2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചെമ്മീന്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ആഗോളതലത്തില്‍ ഗവേഷണ പദ്ധതി ഒരുങ്ങുന്നു

കൊച്ചി: വ്യാപകമായ തോതില്‍ പടരുന്ന വൈറസ് രോഗം മൂലം പ്രതിസന്ധിയിലായ ചെമ്മീന്‍ കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ആഗോളതലത്തില്‍ ഗവേഷണ പദ്ധതി തയാറാകുന്നു. കൃഷി ചെയ്‌തെടുക്കുന്ന ചെമ്മീനുകളിലെ രോഗബാധ നിയന്ത്രിക്കുന്നതില്‍ വഴിത്തിരിവായേക്കാവുന്ന നാല് രാജ്യങ്ങള്‍ സംയുക്തമായി നടത്തുന്ന ആഗോള ഗവേഷണ സംരംഭത്തില്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും പ്രധാന പങ്കാളിയാകും.
ഏഷ്യയിലെയും ആഫ്രിക്കയിലെയും ചെറുകിട ചെമ്മീന്‍ കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ, യു കെ, ബംഗ്ലാദേശ്, കെനിയ എന്നീ രാജ്യങ്ങളിലെ സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഗവേഷണ പദ്ധതിയിലാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ബയോടെക്‌നോളജി വകുപ്പ് പ്രധാന പങ്കാളിയായി കേരളത്തില്‍നിന്നും കുഫോസിനെ ഉള്‍പ്പെടുത്തിയത്. മൂന്നാം ലോക രാജ്യങ്ങളിലെ ദാരിദ്രനിര്‍മാര്‍ജനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ റിസര്‍ച്ച് പാര്‍ട്ണര്‍ഷിപ്പിന്റെ നേതൃത്വത്തിലാണ് ഗവേഷണ പദ്ധതി നടപ്പിലാക്കുന്നത്.
യു.കെയിലെ ബയോടെക്‌നോളജി ആന്‍ഡ് ബയോളജിക്കല്‍ സയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബി.ബി.എസ്.ആര്‍.സി), ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ബയോടെക്‌നോളജി വകുപ്പ് (ഡി.ബി.ടി), യു.കെ യിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ് (ഡി.എഫ്.ഐ.ഡി) എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. ചെമ്മീന്‍ കൃഷികളില്‍ നിലവില്‍ ഉപയോഗിച്ചു വരുന്ന രോഗനിവാരണ ഉല്‍പ്പന്നങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കുകയും ഗുണദോശ ഫലങ്ങള്‍ നിര്‍ണയിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രോഗം തടയുന്നതിന് പ്രാദേശികാടിസ്ഥാനത്തില്‍ കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും അനുകൂലമായ പുതിയതരം ചിലവ് കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും പദ്ധതി മുന്‍ഗണന നല്‍കും. രോഗബാധ തടയുകയെന്ന ലക്ഷ്യത്തോടെ ഉപയോഗിച്ചു വരുന്ന വിദേശനിര്‍മിത ഉല്‍പ്പന്നങ്ങളുടെ ഫലപ്രാപ്തി ഇതുവരെ ശാസ്ത്രീയമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. ഗവേഷണ പദ്ധതിയുടെ ഭാഗമായി ഇത്തരം ഉല്‍പ്പന്നങ്ങള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രയോജനകരമാണോ എന്ന് കണ്ടെത്തും. അവയുടെ ഫലപ്രാപ്തി, ചിലവ്, കര്‍ഷകര്‍ക്കുള്ള പ്രയോജനം എന്നിവ പഠനത്തിന് വിധേയമാക്കും.
പ്രാദേശികമായി കൂടുതല്‍ ഗുണം ചെയ്യുന്ന ചിലവ് കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ വികസിപ്പിക്കുകയും ചെയ്യും. ഇന്ത്യയില്‍ നിന്ന് കുഫോസിനെ കൂടാതെ, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്), കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്നിവയാണ് പദ്ധതിയിലെ മറ്റ് പങ്കാളികള്‍. സ്റ്റിര്‍ലിങ് സര്‍വകലാശാല, റോയല്‍ വെറ്ററിനറി കോളജ്, നോര്‍വിച്ച് ജോണ്‍ ഇന്‍സ് സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച്, ലിവര്‍പൂള്‍ സര്‍വകലാശാല, സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാല എന്നീ സ്ഥാപനങ്ങളാണ് യു.കെയില്‍ നിന്നുളള ഗവേഷണ സംരംഭത്തിലുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.