2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ചൈനയില്‍ വന്‍ ഭക്ഷ്യപ്രതിസന്ധി അതിര്‍ത്തി സംഘര്‍ഷം ജനശ്രദ്ധ തിരിക്കാന്‍

 

ബെയ്ജിങ്: ചൈന വന്‍ഭക്ഷ്യ പ്രതിസന്ധി നേരിടുന്നതായി രാജ്യാന്തര സാമ്പത്തിക വിദഗ്ധര്‍. ലോകത്തെ പല രാജ്യങ്ങളുമായും ചൈന അടിക്കടി ഭക്ഷ്യധാന്യ-ഭക്ഷോല്‍പന്ന കരാറില്‍ ഏര്‍പ്പെടുന്നത് ഇതിനാലാണെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു. കരാറുകളിലധികവും വന്‍തോതിലുള്ള ഭക്ഷ്യവിഭവ ഇടപാടുമായി ബന്ധപ്പെട്ടാണ്. ഭക്ഷ്യ പ്രതിസന്ധിയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അയല്‍രാജ്യങ്ങളുമായി അതിര്‍ത്തി പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും സീ ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു.
ചൈനയിലെ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഈവര്‍ഷം ജൂലൈയില്‍ 13.2 ശതമാനം വര്‍ധനവാണുണ്ടായത്. ദിനേന ജനങ്ങള്‍ ഉപയോഗിക്കുന്ന ഭക്ഷ്യോല്‍പന്നങ്ങളുടെ വിലയില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. മാംസ വിഭവങ്ങള്‍ക്കും വില കൂടി. ജനങ്ങള്‍ പതിവായി കഴിക്കുന്ന മാംസത്തിനും പന്നിയിറച്ചിക്കും വില 86 ശതമാനം വരെ കൂടിയതായി നാഷനല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തുന്നു.
യാങ്‌സീ നദിയില്‍ സമീപകാലത്തുണ്ടായ മഹാപ്രളയമാണ് രാജ്യത്തെ വന്‍ ഭക്ഷ്യക്ഷാമത്തിലെത്തിച്ചത്. കൂടാതെ വെട്ടുകിളിശല്യവും പ്രശ്‌നമായി. അടുത്തിടെ പ്രസിഡന്റ് ഷി ജിന്‍പിങ് ക്ലീന്‍ പ്ലേറ്റ് പ്രചാരണം നടത്തിയും ഭക്ഷ്യപ്രതിസന്ധി മുന്‍നിര്‍ത്തിയാണെന്ന് പറയപ്പെടുന്നു. 1959ലെ ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന് ചൈനയില്‍ ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണി മൂലം മരിച്ചിരുന്നു.
രാജ്യത്തെ അരിയുല്‍പാദനത്തിന്റെ 70 ശതമാനവും യാങ്‌സീ നദിയെ ആശ്രയിച്ചാണ്. 1939നു ശേഷമുള്ള മഹാപ്രളയമാണ് ഈവര്‍ഷം ഉണ്ടായത്. ദശലക്ഷക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയാണ് പ്രളയത്തില്‍ നശിച്ചത്. 1961നു ശേഷം 20 ശതമാനം കൂടുതല്‍ മഴ ഇത്തവണ ഉണ്ടായതാണ് പ്രളയം രൂക്ഷമാക്കിയത്.
പ്രതിസന്ധി മറികടക്കാനായി ലോകത്ത് ജനസംഖ്യയില്‍ മുന്നിലുള്ള രാജ്യമായ ചൈന കിട്ടാവുന്ന രാജ്യങ്ങളില്‍ നിന്നെല്ലാം വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ചൈന ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ടു പ്രകാരം ഈവര്‍ഷം പകുതി വരെ ഭക്ഷ്യധാന്യ ഇറക്കുമതിയില്‍ 22.7 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.
7.45 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ഈവര്‍ഷം ഇതുവരെ ഇറക്കുമതി ചെയ്തത്. മുന്‍ വര്‍ഷങ്ങളില്‍ സോയ ബീന്‍സിന്റെ വന്‍കിട ഉല്‍പാദകരായിരുന്ന ചൈന ഈവര്‍ഷം നാലുകോടി ടണ്‍ സോയയാണ് ഇറക്കുമതി ചെയ്തത്. അതും ചിരകാല വൈരികളായ യു.എസില്‍ നിന്നും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.