്യവസ്ഥയെ പൂര്‍ണമായും അട്ടിമറിച്ച വനിതാനേതാവാണ് ഇന്ദിരാഗാന്ധി. മറ്റെല്ലാ നിഷേധവശങ്ങളെയും മറികടന്ന് ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ ഇന്ദിരാഗാന്ധി നിലനില്‍ക്കുക ഈ ഒരൊറ്റ സംഗതിയുടെ പേരിലായിരിക്കും. തങ്ങള്‍ക്കു തന്നിഷ്ടംപോലെ നിയന്ത്രിക്കാവുന്ന പാവയെന്നു കരുതിയാണു തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അവരെ പ്രധാനമന്ത്രിയാക്കിയത്. എന്നാല്‍, ഇന്ദിര ആദ്യം ചെയ്തത് കെട്ടിയിട്ട നൂലുകള്‍ അറുത്തെറിയുകയാണ്. എന്നിട്ട്, പാര്‍ട്ടിയിലെ എല്ലാ പുരുഷകേസരികളെയും വരുതിയില്‍ നിര്‍ത്തി.

പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയും ജനാധിപത്യവിരുദ്ധമായ പല നടപടികളും കൈകൊള്ളുകയും ചെയ്തുകൊണ്ടാണ് ഇന്ദിര മുന്നോട്ടുപോയത്. ‘ഒരുമ്പെട്ടിറങ്ങിയ പെണ്ണി’ന്റെ ആ പോക്കുകണ്ടു പകച്ചുനില്‍ക്കുകയായിരുന്നു അപ്പോള്‍ പുരുഷകേന്ദ്രീകൃതമായ നമ്മുടെ രാഷ്ട്രീയം. ഒരുമ്പെട്ടിറങ്ങിയ പെണ്ണുങ്ങളാണല്ലോ പുരുഷലോകത്തെ എന്നും ഞെട്ടിച്ചിട്ടുള്ളത്. അവരെ ആരു തടുക്കാന്‍!
ഇന്ദിരാഗാന്ധിയുടെ ഈ ചങ്കുറപ്പ് പില്‍ക്കാലത്ത് ഇന്ത്യയില്‍ ഉയര്‍ന്നുവന്ന എല്ലാ വനിതാനേതാക്കളെയും സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്നു. ജയലളിതയെയും മായാവതിയെയും നോക്കുക. ഇന്ത്യയിലെ സ്ത്രീരാഷ്ട്രീയത്തിലെ ദുര്‍ഗാരൂപങ്ങളാണ് മമതയടക്കം മൂന്നുപേരും. മൂന്നുപേരുടെയും പ്രവര്‍ത്തനശൈലിയില്‍ ഏകാധിപത്യവാസന പ്രകടമാണ്. തന്നിഷ്ടങ്ങള്‍ വളരെയധികം. ശിങ്കിടികള്‍ ചുറ്റുമുള്ള ലോകത്താണു മൂന്നുപേരുടെയും വാസം.

ഇന്ദിരാഗാന്ധിയാണ് അവരെ പ്രചോദിപ്പിച്ചതെന്നു പറയാന്‍ വേറെയും കാരണങ്ങളുണ്ട്. ഇന്ദിരയെപ്പോലെത്തന്നെ ചില അനുകൂലസാഹചര്യങ്ങളില്‍ പുരുഷനേതാക്കന്മാരുടെ തണലില്‍ രാഷ്ട്രീയത്തില്‍വന്നതാണ് അവരും. പക്ഷേ, എക്കാലത്തും ‘ചേട്ടന്റെ നിഴലില്‍’ നിന്ന ലീലാ ദാമോദരമേനോന്മാരില്‍നിന്നുവ്യത്യസ്തരാവാന്‍ അവര്‍ ശ്രദ്ധിച്ചു. ജനങ്ങള്‍ക്കൊപ്പമാണു തങ്ങളെന്നു വരുത്തിക്കൊണ്ടായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. ഒരുതരം ജനപക്ഷരാഷ്ട്രീയമാണ് അവര്‍ കൊണ്ടുനടന്നത്.

ഇന്ദിരാഗാന്ധി ബാങ്കുകള്‍ ദേശസാത്ക്കരിച്ചതും ഗരിബീ ഹഠാവോ എന്ന മുദ്രാവാക്യം ഉയര്‍ത്തിയതുമെല്ലാം ഉരുളന്‍തലയിണകളില്‍ കൈയൂന്നിക്കിടന്നു ഗാന്ധിജിയെപ്പറ്റിയും രാഷ്ട്രപുനര്‍നിര്‍മാണത്തെപ്പറ്റിയും പ്രസംഗിച്ചു മനഃശാന്തിയടയുന്ന എരിയുംപുളിയുമില്ലാത്ത കോണ്‍ഗ്രസ് രാഷ്ട്രീയമല്ല തന്റേതെന്നും മറിച്ച്, ജനങ്ങളുടെ സുഖദുഃഖങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണു താനെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍വേണ്ടിയായിരുന്നു. അതൊരു തെറ്റിദ്ധരിപ്പിക്കലായിരുന്നുവെന്നു പില്‍ക്കാലത്തു ബോധ്യപ്പെട്ടതു വേറെകാര്യം.

ഇങ്ങനെയൊരു രാഷ്ട്രീയം മമതയ്ക്കും ജയലളിയ്ക്കും മായാവതിക്കുമുണ്ട്. മക്കള്‍ തങ്ങളെ കൈവിടുകയില്ലെന്ന ദൃഢബോധ്യമുള്ള അമ്മമാര്‍ പുലര്‍ത്തുന്ന മനസ്സുറപ്പോടെ ഈ വനിതകളും ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ അടിച്ചേല്‍പ്പിക്കാന്‍ ഇന്ദിരയ്ക്കു ധൈര്യമുണ്ടായത്. മായാവതി നാട്ടിലുടനീളം സ്വന്തംപ്രതിമകള്‍ സ്ഥാപിച്ചതും ജയലളിത സ്വയം കണ്ണകിയായി അവരോധിച്ചതും തമിഴ്മക്കളുടെ അമ്മയായി സ്വയം പ്രത്യക്ഷീഭവിച്ചതും മമതാബാനര്‍ജി മാധ്യമങ്ങളെയും കോടതിയെയും പൊതുബോധത്തെയും ശകാരിക്കുന്നതും ഇതുകൊണ്ടുതന്നെ.

കിറുക്കിന്റെ വക്കത്തെത്തിനില്‍ക്കുന്ന ‘ഇഡിയോസിന്‍ക്രസികള്‍’ മൂന്നുപേര്‍ക്കുമുണ്ട്. ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന വിശ്വാസത്തില്‍നിന്നാണ് ഈ ഊറ്റം. പൊതുസമൂഹത്തെ തരിമ്പും വകവയ്ക്കാത്തതരത്തില്‍ മൂന്നുപേരും പെരുമാറിയതിന്റെയും മനഃശാസ്ത്രം മറ്റൊന്നല്ല. പുരുഷകേന്ദ്രീകൃതലോകത്ത് ആണ്‍വ്യവസ്ഥയെ തകിടംമറിക്കുന്ന പെണ്‍രാഷ്ട്രീയത്തിന്റെ കരുത്താണ് അവര്‍ പ്രകടിപ്പിക്കുന്നത്.
പ്രായോഗികരാഷ്ട്രീയമണ്ഡലങ്ങളില്‍ ജയലളിതയേക്കാളും മായാവതിയേക്കാളുമധികം ഈ കരുത്തുപ്രകടിപ്പിച്ചത് മമതയാണ്. ഒരുപക്ഷേ, അതിനു കാരണം അവരുടെ പ്രവര്‍ത്തനപാരമ്പര്യംതന്നെയായിരിക്കാം. മറ്റു രണ്ടുപേരുടെയുംപോലെ സവിശേഷമായ ചില അനുകൂലഘടകങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണത്തില്‍ അവരോധിക്കപ്പെട്ടയാളല്ല മമതാബാനര്‍ജി. കൃത്യമായ രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെയാണ് അവര്‍ കോണ്‍ഗ്രസില്‍ സ്ഥാനമുറപ്പിച്ചത്.

1984 ല്‍ ജാദവ്പൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സി.പി.എം രാഷ്ട്രീയത്തിലെ മഹാമല്ലനായ സോമനാഥ്ചാറ്റര്‍ജിയെ തോല്‍പിച്ച് ശ്രദ്ധാകേന്ദ്രമായി. പിന്നീട്, കൊണ്ടുംകൊടുത്തുമായിരുന്നു മമതയുടെ വളര്‍ച്ച. അക്കാരണത്താല്‍ കൂടുതല്‍ ഉള്‍ബലം അവര്‍ക്കുണ്ടായിട്ടുണ്ട്. പക്ഷേ, പ്രവര്‍ത്തനപാരമ്പര്യത്തിന്റെ ഈ ശക്തിയോടൊപ്പം ജനപക്ഷരാഷ്ട്രീയത്തിന്റെ താങ്ങും അവരെ സഹായിച്ചിട്ടുണ്ട്. ബംഗാള്‍രാഷ്ട്രീയത്തില്‍ ചരിത്രപരമായി നിലനില്‍ക്കുന്ന വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ ആലോചിച്ചാല്‍ ഇതു കൂടുതല്‍ വ്യക്തമാകും.

ബംഗാള്‍ നവോത്ഥാനത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെ ആരംഭത്തിന്റെയും കാലംമുതല്‍ക്കേ ബംഗാളില്‍ ഈ വിഭജനമുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു ബംഗാളിലുണ്ടായ വളര്‍ച്ചയിലും അതു പ്രകടമാണ്. ബാബുമാരും അല്ലാത്തവരും തമ്മിലുള്ള വേര്‍തിരിവ് റൈറ്റേഴ്‌സ് ബില്‍ഡിംഗില്‍ മാത്രമല്ല, ബംഗാളിലുടനീളം പ്രകടമാണ്. ഓക്‌സ്ഫഡിലും കേംബ്രിഡ്ജിലും ഏറ്റവുംചുരുങ്ങിയതു ശാന്തിനികേതിനിലെങ്കിലും പഠിച്ച വരേണ്യവര്‍ഗം നിയന്ത്രിച്ചുപോന്ന രാഷ്ട്രീയത്തിനെരേ നിലകൊണ്ട ജനപക്ഷരാഷ്ട്രീയത്തിന്റെ പ്രാതിനിധ്യമാണ് മമതാബാനര്‍ജിക്കുള്ളത്.

ഈ വരേണ്യരുടെ സ്ഥായീഭാവം ബംഗാളിലെ ഇടതുപക്ഷരാഷ്ട്രീയവും നിലനിര്‍ത്തിപ്പോന്നിരുന്നു. പ്രകാശ് കാരാട്ടിനെയും സീതാറാം യെച്ചൂരിയെയുംപോലുള്ള ബുദ്ധിജീവികള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന് ഈ ബൗദ്ധികപരിവേഷത്തിന്റെ പിന്തുടര്‍ച്ചയാണുള്ളത്. മമതാബാനര്‍ജിയെന്ന ഇടത്തരക്കാരിക്കു ചുറ്റും ഇങ്ങനെ യാതൊരു ‘ഹാലോ'(പരിവേഷം)യും ഇല്ല. ജനങ്ങള്‍ മമതയുടെ പരുത്തിസാരിയും സഞ്ചിയും മുഖവിലയ്‌ക്കെടുത്തത് അവര്‍ തങ്ങളിലൊരാളാണെന്ന തികഞ്ഞ ബോധ്യംകൊണ്ടുതന്നെ.

മമതയും അവരുടെ ജനപക്ഷരാഷ്ട്രീയവും തമ്മിലുള്ള പാരസ്പര്യം എത്രത്തോളമുണ്ടെന്നതിന് അവരുടെ രാഷ്ട്രീയജീവിതത്തിലെ ചാഞ്ചാട്ടങ്ങള്‍തന്നെയാണു തെളിവ്. 1997 ലാണ് അവര്‍ കോണ്‍ഗ്രസ് വിട്ടു തൃണമൂല്‍ കോണ്‍ഗ്രസുണ്ടാക്കിയത്. അതിനുപറഞ്ഞ കാരണം സി.പി.എമ്മിന്റെ ജനവിരുദ്ധരാഷ്ട്രീയത്തിനെതിരായി ബംഗാളിലെ കോണ്‍ഗ്രസ് പൊരുതുന്നില്ലെന്നായിരുന്നു. കോണ്‍ഗ്രസ് സി.പി.എമ്മിന്റെ വാലായി സുഖജീവിതമാസ്വദിക്കുകയാണെന്നായിരുന്നു മമതയുടെ ന്യായം. (ഏതാണ്ടു രണ്ടുപതിറ്റാണ്ടിനുശേഷം കോണ്‍ഗ്രസും സി.പി.എമ്മും മമതയ്‌ക്കെതിരേ സഖ്യമുണ്ടാക്കുകയും ചെയ്തു.)

പിന്നീട്, രാഷ്ട്രീയത്തില്‍ മമതയുടെ ഓരോ ചാഞ്ചാട്ടവും സാധാരണജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണുണ്ടായത്. എന്‍.ഡി.എയിലായിരുന്നപ്പോള്‍ പെട്രോള്‍വില വര്‍ധിപ്പിച്ചതിന്റെ പേരില്‍ രാജിവച്ചു. നന്ദിഗ്രാമും സിംഗൂരുമുണ്ടായപ്പോള്‍ ബുദ്ധദേവ് ഭട്ടാചാര്യയുടെ ജനവിരുദ്ധസ്വഭാവം ഉയര്‍ത്തിക്കാട്ടി സി.പി.എം സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു. ചില്ലറ വ്യാപാരരംഗത്തു വിദേശപങ്കാളിത്തമെന്ന ആശയത്തിനും പാചകവാതക സിലിണ്ടറുകളുടെ വിലവര്‍ധിപ്പിച്ചതിനും ഡീസല്‍ വിലയുയര്‍ത്തിയതിനുമെതിരേയെന്നു പറഞ്ഞാണ് യു.പി.എ ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചത്.

മമതയുടെ ഇത്തരം നടപടികള്‍ പക്വതയില്ലായ്മയായി വിശേഷിപ്പിക്കപ്പെടാറുണ്ട്. അതേസമയം 2007 ല്‍ ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപമെന്ന ആശയം അവതരിപ്പിക്കപ്പെട്ട കാലംമുതല്‍ അവര്‍ അതിനെതിരായിരുന്നുവെന്നോര്‍ക്കണം. അന്നു മമതാ ബാനര്‍ജിയുടെ പാര്‍ട്ടി ബംഗാളില്‍ പ്രതിപക്ഷത്തായിരുന്നു. വിദേശനിക്ഷേപത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയത്തിന്റെ ഭാഷയും ശൈലിയും ശരിയല്ലെന്നും അതില്‍ ഭേദഗതിവേണമെന്നും പറഞ്ഞ് എതിര്‍ക്കുകയാണു സി.പി.എം ചെയ്തത്. വ്യാകരണപ്പിശകുള്ള ഭാഷയിലാണെങ്കിലും മമത സംസാരിച്ചതു ജനങ്ങള്‍ക്കുവേണ്ടിയായിരുന്നു.
ഈ വ്യാകരണപ്പിശക് മമതാബാനര്‍ജിയുടെ ചെയ്തികളിലും വാക്കുകളിലുമെന്നല്ല, ശരീരഭാഷയില്‍പ്പോലുമുണ്ട്. വനിതാസംവരണബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കുവന്ന കാലത്ത് ബില്ലിനെയെതിര്‍ത്ത ദരൂഗപ്രസാദ് സരോജ് എന്ന സമാജ്‌വാദി പാര്‍ട്ടി എം.പിയുടെ കുപ്പായക്കോളറില്‍ കയറിപ്പിടിക്കുകയുണ്ടായി. പാര്‍ലമെന്റിന്റെ അന്തസ്സുകെടുത്തിയെന്നായിരുന്നു അന്നത്തെ ആക്ഷേപം. പാര്‍ലമെന്റംഗം ഇങ്ങനെ പെരുമാറാമോയെന്ന ചോദ്യം ന്യായം.

പക്ഷേ, പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ ഭാഷയും വാക്കുകളും മിമിക്രിയിലൂടെ അവതരിപ്പിക്കുകയും അദ്ദേഹത്തെ കൊഞ്ഞനംകുത്തുകയും ചെയ്യാന്‍ വര്‍ഷങ്ങള്‍ക്കുശേഷവും അവര്‍ തയാറായി. നരേന്ദ്രമോദിയെയും മമത ശക്തമായി മുറിവേല്‍പ്പിക്കുന്നു. തെരുവിലെ ജനങ്ങളുടെ കാഴ്ചപ്പാടില്‍നിന്നുകൊണ്ടാണു ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന പെരുംതൂണുകളെയെല്ലാം (കോടതി, മാധ്യമങ്ങള്‍, ഭരണസംവിധാനം) അവര്‍ നോക്കുന്നത്. നിങ്ങളെന്തു പറഞ്ഞാലും ശരി, അവര്‍ വ്യവസ്ഥയെ കൊഞ്ഞനം കുത്തിക്കൊണ്ടേയിരിക്കും. അഴിമതിയാരോപണങ്ങളുടെ ശരവര്‍ഷങ്ങള്‍ക്കിടയിലും ജനം അവരെ പിന്തുണയ്ക്കുകയും ചെയ്യും.

വംഗജനത തന്നെ കൈവെടിയുകയില്ലെന്ന ദൃഢബോധ്യം മമതാ ബാനര്‍ജിക്കുണ്ട്. ചപലമെന്നും അപക്വമെന്നും നാം കളിയാക്കുന്ന അവരുടെ പ്രവൃര്‍ത്തികളുടെ പിന്നില്‍ താനും തന്റെ ജനതയും ഒന്നാണെന്ന ഉറപ്പാണുള്ളത്. ബംഗാളി ഭദ്രലോകിന്നെതിരായി താന്‍ അണിനിരത്തുന്ന അധ:സ്ഥിതരും ന്യൂനപക്ഷസമുദായക്കാരുമായ ഒന്നിനും കൊള്ളാത്ത സാധാരണജനത്തിന്റെ മുന്‍പന്തിയില്‍ അവരിലൊരാളായി മമതയുണ്ട്. അത്രയ്ക്കു സഞ്ചരിക്കാന്‍ മാത്രമേ മമതക്കു സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ അവരെപ്പോലെയൊരാള്‍ക്കു മാത്രമേ അങ്ങനെ സഞ്ചരിക്കാന്‍ സാധിക്കൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.