2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജനക്കൂട്ടത്തെ ഉന്നംവച്ച് ബി.ജെ.പി നേതാവ്; വെടിവയ്പില്‍ ഒരാള്‍ മരിച്ചു; വിവാദം

സ്വയംപ്രതിരോധത്തിനെന്ന് ന്യായീകരിച്ച് ബി.ജെ.പി എം.എല്‍.എ; ആക്രമണം പൊലിസുകാര്‍ നോക്കിനില്‍ക്കെ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ജനക്കൂട്ടത്തിനുനേരെ നിറയൊഴിച്ച് ബി.ജെ.പി നേതാവ്. ബല്ലിയയിലെ റിയോതി ഗ്രാമത്തിലാണ് ബി.ജെ.പി പ്രദേശിക നേതാവ് ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തത്.
ഇതില്‍ 46കാരനായ ഒരാള്‍ കൊല്ലപ്പെടുകയും പരിഭ്രാന്തിയില്‍ ഓടുന്നതിനിടെ നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. പൊലിസും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റടക്കമുള്ള ഉദ്യോഗസ്ഥരും നോക്കിനില്‍ക്കേയായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ബി.ജെ.പി എം.എല്‍.എ സുരേന്ദ്രസിങ്ങിന്റെ അടുത്ത സഹായിയും ബി.ജെ.പിയുടെ വിമുക്ത ഭടന്‍മാരുടെ സംഘടനയുടെ ജില്ലാ പ്രസിഡന്റുമായ ധീരേന്ദ്രപ്രതാപ് സിങ്ങാണ് ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തത്.
ഇതില്‍ 46കാരനായ ജയപ്രകാശെന്ന ഗാമയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തു റേഷന്‍ കടകള്‍ നടത്തിപ്പിനു നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഭിന്നാഭിപ്രായങ്ങളുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു വെടിവയ്പ്. സംഭവത്തില്‍ ആറുപേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍, സ്വയംപ്രതിരോധത്തിനാണ് ധീരേന്ദ്രപ്രതാപ് വെടിവച്ചതെന്നും ഇത് എവിടെയും സംഭവിക്കാവുന്നതാണെന്നുമായിരുന്നു ബി.ജെ.പി എം.എല്‍.എയുടെ പ്രതികരണം.
ഇരു ഭാഗത്തുനിന്നും കല്ലേറുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധമുര്‍ന്നതിനെ തുടര്‍ന്ന് സംഭവസമയത്തു പ്രദേശത്തുണ്ടായിരുന്ന പൊലിസുകാരെയും മറ്റ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.