2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ചേർത്തുനിൽപ്പിൻ്റെ സൗന്ദര്യം

റശീദ് യമാനി ഓമശ്ശേരി

ആകർഷകമാവുക എന്നതാണ് സൗന്ദര്യത്തിന്റെ നിദാനം. ആകൃഷ്ടമായിരുന്നു പുണ്യനബിയുടെ ഓരോ ചലനനിശ്ചലനങ്ങളും. ഹിറാ ഗുഹയിൽനിന്ന് പകർന്ന ഇശ്ഖിൻ്റെ ചൂടേറ്റ് അനന്തമായി വളർന്ന ചേർത്തുനിൽപ്പിൻ്റെ മനോഹാരിതയാണ് അവിടുത്തെ പ്രത്യയശാസ്ത്രം. വിടവാങ്ങൽ – ഹജ്ജത്തുൽ വിദാഅ് – വേളയിൽ സംഗമിച്ച അനേകായിരം അനുയായിവൃന്ദങ്ങൾ സൂചിപ്പിക്കുന്നത് ആ സ്നേഹവലയത്തെ കുറിച്ചാണ്.

പകയിലും പടയിലും ആയുസൊടുക്കിയിരുന്ന ഒരു ജനതയെ പകരമില്ലാത്ത സ്നേഹ ലോകത്തിൻ്റെ വെളിച്ചവും തെളിച്ചവും നൽകി പാകപ്പെടുത്തിയതും അവിടുത്തെ സ്വഭാവ വൈശിഷ്ട്യം മാത്രമാണ്. ചേർന്നുനിൽക്കാൻ ഒരാൾപോലും ഇല്ലാതിരുന്ന അവസ്ഥാ വിശേഷത്തിൽനിന്ന് ചേർന്നുനിന്ന ഒരാൾപോലും – ഒരുനിമിഷം പോലും, അകന്നുനിൽക്കാൻ ഇഷ്ടപ്പെടാതിരുന്നത് ആ ജീവിതം സുകൃതങ്ങളാൽ സമ്പന്നവും സ്നേഹമസൃണവുമായതിനാൽ മാത്രമാണ്.

‘ഉത്തമ സ്വഭാവങ്ങളുടെ പൂർത്തീകരണത്തിനാണ് ഞാൻ നിയോഗിതനായത് ‘ എന്ന തിരുവചനം ആ ജീവിതത്തെ പൂർണാർഥത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. പകച്ചു പോയവരെയും പകയായി വന്നവരെയും ഒരുപോലെ ചേർത്തുനിർത്തി ഒരാളെയും വേദനിപ്പിക്കാതെയും ഒരാളുടെയും ഒന്നും കവരാതെയും ജയിച്ചടക്കിയ ആ പുണ്യവഴിയുടെ വിഹായസ് ഇന്നും ജ്വലിച്ചുനിൽക്കുകയാണ്.

മൂല്യച്യുതിയുടെ പുതിയ കാലത്ത് പുണ്യനബി ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ സംസ്ഥാപനം ചെയ്യുന്നതിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മതമൂല്യങ്ങളെയും സംസ്കാരിക ചിഹ്നങ്ങളെയും തിരസ്കരിക്കാൻ തിടുക്കപ്പെടുന്ന പുതുതലമുറ വലിയ ചോദ്യം ചിഹ്നം തന്നെയാണ്.
വസന്തങ്ങളുടെ പടിയിറക്കമാണ് പുണ്യനബിയുടെ വിടവാങ്ങൽ. നന്മയുടെ പുൽനാമ്പുകൾക്ക് തീപിടിപ്പിച്ച സുന്ദരകാലങ്ങളുടെ പരിസമാപ്തി. കാര്യണ്യ നിർധരിയുടെ ഒഴുക്ക് നിലച്ചുപോയ, സുകൃതവഴിയിലെ മനോഹാരിത നിന്നുപോയ ദിനം.
എങ്കിലും അവിടുന്ന് പകർന്നുതന്ന സുകൃതങ്ങളുടെ പേമാരി ഇന്നും അനുസ്യൂതം പെയ്തു കൊണ്ടേയിരിക്കുന്നു. ആ വസന്തം വിരുന്നുവന്ന ദിനം വീണ്ടും ആഗതമാകുമ്പോൾ നാം ഏറ്റെടുക്കേണ്ട ഒരു ബോധ്യമുണ്ട്, പുണ്യനബിയെ അനുധാവനം ചെയ്യലല്ലാതെ മറ്റൊന്നല്ലത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.