2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ജഡ്ജി നിയമനങ്ങളില്‍ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ഉടക്ക്


കൊളീജിയം സമ്പ്രദായത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ സുപ്രിംകോടതി ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ച് തള്ളിക്കളഞ്ഞതിന്റെ ചൊരുക്ക് കേന്ദ്ര സര്‍ക്കാരിന് ഇതുവരെയായിട്ടും മാറിയിട്ടില്ല. ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന്ന് കൊളീജിയം കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ച 77 പേരില്‍ 43 പേരുകള്‍ സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. 34 പേരുകള്‍ മാത്രമാണ് സ്വീകരിച്ചിരിക്കുന്നത്. കോടിക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്നത് പരിഹരിക്കാന്‍ ആവശ്യമായ ജഡ്ജിമാരെ നിയമിക്കണമെന്ന സുപ്രിംകോടതിയുടെ നിരന്തരമായ ആവശ്യത്തെ കേന്ദ്ര സര്‍ക്കാര്‍ യാതൊരു ദയാ ദാക്ഷിണ്യവുമില്ലാതെ നിരാകരിച്ചു പോരുകയാണ്. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കുന്നില്ലെങ്കില്‍ കോടതികള്‍ അടച്ചു പൂട്ടുകയാണ് ഭേദമെന്ന് കഴിഞ്ഞ മാസം അവസാനത്തില്‍ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ നല്‍കിയ പ്രസ്താവന സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസിന്റെ പ്രസ്താവനക്ക് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വരികയും ചെയ്തു. ഹൈക്കോടതി ജഡ്ജിമാരുടെ എണ്ണം 906 ല്‍ നിന്നും 1079 ആയി വര്‍ധിപ്പിച്ചെന്നും ഒഴിവുകളില്‍ അസാധാരണമായി ഒന്നുമില്ലെന്നും പറഞ്ഞാണ് സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ജഡ്ജിമാരുടെ 173 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ടി.എസ് താക്കൂറിനുള്ള മറുപടിയില്‍ വിശദീകരിച്ചിരുന്നുവെങ്കിലും അതെല്ലാം പൊതു സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടുവാനുള്ള തന്ത്രമായും സുപ്രിംകോടതിയുടെ നിലപാടിനെ തള്ളിക്കളയുന്നതിനുള്ള ഒഴിവ്കഴിവുമായിരുന്നു.
ഹൈക്കോടതി ജഡ്ജിമാരുടെ വാര്‍ഷിക നിയമനങ്ങളില്‍ 63 ശതമാനം വര്‍ധനവുണ്ടായതായും 121 അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരപ്പെടുത്തിയെന്നും 14 ചീഫ് ജസ്റ്റിസുമാരെ നിയമിച്ചുവെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് കൊണ്ടൊന്നും കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് കേസുകളുടെ കെട്ടഴിക്കാന്‍ പോലും പറ്റുകയില്ലെന്നതാണ് യാഥാര്‍ഥ്യം. സര്‍ക്കാരിന്റെ അവകാശ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ കൊളീജിയം സമര്‍പ്പിച്ച 73 പേരുകളില്‍ 43 ഉം തള്ളിക്കളഞ്ഞതിലൂടെ വ്യക്തമാണ്. ഈ പേരുകള്‍ തള്ളിക്കളഞ്ഞതിന്റെ കാരണമൊന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമില്ല. കോടതികളിലുണ്ടാകുന്ന ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താതെ നിലനിര്‍ത്തുന്നതിന്റെ പ്രധാന കാരണം സര്‍ക്കാര്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ സുപ്രിംകോടതി തള്ളിക്കളഞ്ഞതു കൊണ്ടുതന്നെയാണ്. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ജുഡീഷ്യല്‍ നിയമന കമ്മിഷനില്‍ മന്ത്രിമാരും  നിയമ വകുപ്പ് സെക്രട്ടറിമാരും രാഷ്ടീയ നേതാക്കളും അംഗങ്ങളായി വരുമ്പോള്‍ സര്‍ക്കാര്‍ എതിര്‍ കക്ഷിയായി വരുന്ന കേസുകളില്‍ സര്‍ക്കാരിന് അനുകൂലമായ നിലപാടുകള്‍ എടുക്കുമെന്നും ഇത് നീതി നിഷേധത്തിന് കാരണമാകുമെന്നും ഭരണ ഘടനയുടെ സത്തക്ക് യോചിച്ചതല്ല ഇതെന്നും അതിനാല്‍ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ എന്ന സംവിധാനം തള്ളിക്കളയേണ്ടതാണെന്നും സുപ്രിംകോടതി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താനായി കൊളീജിയം സമര്‍പ്പിക്കുന്ന പട്ടികകള്‍ പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍ മുട്ടാപ്പോക്ക് നയം തുടരുന്നത്.
ജഡ്ജി നിയമനങ്ങളില്‍ തീരുമാനം എടുക്കാത്ത സര്‍ക്കാര്‍ കോടതി മുറികളെ അടച്ചു പൂട്ടി നീതി നിര്‍വഹണത്തെ പുറത്തു നിര്‍ത്തിയിരിക്കുകയാണെന്ന് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശവും കഴിഞ്ഞ മാസം വന്നതാണ്. പക്ഷേ ഇതുകൊണ്ടൊന്നും കേന്ദ്രസര്‍ക്കാര്‍ ഇളകുന്ന മട്ടില്ല. അതാണ് കഴിഞ്ഞ ദിവസവും സര്‍ക്കാര്‍ കൊളീജിയത്തിന്റെ ശുപാര്‍ശകള്‍ തള്ളിക്കളഞ്ഞതില്‍ നിന്നും മനസ്സിലാകുന്നത്. ഒരോ കേസുകളിലും നീതിക്കുവേണ്ടി തുടിക്കുന്ന എത്രയോ മനുഷ്യരുടെ നെടുവീര്‍പ്പുകള്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല. നീതി നിര്‍വഹണത്തിലെ രാഷ്ട്രീയ ഇടപെടലുകള്‍ മതേതര ജനാധിപത്യ ഭരണ ക്രമത്തില്‍ ചെറുക്കപ്പെടേണ്ടതു തന്നെയാണ്. ആ ഉത്തരവാദിത്വം സുപ്രിംകോടതി നിര്‍വഹിക്കുന്നുവെന്നേയുള്ളു. ഇതിനെ തടയിടുവാനാണ് ഒരോ പ്രാവശ്യവും കൊളീജിയം സമര്‍പ്പിക്കുന്ന ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താതെ സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നുകൊണ്ടിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.