2021 March 09 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചൊവ്വയിലേക്ക് നേരേ ചൊവ്വേ

ഗിഫു മേലാറ്റൂര്‍

ബഹിരാകാശരംഗത്തെ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിരുന്നു ചൊവ്വാഗ്രഹത്തിലേക്ക് അയച്ച ‘പാത്‌ഫൈന്‍ഡര്‍’ എന്ന ബഹിരാകാശപേടകത്തിന്റെ വിജയം. 1996 ഡിസംബറില്‍ നാസ വിക്ഷേപിച്ച ഈ പേടകത്തിന്റെ വേഗത മണിക്കൂറില്‍ 16,000 മൈല്‍ ആയിരുന്നു. ആരായിരുന്നു ഈ പേടകത്തിലുണ്ടായിരുന്നതെന്നോ? ഒരു യന്ത്രമനുഷ്യന്‍.
1997 ജൂലൈ 4 നായിരുന്നു പാത്‌ഫൈന്‍ഡര്‍ ചൊവ്വാഗ്രഹത്തിന്റെ ഉപരിതലത്തിലിറങ്ങിയത്.
ചൊവ്വാഗ്രഹം എന്നും മനുഷ്യനെ സംബന്ധിച്ച് ഒരു പ്രഹേളിക തന്നെയാണ്. ചൊവ്വയില്‍ ജീവനുണ്ടോയെന്നും പറക്കും തളികകളില്‍ ചൊവ്വാഗ്രഹ ജീവികള്‍ ഭൂമി സന്ദര്‍ശിക്കാറുണ്ടോയെന്നുമൊക്കെ രണ്ടാംലോകമഹായുദ്ധകാലത്തും അതിനു മുന്‍പും ശേഷവും ആളുകള്‍ ചര്‍ച്ച ചെയ്തിരുന്നു. റോമക്കാര്‍ക്ക് യുദ്ധദേവനായിരുന്നു ചൊവ്വ. റോമാ സാമ്രാജ്യാധിപനായ റോമിലസിന്റെയും റെമൂസിന്റെയും പിതാവു കൂടിയാണ് ചൊവ്വ. സൂര്യനില്‍നിന്ന് നാലാമതായി നില്‍ക്കുന്ന ഈ ഗ്രഹത്തിന്റെ വ്യാസം 6,794 കിലോമീറ്റര്‍ ആണ്.
‘ചുവപ്പുഗ്രഹം’ എന്നറിയപ്പെടുന്നു. ഭൂമിയില്‍നിന്ന് ചൊവ്വയിലേക്കുള്ള ഏകദേശ ദൂരം 5,60,00,000 കിലോമീറ്റര്‍ ആണെന്നാണു കണക്ക്. സൂര്യനില്‍നിന്ന് 22,79,00,000 കിലോമീറ്ററും.

അന്തരീക്ഷം

ചൊവ്വയില്‍ ജലാംശമുണ്ടോ എന്ന പരീക്ഷണം ശാസ്ത്രജ്ഞന്‍മാര്‍ ഇന്നും തുടരുന്നു. അന്തരീക്ഷമുണ്ടെങ്കിലും ചൊവ്വയിലെ അന്തരീക്ഷ മര്‍ദ്ദം ഭൂമിയിലുള്ളതിന്റെ ഒരു ശതമാനമേയുള്ളു. നീരാവിയുടെയോ ഐസിന്റെയോ രൂപത്തില്‍ ചൊവ്വയില്‍ ചെറിയ തോതിലെങ്കിലും ജലം ലഭ്യമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് അന്തരീക്ഷത്തില്‍ കൂടുതലായി നിറഞ്ഞു നില്‍ക്കുന്നത്. വളരെ ചെറിയ അളവില്‍ മാത്രമേ ഓക്‌സിജന്റെ സാന്നിധ്യമുള്ളൂ. ചൊവ്വയില്‍ കാണുന്ന വലിയ ചാലുകള്‍ എങ്ങനയുണ്ടായതാണ് എന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞന്‍മാര്‍ക്ക് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടുമില്ല.
ഭാവന
ചുവപ്പ് ഗ്രഹമായാണല്ലോ ചൊവ്വയെ പരിചയപ്പെടുത്തുന്നത്. ദൂരദര്‍ശിനിയില്‍ കൂടി കാണുമ്പോള്‍ ഉപരിതലം ചുവന്നപൊടി നിറഞ്ഞതാണ് ചൊവ്വ. ചൊവ്വയിലെ ഈ മണ്ണില്‍ സമ്പുഷ്ടമായി ഫെറിക് ഓക്‌സൈഡ് അടങ്ങിയിട്ടുണ്ട്. അഗ്നിപര്‍വതങ്ങളും ചൊവ്വയിലുള്ളതായി തെളിവുണ്ട്. രണ്ട് ഉപഗ്രഹങ്ങളാണ് ചൊവ്വയ്ക്ക്. ചൊവ്വയില്‍ ജീവനുണ്ടോയെന്ന സങ്കല്‍പം എത്രയോ ശാസ്ത്രസാഹിത്യകൃതികള്‍ക്കു കാരണമായിട്ടുണ്ടെന്നോ. അതുകൊണ്ടുതന്നെയായിരുന്നു ചൊവ്വയെക്കുറിച്ചുള്ള പരമാര്‍ഥമറിയാന്‍ നാസയും മറ്റും എന്നും പരിശ്രമിച്ചിരുന്നത്.

ചൊവ്വയുടെ ‘ചൊവ്വി’നെക്കുറിച്ച് പഠിക്കാന്‍ എത്രയോ പേടകങ്ങള്‍ അമേരിക്കയും സോവിയറ്റ് യൂണിയനും അയച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ‘പാത്‌ഫൈന്‍ഡര്‍’. ആരായിരുന്നു ഇതിലെ ഒരേയൊരു യാത്രക്കാരന്‍? സൊമജര്‍ണര്‍ എന്ന റോബോട്ട്. ചൊവ്വയെ സംബന്ധിച്ച വിലപ്പെട്ട പല വിവരങ്ങളും 16,500 ല്‍പ്പരം ചിത്രങ്ങളും ഈ വിരുതന്‍ ഭൂമിലേക്ക് അയച്ചിരുന്നു. 1996 ഡിസംബറില്‍ വിക്ഷേപിച്ച് 1997 ജൂലൈ 4 ന് ചൊവ്വയുടെ ഉപരിതലത്തിലിറങ്ങി ഒരു മാസം വരെ നന്നായി പ്രവര്‍ത്തിച്ചു. പിന്നീട് പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ഇന്നും പാത്‌ഫൈന്‍ഡര്‍ ചൊവ്വയില്‍ ഇറങ്ങിയിടത്തു തന്നെയുണ്ട്.

പഠനലക്ഷ്യം

ഒരു മനുഷ്യരൂപമൊന്നുമായിരുന്നില്ല പാത്‌ഫൈന്‍ഡര്‍. ഒറ്റ നോട്ടത്തില്‍ സൗരോര്‍ജ്ജ പാനല്‍ ഘടിപ്പിച്ച ആറു ചക്രങ്ങളുള്ള ഒരു കളിപ്പാട്ട വാഹനമാണെന്നേ കരുതുകയുള്ളു. മറ്റൊരു ഗ്രഹത്തില്‍ സഞ്ചരിക്കുന്ന മനുഷ്യനിര്‍മിതമായ ആദ്യത്തെ യന്ത്രസൃഷ്ടിയത്രെ ഇത്.
സങ്കീര്‍ണമായ അനേകം പഠനോപകരണങ്ങളുടെ സഹായത്തോടെ ചൊവ്വാഗ്രഹത്തിന്റെ നിഗൂഢതകളുടെ ചുരുളഴിക്കുവാനായി ‘നാസ’യുടെ ഈ സൃഷ്ടിക്കു സാധിച്ചു.
ത്രിമാന കാമറകളുടെ സഹായത്തോടെ പല ചിത്രങ്ങളും പാത്ത് ഫൈന്‍ഡര്‍ മാനവരാശിക്കു നല്‍കി. സൗരോര്‍ജം ഉപയോഗിച്ചാണിതിന്റെ പ്രവര്‍ത്തനം. വേഗതയാണെങ്കില്‍ മണിക്കൂറില്‍ 24 മീറ്റര്‍ മാത്രം. ആല്‍ഫ്രാ പ്രോട്ടോണ്‍ എക്‌സ്‌റേ സ്‌പെക്‌ട്രോമീറ്റര്‍ ഉപയോഗിച്ചുള്ള പഠനത്തിലൂടെ ചൊവ്വയിലെ പാറകളെപ്പറ്റിയും അതിലടങ്ങിയിരിക്കുന്ന പദാര്‍ഥങ്ങളെപ്പറ്റിയുമെല്ലാം പഠിക്കുകയായിരുന്നു സൊമജര്‍ണറിന്റെ ലക്ഷ്യം.

ഇനിയുമുണ്ട്
പേടകങ്ങള്‍

ചൊവ്വയെക്കുറിച്ച് കൂടുതലറിയാന്‍ വേറെയും പേടകങ്ങള്‍ അയച്ചിട്ടുണ്ട് എന്നു സൂചിപ്പിച്ചുവല്ലോ. അവ ഏതൊക്കെയെന്നു നോക്കൂ

=1964ല്‍ വിക്ഷേപിക്കപ്പെട്ട പേടകങ്ങളാണ് മറൈനര്‍ കകക, മറൈനര്‍ കഢ. കോസ്മിക് പൊടിപടലങ്ങള്‍, സൗരപ്ലാസ്മ എന്നിവയെക്കുറിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം.
= 1969 ല്‍ ചൊവ്വയുടെ ഉപരിതല പഠന ലക്ഷ്യവുമായി പറന്നവയായിരുന്നു മറൈനര്‍ ഢക, മറൈനര്‍ ഢകക എന്നിവ.
= മരുഭൂമികളെക്കുറിച്ച് പഠിക്കാന്‍ 1971 ല്‍ മറൈനര്‍ ഢകകക, കത.
=1975 ല്‍ വൈക്കിംഗ് ആണ് ആദ്യമായി ചൊവ്വയില്‍ കാലുകുത്തിയ പേടകം.
=വൈക്കിംഗ് ഒന്നിനു ശേഷം മാര്‍സ് ഒബ്‌സര്‍വര്‍-1992 ല്‍.
=1996-ല്‍ മാര്‍ക്ക് ഗ്ലോബല്‍ വെല്‍വേയര്‍.
=1998-ല്‍ മാര്‍സ് ക്ലൈമറ്റ് ഓര്‍ബിറ്റര്‍.
1999ല്‍ മാര്‍സ് പോളാര്‍ ലാന്‍ഡര്‍ കൂടാതെ മാര്‍സ് എക്‌സ്‌പ്ലൊറേഷന്‍, റോവര്‍ സ്പിരിറ്റ് ഓപ്പര്‍ച്യൂണിറ്റി, മാര്‍സ് റെക്കിനൈസേഷന്‍സ് ഓര്‍ബിറ്റര്‍ സയന്‍സ് ലാബ്, ഫിനിക്‌സ് മാര്‍സ് ലാന്‍ഡര്‍ എന്നിവയും.
=2001-ല്‍ ഒഡീസി മാര്‍സ് ഓര്‍ബിറ്റര്‍
=2003ല്‍ മാര്‍സ് എക്‌സ്പ്രസ്
=ഏറ്റവും അവസാനമായി ഇന്ത്യയുടെ മംഗള്‍യാനും ചൊവ്വയിലെത്തി.

മംഗള്‍യാന്‍

ഐ.എസ്.ആര്‍.ഒയുടെ 300 ദിവസദൗത്യത്തിലുള്ള മംഗള്‍യാന്‍ 2013 നവംബര്‍ 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ഉച്ചതിരിഞ്ഞ് 2.38 നാണ് വിക്ഷേപിക്കപ്പെട്ടത്.
450 കോടി രൂപ ചെലവില്‍ വിക്ഷേപിക്കപ്പെട്ട മംഗള്‍യാന്‍ രണ്ടായിരം ശാസ്ത്രജ്ഞരുടെ അശ്രാന്തപരിശ്രമത്തില്‍ 2014 സെപ്തംബര്‍ 24 ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി.
അന്യഗ്രഹജീവികളുടെ സങ്കേതം എന്നറിയപ്പെട്ട ഈ ചുവന്ന ഗ്രഹത്തിലേക്ക് രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പരിശ്രമിച്ച രാജ്യങ്ങളില്‍ നാലാമതായി മാറുകയായിരുന്നു മംഗള്‍യാന്‍ വഴി ഇന്ത്യ.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.