
കര്‍ശന സുരക്ഷയും സമയ നിയന്ത്രണവും
മക്ക: ഹജജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ജംറയിലെ കല്ലേറ് കര്‍മം പുരോഗമിക്കുന്നു ഇന്നലെ മുസ്ദലിഫയില്‍ രാപ്പാര്‍ത്ത ഹാജിമാര്‍ അവിടെനിന്നും കല്ലുകള്‍ ശേഖരിച്ചാണ് പുലര്‍ച്ചെ തന്നെ മിനായില്‍ തിരിച്ചെത്തിയത്.
ഇന്നലെ അറഫയിലെ പുണ്യ ഭൂമിയില്‍ നിന്ന് അല്ലാഹു പകര്‍ന്നു നല്കിയ പുതിയ കരുത്തിന്റെ പിന്‍ബലത്തില്‍ ഹാജിമാര്‍ സാത്താന്റെ പ്രതീകത്തിന് നേരെ ഇന്നു ആദ്യ കല്ലുകള്‍ എറിഞ്ഞു തുടങ്ങിയത്.
മലയാളികളടങ്ങുന്ന ഇന്ത്യന്‍ ഹാജിമാരും സ്വകാര്യ ഗ്രൂപ്പുകളിലുള്ളവരും ആദ്യ കല്ലേറ് കര്‍മം നിര്‍വഹിച്ചു.
ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ എല്ലാം ഇന്നു പുലര്‍ച്ചെയൊണ് മിനായിലെത്തിയത്. മത്വാഫിന്റെ ബസ്സുകളിലും മശാഇര്‍ മെട്രോ ട്രെയിനിലുമാണ് മിനയിലേക്ക് മടങ്ങിയത്. ഏറ്റവും വലിയ പ്രതീകമായ ജംറത്തുല്‍ അക്ബയില്‍ മാത്രമെ ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ ഇന്ന് കല്ലേര്‍ കര്‍മ്മം നടത്തിയത്.
കല്ലെറിയല്‍ കര്‍മം പൂര്‍ത്തിയാക്കിയ ശേഷം മുടി മുറിച്ച് ബലികര്‍മവും നടത്തി ഹാജിമാര്‍ മക്കയിലേക്ക് തിരിച്ചു. തുടര്‍ന്ന് കഅബാലയത്തെ അവസാനമായി പ്രദക്ഷിണം ചെയ്യുന്നതോടെ ഇത്തവണത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് പരിസമാപ്തിയാവും.
ഇതവണ കല്ലേറ് കര്‍മത്തിന് വന്‍ നിയന്ത്രണവും സുരക്ഷയുമാണ് സഊദി ഭരണകൂടം ഒരുക്കിയിട്ടുള്ളത്. തീര്‍ഥാടകരില്‍ ഭൂരിഭാഗവും മിനായിലെ ജമ്രകളില്‍ ഒരേ സമയം കല്ലേറ് കര്‍മം നിര്‍വഹിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകും എന്നതിനാലാണ് ഹജ്ജ് ഉംറ മന്ത്രാലയം പുതിയ സമയക്രമം നിര്‍ണയിച്ചത്.
ദുല്‍ഹജ്ജ് 12 ബുധനാഴ്ച വൈകീട്ടോടെയാണ് മിനായില്‍നിന്നുള്ള മടക്കം ആരംഭിക്കുക. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ ദുല്‍ഹജ്ജ് 13ന് വ്യാഴാഴ്ച കൂടി കുറച്ച് തീര്‍ഥാടകരെ മിനായില്‍ തന്നെ നിര്‍ത്താന്‍ ഇത്തവണ നിര്‍ദേശം നല്‍കിയിട്ടുണ്ട്.