2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ജനങ്ങളെ വെല്ലുവിളിക്കുന്ന മോദി സര്‍ക്കാര്‍


500, 1000 രൂപ നോട്ടുകള്‍ മുന്നറിയിപ്പില്ലാതെ അസാധുവാക്കുകയും അതു മാറ്റിയെടുക്കാനും ബാങ്ക് അക്കൗണ്ടുകളിലുള്ള സ്വന്തം പണം തിരിച്ചെടുക്കാനും കടുത്തനിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിമൂലം ഇന്ത്യന്‍ ജനത വലിയ ദുരിതമനുഭവിക്കുന്നതിനിടയില്‍ പുറത്തുവരുന്ന ചില വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കള്ളപ്പണവേട്ടയുടെ പേരില്‍ സ്വീകരിച്ച ഈ നടപടികളെക്കുറിച്ചു രാജ്യത്തെ ചില വന്‍കിട മുതലാളിമാര്‍ക്കു മുതല്‍ സാമ്പത്തികകുറ്റവാളികള്‍ക്കുവരെ ഔദ്യോഗികകേന്ദ്രങ്ങളില്‍നിന്നു മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നുവെന്നാണ് വാര്‍ത്ത.

അതായത് കള്ളപ്പണ, കള്ളനോട്ടു വേട്ട നടത്താനെന്ന വ്യാജേന കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നടപടി കള്ളപ്പണക്കാരും വന്‍മാഫിയകളും അടങ്ങുന്ന പണച്ചാക്കുകളെ സഹായിച്ചുകൊണ്ടായിരുന്നുവെന്ന്. ഇതു ശരിയാണെങ്കില്‍ മാപ്പര്‍ഹിക്കാത്ത ജനദ്രോഹമാണു  നരേന്ദ്രമോദി സര്‍ക്കാര്‍ സാധാരണജനങ്ങളോടു ചെയ്തിരിക്കുന്നതെന്നു പറയാതിരിക്കാനാവില്ല. അതിനിടയിലിതാ മറ്റൊരു വാര്‍ത്തകൂടി പുറത്തുവന്നിരിക്കുന്നു: വിജയ്മല്യയുള്‍പ്പെടെ ബാങ്കുകളെ കബളിപ്പിച്ച ശതകോടീശ്വരന്മാരുടെ 7,016 കോടി രൂപ വരുന്ന വായ്പ ദേശസാല്‍കൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കിട്ടാക്കടമായി എഴുതിത്തള്ളി!

നോട്ട് നിയന്ത്രണം കാരണം സാധാരണക്കാര്‍ വേലയും കൂലിയുമില്ലാതെ വലയുന്നതിനിടയിലാണിതെന്ന് ഓര്‍ക്കണം. എസ്.ബി.ഐ അഡ്വാന്‍സ് അണ്ടര്‍ കലക്്ഷന്‍ അക്കൗണ്ടി(എ.യു.സി.എ)ലേയ്ക്കു മാറ്റി 7,016 കോടിയില്‍ ഇന്ത്യന്‍ ബാങ്കുകളെ കബളിപ്പിച്ചു ലണ്ടനിലേക്ക് ഒളിച്ചോടിയ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ കിട്ടാക്കടം മാത്രം 1,201 കോടി വരും. സാമ്പത്തിക കുറ്റവാളിയായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രഖ്യാപിച്ച മല്യയുടെ സ്ഥാപനം 17 ബാങ്കുകളില്‍ നിന്നായി എടുത്ത മൊത്തം 6,963 കോടി രൂപ വരുന്ന വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ സുപ്രിംകോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ എഴുതിത്തള്ളലെന്നതു ശ്രദ്ധേയമാണ്.
ഇതിനെതിരേ വ്യാപകമായ പ്രതിഷേധമുയര്‍ന്നതോടെ, ചില സാങ്കേതികന്യായങ്ങള്‍ എടുത്തുകാട്ടി വായ്പ എഴുതിത്തള്ളിയിട്ടില്ലെന്നു വാദിക്കുകയാണു കേന്ദ്രസര്‍ക്കാര്‍. കുടിശ്ശിക തിരിച്ചുപിടക്കാന്‍ ശ്രമിക്കില്ലെന്നല്ല ഈ നടപടിയുടെ അര്‍ഥമെന്നാണു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ നല്‍കിയ വിശദീകരണം. തികച്ചും വാസ്തവവിരുദ്ധമാണിത്. തിരിച്ചുപിടിക്കാനാവില്ലെന്നു തോന്നുന്ന വായ്പകളാണു എ.യു.സി.എയിലേക്കു മാറ്റുന്നത്. തിരിച്ചുപിടിക്കാനാവുമെന്ന് ചെറിയ പ്രതീക്ഷയെങ്കിലുമുള്ള വായ്പകളെ നിഷ്‌ക്രിയാസ്തി, അഥവാ നോണ്‍ പെര്‍ഫോമിങ് അസറ്റ് (എന്‍.പി.എ) വിഭാഗത്തിലാണ് ഉള്‍പെടുത്തുക.

മല്യയുള്‍പ്പെടെയുള്ള വ്യവസായികളുടെ വായ്പാ തുക ഇനി കിട്ടുമെന്ന പ്രതീക്ഷ വേണ്ടെന്നും അതു തിരിച്ചുപിടിക്കാന്‍ ശ്രമിക്കേണ്ടെന്നുമുള്ള വ്യക്തമായ സന്ദേശം ഭരണകൂടത്തില്‍നിന്നു ലഭിച്ചതുകൊണ്ടായിരിക്കാം ഒരു പൊതുമേഖലാ ബാങ്ക് അതെല്ലാം എ.യു.സി.എയിലേയ്ക്കു മാറ്റിയത്. കഠിനാധ്വാനം ചെയ്തതിന്റെ കൂലിപോലും വാങ്ങാനാവാതെ നരകയാതന അനുഭവിക്കുന്ന സാധാരണജനതയുടെ ചെലവിലാണു കേന്ദ്രസര്‍ക്കാര്‍ വന്‍ സാമ്പത്തിക ശക്തികളുടെ വായ്പാ കുടിശ്ശിക  ഒഴിവാക്കിക്കൊടുക്കുന്നതെന്ന് ഓര്‍ക്കണം.

ഈ വാര്‍ത്തയ്ക്കു തൊട്ടുപിറകെയാണു ബി.ജെ.പിയുടെ തന്നെ ഒരു എം.എല്‍.എയുടെ വെളിപ്പെടുത്തലുണ്ടായത്. നോട്ട് അസാധുവാക്കുന്ന കാര്യം അദാനിയും അംബാനിയും നേരത്തേ അറിഞ്ഞുവെന്നാണു രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള ഭവാനി സിങിന്റെ വെളിപ്പെടുത്തല്‍. ഇതോടെ മോദി സര്‍ക്കാരിന്റെ നടപടിക്കെതിരേ ഒരാഴ്ചക്കാലമായി ഉയരുന്ന ആരോപണങ്ങള്‍ അക്ഷരംപ്രതി ശരിയാണെന്നു വ്യക്തമായി.
സ്വേച്ഛാധിപതികള്‍പോലും ചെയ്യാന്‍ മടിക്കുന്ന മഹാപാതകമാണ് ജനാധിപത്യക്കസേരയിലിരുന്നു മോദി ജനതയോടു ചെയ്യുന്നത്. കള്ളനോട്ടും കള്ളപ്പണവും എങ്ങനെയാണെന്നു കണ്ടിട്ടുപോലുമില്ലാത്ത ദരിദ്രജനകോടികളെ ദുരിതത്തിലാഴ്ത്തി അതിനെ രാജ്യസ്‌നേഹത്തിന്റെയും രാഷ്ട്രപുരോഗതിയുടെയും പേരില്‍ ന്യായീകരിക്കുകയും സാമ്പത്തിക കുറ്റവാളികളടക്കമുള്ള പണച്ചാക്കുകള്‍ക്ക്  അന്യായമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയുമാണു കേന്ദ്രം. ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണിത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.