2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ജനങ്ങളും ചോദിക്കട്ടെ, നിങ്ങള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്?


 

കേരളത്തിലെ ജനാധിപത്യ സംവിധാനത്തിന് എത്ര കഴുകിയാലും മാഞ്ഞുപോകാത്ത കളങ്കമുണ്ടാക്കിയ സംഭവമാണ് 2015 മാര്‍ച്ച് 13ന് കേരള നിയമസഭയില്‍ ചില സഭാംഗങ്ങള്‍ നടത്തിയ പേക്കൂത്ത്. അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ പ്രതിപക്ഷത്തായിരുന്ന ഇടതുമുന്നണി എം.എല്‍.എമാര്‍ നടത്തിയ നാണംകെട്ട അക്രമങ്ങള്‍ വെബ് കാസ്റ്റിങ് വഴി കണ്ട് ലജ്ജിച്ചു തലതാഴ്ത്തുകയായിരുന്നു ലോകത്തെങ്ങുമുള്ള മലയാളികള്‍. സ്പീക്കറുടെ കസേരയും കംപ്യൂട്ടര്‍ അടക്കമുള്ള സംവിധാനങ്ങളും തല്ലിത്തകര്‍ത്ത് താണ്ഡവമാടിയതിന് അവര്‍ക്കുമേല്‍ ചുമത്തപ്പെട്ട കേസ് ഒഴിവാക്കിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളെ ഒടുവില്‍ സുപ്രിംകോടതി പോലും രൂക്ഷ വിമര്‍ശനങ്ങളോടെ നിരാകരിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയിലെ വാദങ്ങള്‍ തള്ളിക്കൊണ്ട് കോടതി പറഞ്ഞ കാര്യങ്ങളും ചോദിച്ച ചോദ്യവുമെല്ലാം ജനാധിപത്യ മര്യാദകളുടെ കാറ്റെങ്കിലും തട്ടിയ ഒരു ഭരണകൂടത്തെ ലജ്ജിപ്പിക്കേണ്ടതാണ്.
ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചായിരുന്നു സഭയിലെ അക്രമം. അഴിമതിക്കെതിരായ പ്രതിഷേധമെന്ന് ഇന്നത്തെ ഭരണമുന്നണിയായ എല്‍.ഡി.എഫും അതിനെ നയിക്കുന്ന സി.പി.എമ്മും എത്രതന്നെ ന്യായീകരിച്ചാലും അതീവഗുരുതരമായ ആ കുറ്റകൃത്യത്തില്‍ നിന്ന് അവര്‍ മുക്തരാവില്ല, അല്ലെങ്കില്‍ ആവാന്‍ പാടില്ല. നാടിന്റെ ഭരണം നിര്‍വഹിക്കുക എന്ന അതീവപ്രാധാന്യമുള്ള ചുമതലയാണ് ജനത അവരെ ഏല്‍പ്പിക്കുന്നത്. അതിനുള്ള നിയമനിര്‍മാണ, നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ക്കായി സകല സൗകര്യങ്ങളോടും കൂടി ജനത അവരുടെ വിയര്‍പ്പിന്റെ ചെലവില്‍ ഒരുക്കിക്കൊടുത്ത ഇടമാണ് നിയമസഭാമന്ദിരം. ജനാധിപത്യ സമൂഹത്തില്‍ അതിന് വലിയ തോതില്‍ തന്നെ പവിത്രത കല്‍പ്പിക്കപ്പെടുന്നുമുണ്ട്. അതേ ജനത തന്നെ ഏറെ വിശ്വാസമര്‍പ്പിച്ച് തെരഞ്ഞെടുത്ത് ഓരോ നിമിഷത്തിനും പണം ചെലവഴിച്ച് തീറ്റിപ്പോറ്റുന്ന സാമാജികര്‍ ആ ഇടം തല്ലിപ്പൊളിക്കുന്നത് ഒരിക്കലും മാപ്പര്‍ഹിക്കാത്ത കുറ്റം തന്നെയാണ്. ജനതയുടെ ആത്മാഭിമാനത്തില്‍ കൂടിയാണ് ഈ സാമാജികര്‍ ആഴത്തില്‍ പരുക്കേല്‍പ്പിച്ചിരിക്കുന്നത്.

ഇങ്ങനെയൊരു നികൃഷ്ടകൃത്യം ചെയ്തവരെ ആ കുറ്റത്തില്‍നിന്ന് രക്ഷിച്ചെടുക്കാനായി കോടതികളില്‍ വാദിക്കാന്‍ ജനതയുടെ നികുതിപ്പണം വലിയ തോതില്‍ ചെലവഴിക്കുക എന്ന അത്രതന്നെ ഗുരുതരമായൊരു കുറ്റമാണ് സര്‍ക്കാര്‍ ചെയ്തത്. അവിടെയും നിന്നില്ല. ഈ കേസില്‍ പ്രതികളായ മൂന്നുപേരെ മന്ത്രിമാരും ഒരാളെ ഇതേ സഭയുടെ നാഥനുമാക്കി അവരുടെ പാര്‍ട്ടി പിന്നീട് ആദരിക്കുകയുമുണ്ടായി. പ്രമോഷന്‍ അര്‍ഹിക്കുന്ന ഒരു മഹാകര്‍മമാണ് അവര്‍ ചെയ്തതെന്ന് ജനതയുടെ വോട്ടുവാങ്ങി അധികാരം കൈയാളുന്ന പാര്‍ട്ടി പ്രഖ്യാപിക്കുകയായിരുന്നു ഇതുവഴി. ഇതിലൊരാളായ വി. ശിവന്‍കുട്ടി നിലവില്‍ മന്ത്രിയാണ്.
ഇതൊക്കെ വ്യക്തമായി നിരീക്ഷിച്ചു തന്നെയാവണം ഇതിലൂടെ എന്തു സന്ദേശമാണ് നിങ്ങള്‍ നല്‍കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് രാജ്യത്തെ പരമോന്നത നീതിപീഠം ചോദിച്ചത്. സര്‍ക്കാരിന്റെ കരണക്കുറ്റിക്കേറ്റ അടി തന്നെയാണ് ഈ ചോദ്യം. മാത്രമല്ല, നിയമസഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ് ബജറ്റ് അവതരണമെന്ന് നിയമത്തിന്റെയും നിയമസഭയുടെയും ബജറ്റിന്റെയുമൊക്കെ നടത്തിപ്പുകാരോടു തന്നെ കോടതിക്കു പറയേണ്ടിയും വന്നു. ഇക്കാര്യങ്ങളിലൊക്കെ അജ്ഞരും ഈ പണിക്കു കൊള്ളാത്തവരുമാണ് നിങ്ങളെന്ന ധ്വനി കോടതിയുടെ ആ പരാമര്‍ശത്തില്‍ വായിച്ചെടുക്കാവുന്നതാണ്.

ജനാധിപത്യ മര്യാദകള്‍ക്ക് മൂല്യം കല്‍പ്പിക്കുന്നൊരു സമൂഹത്തിലെ സര്‍ക്കാരിന് അധികാരമൊഴിഞ്ഞുപോകാന്‍ ഈ പരാമര്‍ശം ധാരാളം മതിയാകും. എന്നാല്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് കാര്യമായ വിലയൊന്നും കല്‍പ്പിക്കാത്ത നേതാക്കള്‍ ആധിപത്യം നേടിയൊരു സമൂഹത്തില്‍ അതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇതും ഇതിലപ്പുറവും ചെയ്യുന്നവരെ വീണ്ടും ജയിപ്പിച്ചയയ്ക്കാന്‍ ഈ നാട്ടില്‍ ആളുകളുണ്ടെന്ന അറിവ് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുമുണ്ട്. കോടതിയുടെ ചോദ്യം ജനങ്ങളില്‍നിന്നും ഉയരാത്തിടത്തോളം കാലം അവരത് തുടരുകയും ചെയ്യും. അപമാനകരമായ ഈ രാഷ്ട്രീയാവസ്ഥയില്‍നിന്ന് കേരളം രക്ഷപ്പെടണമെങ്കില്‍ ആ ചോദ്യം ജനങ്ങളില്‍ നിന്ന് തുടര്‍ച്ചയായി ഉയരുക തന്നെ വേണം.
ഭരണകര്‍ത്താക്കളുടെ തെറ്റായ നടപടികളെ സഭയില്‍ ചോദ്യം ചെയ്യാനും പ്രതിഷേധിക്കാനും പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നു മാത്രമല്ല അതിനുവേണ്ടി തന്നെയാണ് പ്രതിപക്ഷാംഗങ്ങളെ ജനത തെരഞ്ഞെടുത്തയയ്ക്കുന്നത് എന്നതും നിഷേധിക്കാനാവാത്ത കാര്യമാണ്. എന്നാല്‍ അതിനെല്ലാം ചില പരിധികളും വ്യവസ്ഥകളും മര്യാദകളുമൊക്കെയുണ്ട്. ഭരണഘടനാ വ്യവസ്ഥകളനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന സഭാംഗങ്ങള്‍ അതെല്ലാം അക്ഷരം പ്രതി പാലിക്കാന്‍ ബാധ്യസ്ഥരാണ്. അതിനു തയാറല്ലാത്തവര്‍ ആ പണിക്കു പോകരുത്. അതവര്‍ക്ക് അറിയില്ലെങ്കില്‍ അറിയിച്ചുകൊടുക്കേണ്ട ബാധ്യത ജനതയ്ക്കുണ്ട്.

ഭരണസംവിധാനങ്ങളുടെയും നിയമനിര്‍മാണ സഭകളുടെയും പ്രവര്‍ത്തനം നീതിയുക്തവും തികച്ചും അന്തസ്സോടെയും ആയിരിക്കേണ്ടത് ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് അനിവാര്യമാണ്. അതങ്ങനെ ആയിരിക്കണമെങ്കില്‍ അന്തസ്സും ജനാധിപത്യ മൂല്യബോധവും വിനയവുമൊക്കെയുള്ളവര്‍ മാത്രമായിരിക്കണം സഭകളിലെത്തുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതു സാധ്യമാകണമെങ്കില്‍ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനോ അധികാരത്തില്‍ വരുന്നതിനോ ആജീവനാന്തം വിലക്കേര്‍പ്പെടുത്തുന്ന നിയമം രാജ്യത്ത് ഉണ്ടാകേണ്ടതുണ്ട്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സംസ്‌കാരത്തില്‍നിന്ന് അത് പ്രതീക്ഷിക്കാനാവുമെന്ന് തോന്നുന്നില്ല. അതു സംഭവിക്കണമെങ്കില്‍ വ്യാപകമായി ജനശബ്ദമുയരുകയും അതിന്റെ സമ്മര്‍ദത്തില്‍ ഭരണകര്‍ത്താക്കള്‍ അതിനു നിര്‍ബന്ധിതരാകുകയും തന്നെ വേണം. ജനാധിപത്യ സമൂഹത്തില്‍ പരമാധികാരികള്‍ ജനങ്ങള്‍ തന്നെയാണെന്ന പാഠം ഒരിക്കലും മറന്നുപോകാന്‍ പാടില്ലാത്തതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.