2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ചെസ് ഒളിംപ്യാഡ്: ഇന്ത്യ ബി ടീമിന് അഞ്ചാം ജയം

മഹാബലിപുരം • ചെസ് ഒളിംപ്യാഡില്‍ മിന്നും പ്രകടനം തുടര്‍ന്ന് ഇന്ത്യന്‍ ബി ടീം. സ്‌പെയിന്‍ താരം അലക്‌സി ഷിറോവിനെതിരെ ഇന്ത്യന്‍ പ്രതിഭ ഡി. ഗുകേഷ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ ബി ടീമിന് തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കാനും കഴിഞ്ഞു. ചെസ് ഒളിംപ്യാഡില്‍ ഓപ്പണ്‍ വിഭാഗത്തില്‍ 10 പോയിന്റുമായി ഇന്ത്യ ബി ടീമും അര്‍മീനിയയും മാത്രം മുന്നിലാണിപ്പോള്‍. തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ ഇന്ത്യന്‍ വനിതാ എ ടീമും 10 പോയിന്റുമായി മുന്നിലാണ്. യഥാക്രമം ഇന്ത്യ എ, ബി ടീമുകള്‍ക്കുവേണ്ടി കളിച്ച മലയാളി താരങ്ങളായ എസ്.എല്‍. നാരായണനും നിഹാല്‍ സരിനും എതിരാളികളോടു സമനില വഴങ്ങി.നാലാം സീഡായ സ്‌പെയിന് എതിരെയായിരുന്നു ഇന്ത്യ ബി ടീമിന്റെ വിജയം. ഇന്ത്യയ്ക്കു വേണ്ടി ഡി. ഗുകേഷും ബി അധിബനും വിജയം കണ്ടു. നിഹാല്‍ സരിന്‍ സമനില പാലിച്ചപ്പോള്‍ ആര്‍. പ്രഗ്‌നാനന്ദ തോല്‍വി വഴങ്ങി.

ഇന്നത്തെ മത്സരത്തോടെ ലൈവ് റേറ്റിങ്ങില്‍ ഇന്ത്യന്‍ താരങ്ങളില്‍ വിശ്വനാഥന്‍ ആനന്ദിനും പി.ഹരികൃഷ്ണയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു ഗുകേഷ്. അര്‍ജുന്‍ എരിഗാസിയുടെ വിജയത്തിന്റെ മികവില്‍ ഇന്ത്യ എ ടീം റുമേനിയയെ മറികടന്നു. ഇതുവരെ നാലു വിജയവും ഒരു സമനിലയുമായി ടീമിന് 9 പോയിന്റുണ്ട്. അഭിമന്യു പുരാണിക്കിന്റെയും എസ്.പി. സേതുരാമന്റെയും വിജയത്തിന്റെ മികവില്‍ ഇന്ത്യ സി ടീം ചിലെയെ തോല്‍പ്പിച്ചു.

തനിയ സച്‌ദേവ് വിജയം ആവര്‍ത്തിച്ചപ്പോള്‍ വനിതാ എ ടീം വീണ്ടും വിജയം നേടി. നേരത്തേ പോയിന്റ് നിലയില്‍ മുന്നിലായിരുന്ന വനിത ബി ടീം ജോര്‍ജിയയോടു തോറ്റു. ഇന്ത്യന്‍ വനിതകളുടെ സി ടീം ബ്രസീലിനോടു സമനില വഴങ്ങി.നോര്‍വേയ്ക്കു വേണ്ടി ലോക ചാംപ്യന്‍ മാഗ്‌നസ് കാള്‍സന്‍ അനായാസ വിജയം കണ്ടു. കഴിഞ്ഞ 2 റൗണ്ടുകളിലെ മോശം പ്രകടനം പഴങ്കഥയാക്കി നോര്‍വേ സാംബിയയെ തോല്‍പിച്ചു. വനിതകളില്‍ ജോര്‍ജിയ, റുമേനിയ ടീമുകളും ഇതുവരെയുള്ള എല്ലാ മത്സരങ്ങളും വിജയിച്ച് 10 പോയിന്റുമായി മുന്നിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.