2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ചൈന-പാക്- താലിബാന്‍ അച്ചുതണ്ട് ഇന്ത്യ അതിജീവിക്കണം


അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാന്റെ നടപടി ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അവിടുത്തെ സ്ഥിതിഗതികള്‍ മറ്റു രാജ്യങ്ങളെപ്പോലെയല്ല ഇന്ത്യയെ ബാധിക്കുക. ഏഷ്യന്‍ വന്‍കരയിലെ ശക്തികളായ ചൈനയും ഇന്ത്യയും സ്വീകരിക്കുന്ന നയം ഇക്കാര്യത്തില്‍ ലോകരാഷ്ട്രങ്ങളുടെ തീരുമാനത്തെയും സ്വാധീനിക്കും. അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സൈന്യം പിന്‍മാറിയതിനു പിന്നാലെ, താലിബാന്‍ പ്രവിശ്യകള്‍ പിടിച്ചെടുത്ത് അതിവേഗം രാജ്യതലസ്ഥാനമായ കാബൂള്‍ കീഴടക്കുകയായിരുന്നു. അഫ്ഗാന്‍ സൈന്യത്തിന്റെ ചെറുത്തുനില്‍പ്പ് പോലും ഒരിടത്തും അവര്‍ നേരിടേണ്ടി വന്നില്ല. കഴിഞ്ഞ ദിവസം പ്രസിഡന്റ് അശ്‌റഫ് ഗനി രാജ്യം വിട്ടതിനു പിന്നാലെ അദ്ദേഹത്തിന്റെ ഓഫിസില്‍ താലിബാന്‍ സൈന്യം കയറി അഴിഞ്ഞാടി. ഇതോടെ താലിബാന്‍ അഫ്ഗാനില്‍ ആധിപത്യം ഉറപ്പിക്കുകയും രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.
നേരത്തെയും താലിബാന്‍ അഫ്ഗാന്‍ ഭരിച്ചിട്ടുണ്ടെങ്കിലും ഇത്തവണ താലിബാന് ലഭിക്കുന്ന രാഷ്ട്രീയപരിവേഷം ഭിന്നമാണ്. താലിബാനെ ഭീകരപട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ ചൈനയും റഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തയാറെടുക്കുകയാണ്. താലിബാന്‍ അഫ്ഗാനില്‍ ആക്രമണം ശക്തിപ്പെടുത്തിയതിനു പിന്നാലെ ചൈനയാണ് താലിബാനുമായി ചര്‍ച്ച നടത്തി ആദ്യം ആഗോള രാഷ്ട്രീയത്തില്‍ അവര്‍ക്ക് പുതുപരിവേഷം നല്‍കിയത്. ഭീകരരെന്ന പേര് പിന്നീട് പല രാജ്യങ്ങളും ഉച്ചത്തില്‍ പറയാതെയായി. ഇപ്പോള്‍ ഭീകരപട്ടികയില്‍നിന്ന് ഒഴിവാക്കാനും ആലോചിക്കുന്നു. ചൈനയുടെ താലിബാന്‍ കുടിലതന്ത്രം ഇന്ത്യയെക്കൂടി ലക്ഷ്യംവച്ചുള്ളതാണ്. മേഖലയിലെ വന്‍ശക്തിയായി സ്വയം വളരാന്‍ ഇന്ത്യയെ ഏതു മാര്‍ഗമുപയോഗിച്ചും തടയുക എന്ന തന്ത്രമാണ് അവരുടേത്. ഇതിനായി പാകിസ്താനുമായി നേരത്തെ സൗഹൃദം സ്ഥാപിച്ചിരുന്നു. അത്തരത്തിലുള്ള സൗഹൃദം തന്നെയാണ് ചൈന താലിബാനുമായി ഉദ്ദേശിക്കുന്നത്. ഇക്കാര്യം ചൈനീസ് ഭരണകൂടം ആവര്‍ത്തിക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാനു മേല്‍ ചൈനയും മറ്റും ആധിപത്യം സ്ഥാപിക്കുന്നതുമൂലം ഇന്ത്യയെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യം. പാകിസ്താനും വേണ്ടത് ഇതുതന്നെയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് അധിനിവേശത്തോടെ താലിബാനെ മാറ്റി പുതിയ സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോള്‍ തന്നെ ഇന്ത്യ അവിടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളികളായിരുന്നു. സ്‌കൂളുകളും അണക്കെട്ടുകളും വീടുകളും ഉള്‍പ്പെടെ ഇന്ത്യന്‍ നിര്‍മിതിയായി അഫ്ഗാനിലുണ്ട്. യുദ്ധത്തില്‍ നശിച്ച അഫ്ഗാന്റെ കണ്ണീരൊപ്പാന്‍ ആദ്യം മുന്നോട്ടുവന്നത് ഇന്ത്യയാണ്. അവിടുത്തെ ജനതയ്ക്ക് ഇന്ത്യയോട് കടപ്പാടുമുണ്ട്. അഫ്ഗാനിലെ രാഷ്ട്രീയനേതാക്കളില്‍ ചിലര്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ വന്നതും ആ പ്രതീക്ഷയിലാണ്. താലിബാന്‍ മുന്നേറ്റം പൊടുന്നനെ ആയതിനാല്‍ യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തങ്ങളുടെ പൗരന്മാരെയും നയതന്ത്ര പ്രതിനിധികളെയും രാജ്യത്തിനു പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ പ്രതിസന്ധി ഇന്ത്യയും നേരിടുന്നുണ്ട്. അഫ്ഗാനിലുള്ള നിരവധി ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരികയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ആദ്യ ദൗത്യം. ഇതിനിടെ വിദേശികളോട് താലിബാന്‍ അക്രമം കാണിക്കുന്നില്ലെന്നത് ആശ്വാസമാണ്.

ഇന്ത്യ അഫ്ഗാനില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ താലിബാന്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയുമായി സൗഹൃദത്തിനു തയാറാണെന്ന സൂചന അവര്‍ നല്‍കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അവരുടെ ഉദ്ദേശ്യശുദ്ധിയെ കൂടി കണക്കിലെടുക്കണം. താലിബാന് ഊര്‍ജം നല്‍കിയത് ഇത്തവണ ചൈനയാണ് എന്ന സാഹചര്യമാണ് അതില്‍ പ്രധാനം. പാക് മണ്ണില്‍ താലിബാന് വളരാന്‍ വേണ്ട സാഹചര്യം ഒരുക്കിയതിനാലാണ് ഇക്കാലമത്രയും ഇത്രയും വലിയ സായുധ ഗ്രൂപ്പിനു നിലനില്‍ക്കാനായത്. പാക് മണ്ണും ചൈനയുടെ ബുദ്ധിയും സഹായവും എല്ലാം താലിബാനു ലഭിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. യു.എസിന്റെ പിന്മാറ്റം പോലും സംശയകരമായ സാഹചര്യത്തില്‍, അഫ്ഗാനില്‍ നടന്നത് രാഷ്ട്രീയക്കളികള്‍ തന്നെയാണ്. താലിബാന്‍ രാജ്യം കീഴടക്കിയപ്പോഴും യു.എസ് സൈനികര്‍ക്ക് ആള്‍നാശമുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

തെക്കന്‍ ഏഷ്യയില്‍ മധ്യഭാഗത്തായി കുറുകെ കിടക്കുന്ന അഫ്ഗാനിസ്ഥാന്‍ പര്‍വതങ്ങള്‍ നിറഞ്ഞ പ്രദേശമാണ്. കിഴക്കും തെക്കും പാകിസ്താനുമായും തെക്കുപടിഞ്ഞാറ് ഇറാനുമായും വടക്ക് തുര്‍ക്‌മെനിസ്ഥാനും ഉസ്‌ബെകിസ്ഥാനും താജികിസ്ഥാനുമായും വടക്കുകിഴക്ക് ചൈനയുമായും അതിര്‍ത്തി പങ്കിടുന്നു. ചൈനയുടെ പട്ടുപാത കടന്നുപോകുന്ന സുപ്രധാന മേഖലയാണിത്. മിഡില്‍ ഈസ്റ്റ്, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കരമാര്‍ഗം പോകാന്‍ ഏഷ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് അഫ്ഗാന്‍ മുറിച്ചുകടക്കണം. 1980കളിലെ സോവിയറ്റ്-അഫ്ഗാന്‍ യുദ്ധത്തിനു ശേഷം 1996ല്‍ താലിബാന്‍ വിമതര്‍ക്കെതിരേ യുദ്ധം നടന്നു. താലിബാന്‍ അധികാരം പിടിച്ചെടുത്തു. പിന്നീട് 2001ലാണ് യു.എസ് അധിനിവേശത്തിലൂടെ താലിബാനെ പുറത്താക്കുന്നത്. തുടര്‍ന്ന് അധികാരത്തിലെത്തിയ ഹമീദ് കര്‍സായിയുടെ ഭരണകാലം മുതല്‍ 20 വര്‍ഷം ഇന്ത്യ നിരവധി പദ്ധതികളാണ് അഫ്ഗാനില്‍ നടത്തിയത്. ഇതു ചൈനയുടെയും പാകിസ്താന്റെയും താല്‍പര്യങ്ങള്‍ക്ക് എതിരായിരുന്നു. അഫ്ഗാനെ അധീനതയിലാക്കാനുള്ള അവരുടെ മോഹങ്ങള്‍ക്ക് ഇന്ത്യന്‍ സാന്നിധ്യം കരിനിഴല്‍ വീഴ്ത്തി. 20 വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 15നു താലിബാന്‍ ഭരണം തിരിച്ചുപിടിച്ചു. ഇന്ത്യ അഫ്ഗാനില്‍ നടത്തിയ പദ്ധതികള്‍ എങ്ങനെ സംരക്ഷിക്കുമെന്നതാണ് ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളിലൊന്ന്. ഇന്ത്യ-അഫ്ഗാന്‍ സൗഹൃദപദ്ധതികളിലെ സല്‍മ ഡാം, പാര്‍ലമെന്റ് കെട്ടിടം, ഊര്‍ജം, ആരോഗ്യം, ഹൈവേ തുടങ്ങിയ ഇന്ത്യന്‍ പദ്ധതികളുടെ ഭാവി താലിബാന്‍ ഭരണത്തില്‍ എന്താകുമെന്നത് ആശങ്കയാണ്.

അഫ്ഗാനിലൂടെയുള്ള വ്യാപാരം താലിബാന്‍ ഭരണത്തിലെത്തുന്നതോടെ പാകിസ്താന്‍ വഴിയാക്കേണ്ടിവരും. നേരത്തെ പാകിസ്താനെ മറികടക്കാന്‍ ഇറാനുമായും അഫ്ഗാനുമായും സഹകരിച്ച് നടപ്പാക്കിയ ഇന്ത്യയുടെ ചബഹാര്‍ തുറമുഖ പദ്ധതിയുടെ ഭാവിയും ആശങ്കയിലാണ്. വ്യാപാര മേഖലയിലെന്ന പോലെ ഇന്ത്യയുടെ സുപ്രധാന ആശങ്ക സുരക്ഷാകാര്യങ്ങളിലാണ്. ചൈനയും പാകിസ്താനും ഒപ്പം താലിബാനെയും നേരിടേണ്ട സ്ഥിതിയുണ്ടാകും. അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ മലനിരകളിലെ ഭീകരഗ്രൂപ്പുകളുടെ സാന്നിധ്യമാണ് മറ്റൊരു വെല്ലുവിളി. അഫ്ഗാന്റെ സഹായത്തോടെ അവരെ നേരിടാന്‍ നേരത്തെ ഇന്ത്യക്ക് കഴിയുമായിരുന്നുവെങ്കിലും താലിബാന്‍ നിയന്ത്രണത്തിലാകുന്നതോടെ അവര്‍ ഭീകരരെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ അതും തിരിച്ചടിയാകും. അഫ്ഗാനിലെ ഇന്ത്യന്‍ സാന്നിധ്യം പാകിസ്താനും ഒരു പരിധിവരെ ഭീഷണിയായിരുന്നു.

അഫ്ഗാന്‍ താലിബാന്റെ കൈകളിലേക്ക് പോകുന്നതോടെ പാകിസ്താനിലെ ഭീകരഗ്രൂപ്പുകള്‍ക്ക് അനുകൂല സ്ഥിതിയൊരുങ്ങുകയാണ്. യു.എസ് സേനാസാന്നിധ്യവും ഇല്ലാതാകുന്നത് പാകിസ്താനിലെ ഭീകരര്‍ക്ക് സഹായകമാണ്. ഉസാമ വേട്ടയിലടക്കം യു.എസ് സേനയ്ക്ക് സഹായമായത് അഫ്ഗാനിലെ സാന്നിധ്യമായിരുന്നു. താലിബാനുമായി ഇന്ത്യ ഏതുരീതിയിലുള്ള നയമാണ് സ്വീകരിക്കുകയെന്നത് വ്യക്തമല്ല. ചൈനയും റഷ്യയും ഇടപെടുന്ന സാഹചര്യത്തില്‍ ഇന്ത്യ നയം സ്വീകരിക്കുക എന്നത് സങ്കീര്‍ണതയുണ്ടാക്കും. രാജ്യത്തിന്റെ നിക്ഷേപവും സുരക്ഷയും സംരക്ഷിക്കുകയെന്ന വെല്ലുവിളിയാണ് ഇപ്പോള്‍ ഇന്ത്യക്കു മുന്നിലുള്ളത്. വിദേശനയങ്ങളില്‍ നെഹ്‌റുവിയന്‍ പാരമ്പര്യമുള്ള ഇന്ത്യ അയല്‍ക്കാരുടെ അച്ചുതണ്ടിനെയും അതിജീവിക്കുമെന്ന് പ്രത്യാശിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.