2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

ജനകീയാസൂത്രണം: നേട്ട കോട്ടങ്ങളുടെ ഇരുപത്തിയഞ്ച് വര്‍ഷം


   

ഇടത് മുന്നണി സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജനകീയാസൂത്രണ രജത ജൂബിലിയാഘോഷം തുടങ്ങിയത് കല്ലുകടിയോടെയാണ്. ജനകീയാസൂത്രണ പദ്ധതി വിജയിപ്പിക്കാന്‍ അന്ന് ആസൂത്രണ ബോര്‍ഡ് അംഗമായിരുന്ന മുന്‍ മന്ത്രി തോമസ് ഐസക്ക് നേതൃപരമായ പങ്കാണ് നിര്‍വഹിച്ചതെന്നത് നിസ്തര്‍ക്കമാണ്. ഇന്നലെ വന്ന കേരള കോണ്‍ഗ്രസിന് ആഘോഷത്തോടെ മുന്‍നിരയില്‍ സീറ്റു നല്‍കിയപ്പോള്‍ സ്‌കറിയ തോമസ് വിഭാഗം കേരള കോണ്‍ഗ്രസിനും ശേഷം മുപ്പതാമതായാണ്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത രജത ജൂബിലി ആഘോഷ ചടങ്ങില്‍ മുന്‍ മന്ത്രി തോമസ് ഐസക്കിന്റെ സ്ഥാനം. ഇതില്‍ വലിയ കാര്യമൊന്നുമില്ലെന്നാണ് അധ്യക്ഷനായിരുന്ന മന്ത്രി എം.വി ഗോവിന്ദന്റെ പ്രതികരണം. ഐ.എന്‍.എല്ലിലെ വിഭാഗീയത പരസ്പരം അടിച്ചു പരിഹാരം കാണുമ്പോള്‍ കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മിലെ വിഭാഗീയത ഈ വിധമായിരിക്കും പുറത്തുവന്നുകൊണ്ടിരിക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമുള്ള അധികാര വികേന്ദ്രീകരണമെന്ന് ജനകീയാസൂത്രണ പദ്ധതിയെ വിശേഷിപ്പിക്കാം. തദ്ദേശ സ്വയംഭരണ നിയമവും നഗരപാലിക നിയമവും നിലവില്‍ വന്നിട്ടും ഗ്രാമങ്ങളിലും നഗരങ്ങളിലും വേണ്ടത്ര വികസനം ഉണ്ടാവാത്തതിന്റെ പശ്ചാത്തലത്തിലാണ് വികേന്ദ്രീകൃത പദ്ധതിയായി ജനകീയാസൂത്രണ പദ്ധതി നിലവില്‍ വന്നത്. 1996 ഓഗസ്റ്റ് 17 നു (ചിങ്ങം 1) ആരംഭിച്ച ജനകീയാസൂത്രണ പദ്ധതി ഒരു പരീക്ഷണമെന്ന നിലക്കാണ് അന്ന് ഇടത് മുന്നണി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരുടെ നേതൃത്വത്തില്‍ ആരംഭംകുറിച്ചത്. കമ്മിറ്റിയില്‍ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവര്‍ക്കും മതിയായ പ്രതിനിധ്യവും ലഭിച്ചിരുന്നു. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഐ.എസ് ഗുലാത്തിയുടെ മേല്‍നോട്ടത്തിലായിരുന്നു പദ്ധതി നടത്തിപ്പ്. ഈ ആസൂത്രണ ബോര്‍ഡില്‍ അംഗമായിരുന്നു സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ഡോ. തോമസ് ഐസക്ക്.

സംസ്ഥാന ബജറ്റില്‍ 30 ശതമാനം പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നീക്കിവച്ചതിനെത്തുടര്‍ന്നു ഗ്രാമങ്ങളിലും നഗരങ്ങളിലും വികസനത്തിന്റെ പുതിയ വെളിച്ചം പകരുവാന്‍കഴിഞ്ഞു. ലോക രാഷ്ട്രങ്ങളില്‍ പലതും സംസ്ഥാനത്തെ ജനകീയാസൂത്രണ പദ്ധതിയുടെ വിജയത്തെ നേരിട്ടു മനസിലാക്കാനും പഠിക്കാനും കേരളത്തിലെത്തി. കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലത്തില്‍ പുതിയൊരു ഉണര്‍വ് ഉണ്ടാകുന്നതിനും ജനങ്ങളില്‍ അധികാര പങ്കാളിത്വത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും ജനകീയാസൂത്രണ പദ്ധതി ഉപകാരപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു പദ്ധതി താല്‍ക്കാലികമായിരിക്കുമെന്ന ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ആശ്വാസത്തിനു മേല്‍ ആശങ്കയേറ്റിക്കൊണ്ടാണ് 25 വര്‍ഷം വിജയപൂര്‍വം ജനകീയാസൂത്രണ പദ്ധതി മുമ്പോട്ട് പോയത്. പദ്ധതി നിലനിന്നാല്‍ ഉദ്യോഗസ്ഥരുടെ അധികാരഘടനയെ അത് സാരമായി ബാധിക്കുമെന്ന ആശങ്കയായിരുന്നു ഒളിഞ്ഞും തെളിഞ്ഞും പദ്ധതി തകര്‍ക്കാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ യഥാര്‍ഥ പ്രാദേശിക ഭരണകൂടങ്ങളാകുമ്പോള്‍ അധികാരഘടനയില്‍ ഉണ്ടാകുന്ന മാറ്റമാണ് ഉദ്യോഗസ്ഥരെ അങ്കലാപ്പിലാക്കിയത്. അതിനാല്‍ തന്നെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജനക്ഷേമ പദ്ധതികള്‍ക്ക് ഉടക്കുവയ്ക്കാന്‍ പല ഉദ്യോഗസ്ഥരും തുനിഞ്ഞിട്ടുണ്ട്.

മൂന്നാം ലോകരാജ്യങ്ങളില്‍ നടക്കുന്ന അധികാര വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങളെയും ജനപങ്കാളിത്വത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങളെയും വികസിത രാജ്യങ്ങളിലെ നിരവധി വിദഗ്ധര്‍ സൂക്ഷ്മമായി വിലയിരുത്തി സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം ഏറ്റുവാങ്ങാനും പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും സമീപകാലത്ത് ജനകീയാസൂത്രണ പദ്ധതികളുടെ നടത്തിപ്പ് മന്ദീഭവിച്ചിട്ടുണ്ട്. അധികാര വികേന്ദ്രീകരണ പ്രക്രിയയെ നിശബ്ദമാക്കാന്‍ എതിര്‍ചേരിയില്‍ ആരാണോ പ്രവര്‍ത്തിക്കുന്നത് അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജനപ്രതിനിധികള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്കൊപ്പം കൂട്ട്അഴിമതി നടത്തിയെന്ന് വ്യാപക പരാതിയായിരുന്നു. ഭരണ നേതൃത്വത്തിലുള്ളവരുടെ ചില പ്രസ്താവനകളില്‍ അള്ളിപ്പിടിച്ചു ഉദ്യോഗസ്ഥ പ്രഭുക്കള്‍ നടത്തിക്കൊണ്ടിരിരുന്ന പ്രവര്‍ത്തനങ്ങള്‍ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളെ പിറകോട്ടടുപ്പിച്ചിട്ടുണ്ട്. ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും കാരുണ്യത്തിന്മേല്‍ അവകാശം നേടിയെടുക്കാന്‍ വിധിക്കപ്പെട്ട സാധാരണ ജനം പെട്ടെന്ന് അധികാരം കൈയാളുന്നവരായി മാറിയപ്പോള്‍ നിയമസഭാ സാമാജികര്‍ക്ക് പോലും അത് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല.

പലയിടത്തും ജനകീയ പ്രവര്‍ത്തകര്‍ ഒഴിഞ്ഞുപോയി. നിരവധി പേരെ ഭരണ സമിതികള്‍ തന്നെ ഒഴിവാക്കി. പദ്ധതികളുടെ ഗുണമേന്മയെക്കുറിച്ചു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. നടത്തിപ്പിലെ സുതാര്യതയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. അഴിമതി വികേന്ദ്രീകരിക്കപ്പെട്ടു എന്ന ആക്ഷേപം വരെ ജനകീയാസൂത്രണ പദ്ധതിക്കെതിരേ ഉയര്‍ന്നു. പ്രതീക്ഷകള്‍ സഫലമാകാത്ത ഒരവസ്ഥയിലാണിപ്പോള്‍ ജനകീയാസൂത്രണ പദ്ധതിയുള്ളത്. രജത ജൂബിലി ആഘോഷിക്കുന്ന ഈ വേളയില്‍ തെറ്റുകളും പാളിച്ചകളും മനസിലാക്കി അഴിമതിക്കാരായ ജനപ്രതിനിധികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നത് തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സന്നദ്ധമാകണം. പല പഞ്ചായത്തുകളിലും നഗരസഭകളിലും ഭരണപക്ഷവും പ്രതിപക്ഷവും ഐക്യപ്പെട്ടാണ് അഴിമതി നടത്തുന്നത്. ഇതിലപ്പുറം എന്തുവേണം അധികാര വികേന്ദ്രീകരണത്തിനായി രൂപം കൊടുത്ത ജനകീയാസൂത്രണ പദ്ധതി തകരാന്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.