
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിന് മുന്നോടിയായി പുതിയ പരിശീലകനെ നിയമിച്ച് ചെന്നൈയിന് എഫ്.സി. ഹംഗറിക്കാരനായ സാബ ലാസ്ലോയാണ് പുതിയ സീസണില്‍ ചെന്നൈയിന് തന്ത്രം പഠിപ്പിക്കുക. 56കാരനായ സാബ ആദ്യമായാണ് ഏഷ്യയില്‍ നിന്നുള്ള ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്. എട്ട് രാജ്യങ്ങളിലെ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള സാബ ഉഗാണ്ട, ലിത്വാനിയ എന്നീ രാജ്യങ്ങളുടെ ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.
2005ല്‍ ഹംഗേറിയന്‍ ക്ലബ്ബ് ഫെറിന്കാറോസിയുടെ പരിശീലകനായിരുന്ന സാബ ആ വര്‍ഷത്തെ ഹംഗറിയിലെ മികച്ച പരിശീലകനുള്ള പുരസ്കാരത്തിന് അര്‍ഹനായിരുന്നു. 2006ല്‍ ഉഗാണ്ടയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത സാബ 2008വരെ അവിടെ തുടര്‍ന്നു.
സാബ പരിശീലകസ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഫിഫ റാങ്കിങ്ങില്‍ 167ാം സ്ഥാനത്തായിരുന്ന ഉഗാണ്ടയെ 97ാം സ്ഥാനത്തേക്കെത്തിച്ചായിരുന്നു അദ്ദേഹം പടിയിറങ്ങിയത്. ബെല്‍ജിയം,സ്ലോവാക്യ,സ്കോട്ലന്ഡ് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. റോമാനിയന്‍ ക്ലബ്ബിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞാണ് അദ്ദേഹം ചെന്നൈയിന് എഫ്സിയിലേക്കെത്തിയത്.